
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അദ്ധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ഇന്നലെ രാവിലെ ആറിനായിരുന്നു അന്ത്യം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണ സമയത്ത് മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) ആക്ടിംഗ് ചെയർമാനുമായ താരിഖ് റഹ്മാനും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിലെ സിയ ഉദ്യാനിൽ നടക്കും. ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഭർത്താവുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിന് സമീപം പൂർണ ബഹുമതികളോടെയാകും സംസ്‌കാരം. രാജ്യത്ത് ഇന്ന് അവധിയും മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ബംഗ്ലാദേശ്, യു.കെ, യു.എസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബർ ആദ്യം ചികിത്സയ്‌ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞില്ല. 1991ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. പിന്നീട് രണ്ടു തവണ കൂടി പ്രധാനമന്ത്രിയായി.
അഴിമതിക്കേസിൽ 2018ൽ ശിക്ഷിക്കപ്പെട്ടു. വിദ്യാർത്ഥി യുവനജ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെ തുടർന്നാണ് ജയിൽ മോചിതയായത്. നാല് പതിറ്റാണ്ട് ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായ ഖാലിദ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായിരുന്നു. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും.
പ്രസിഡന്റിന്റെ അധികാരം ഇല്ലാതാക്കിയ പ്രധാനമന്ത്രി
വ്യാപാരിയായ ഇസ്‌കന്ദർ അലി മജൂംദാറിന്റെയും തയേബ മജൂംദാറിന്റെയും മകളായി 1945ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജൽപായ്ഗുരിയിലായിരുന്നു (ഇന്നത്തെ പശ്ചിമബംഗാളിന്റെ ഭാഗം) ഖാലിദയുടെ ജനനം. 1947ലെ വിഭജനത്തിനുശേഷം ഖാലിദയുടെ കുടുംബം കിഴക്കൻ പാകിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) മാറി. തുടർന്ന് ദിനാജ്പുർ ഗേൾസ് സ്‌കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായി.1960ൽ പാക് സൈന്യത്തിൽ ക്യാപ്ടനായിരുന്ന സിയാവുർ റഹ്മാനെ വിവാഹം ചെയ്തു. 1971ൽ ബംഗ്ലാദേശ് വിമോചന സമരത്തിൽ പ്രധാനിയായിരുന്നു സിയാവുർ. ബി.എൻ.പിയുടെ പ്രഥമ അദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.1980 മേയ് 30ന് സിയാവുർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബി.എൻ.പിയെ ഖാലിദ നയിച്ചത്. 1984ൽ പാർട്ടി അദ്ധ്യക്ഷയായി. 1991ലെ തിരഞ്ഞെടുപ്പിൽ 1140 സീറ്റുകളിൽ വിജയിച്ചു. 1991 മാർച്ച് 20ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. പ്രസിഡന്റിന്റെ പരമാധികാരം പ്രധാനമന്ത്രിയിലേക്ക് മാറ്റിയത് ഖാലിദയായിരുന്നു. ഇതിനായി 1991ൽ പാർലമെന്റിൽ നിയമ ഭേദഗതി കൊണ്ടുവന്നു. പിന്നീട് 1996ലും 1999ലും പ്രധാനമന്ത്രിയായി.
അതീവ ദുഃഖം. അവരുടെ കുടുംബത്തോടും ബംഗ്ലാദേശ് ജനതയോടും അനുശോചനം അറിയിക്കുന്നു. ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യയുമായുള്ള ബന്ധത്തിനും അവർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.
- പ്രധാനമന്ത്രി നരേന്ദ്രമോദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |