കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 20.46 ശതമാനം വളർച്ചയോടെ 84.48 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ലെ സമാനപാദത്തിൽ ലാഭം 70.13 കോടി രൂപയായിരുന്നു. റിക്കവറിയിലെ നേട്ടവും വായ്‌പകളിലുണ്ടായ വളർച്ചയുമാണ് ലാഭവർദ്ധനയ്ക്ക് കാരണമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പറഞ്ഞു.
പ്രവർത്തന ലാഭം 309.78 കോടി രൂപയിൽ നിന്ന് 32.82 ശതമാനം വർദ്ധിച്ച് 411.45 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 1.46 ലക്ഷം കോടി രൂപയാണ്. വർദ്ധന 11 ശതമാനം (14,543 കോടി രൂപ) വർദ്ധന. നിക്ഷേപം 82,947 കോടി രൂപയും വായ്‌പകൾ 63,920 കോടി രൂപയുമാണ്. അറ്റ പലിശ വരുമാനം 15.37 ശതമാനം വർദ്ധിച്ച് 584 കോടി രൂപയായി. പ്രവർത്തനേതര വരുമാനം 57.84 ശതമാനം ഉയർന്ന് 249 കോടി രൂപയിലുമെത്തി.
റീട്ടെയിൽ വായ്‌പകൾ കഴിഞ്ഞ പാദത്തിൽ 20.07 ശതമാനം വളർച്ച നേടി. കാർഷിക വായ്‌പ 19.58 ശതമാനം വർദ്ധിച്ച് 9,431 കോടി രൂപയും എം.എസ്.എം.ഇ വായ്‌പ 16.46 ശതമാനം ഉയർന്ന് 15,508 കോടി രൂപയും ഭവന വായ്‌പ 25.34 ശതമാനം വർദ്ധിച്ച് 5,075 കോടി രൂപയുമായി. സ്വർണവായ്‌പ 6,754 കോടി രൂപയായും വർദ്ധിച്ചു. 38.03 ശതമാനമാണ് വളർച്ച. വാഹന വായ്‌പ 23.86 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയിലുമെത്തി.
സേവിംഗ്സ് നിക്ഷേപത്തിൽ 11.19 ശതമാനം, കറന്റ് നിക്ഷേപത്തിൽ 16.76 ശതമാനം, കാസയിൽ 12.11 ശതമാനം, എൻ.ആർ.ഐ നിക്ഷേപത്തിൽ 10.84 ശതമാനം എന്നിങ്ങനെയും വളർന്നു. 870 ശാഖകളും 52 എക്‌സ്‌റ്റൻഷൻ കൗണ്ടറുകളും 1,396 എ.ടി.എമ്മുകളുമാണ് ബാങ്കിനുള്ളത്. ചെയർമാൻ സലിം ഗംഗാധരനും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
4.92%
കഴിഞ്ഞ പാദത്തിൽ മൊത്തം നിഷ്‌ക്രിയ ആസ്‌തി 4.96 ശതമാനത്തിൽ നിന്ന് 4.92 ശതമാനമായി താഴ്‌ന്നത് ബാങ്കിന് നേട്ടമായി. അതേസമയം, അറ്റ നിഷ്‌ക്രിയ ആസ്‌തി 3.41 ശതമാനത്തിൽ നിന്ന് 3.48 ശതമാനമായി ഉയർന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷനിംഗ്) 205 കോടി രൂപയിൽ നിന്നുയർന്ന് 306 കോടി രൂപയായി.
₹500 കോടി
സമാഹരിക്കും
നടപ്പുവർഷം ടിയർ-2 ബോണ്ടുകളിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ഡയറക്‌ടർ ബോർഡിന്റെ അനുമതിയുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പറഞ്ഞു. മൊത്തം ഓഹരികളിലേക്ക് 20 കോടി ഓഹരികൾ കൂടി (ഷെയർ ഡൈല്യൂഷൻ) ചേർക്കുന്നതും അവകാശ ഓഹരി വില്‌പനയും (റൈറ്റ്‌സ് ഇഷ്യൂ) പരിഗണനയിലുണ്ട്.
റീട്ടെയിൽ വായ്‌പകൾ
റിപ്പോ അധിഷ്‌ഠിതം
റിസർവ് ബാങ്കിന്റെ നിർദേശാനുസരണം പുതിയ റീട്ടെയിൽ വായ്‌പകൾ സൗത്ത് ഇന്ത്യൻ ബാങ്ക് റിപ്പോ ഉൾപ്പെടുന്ന എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ അനുവദിച്ച ഇളവ്, ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് വി.ജി. മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |