തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി യു.ഡി.എഫ് കൺവീനറെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഇത് സമുദായ നേതാക്കൾ തന്നെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ് തമ്മിലടിക്കുന്ന മുന്നണിയായി മാറി. അത് മനസിലാക്കിയാണ്, യു.ഡി.എഫിന് ജീവൻ കൊടുക്കാനായി കൺവീനറെപ്പോലെ സുകുമാരൻ നായർ പ്രവർത്തിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കൊടുക്കണമെന്ന് ആദ്യമേ നിലപാട് സ്വീകരിച്ചത് സി.പി.എമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.
വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി എൻ.എസ്.എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ ഇടത് മുന്നണിക്ക് അതൃപ്തിയുണ്ട്. വട്ടിയൂർക്കാവിൽ സമുദായം പറഞ്ഞ് വീടുകൾ കയറി വോട്ട് ചോദിച്ച സാമുദായിക സംഘടനകൾക്കെതിരെ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അതേസമയം, ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ച് കലാപ ഭൂമിയാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി ദിവസങ്ങൾക്ക് മുമ്പ് ജി.സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ സവർണ, അവർണ ജാതികൾക്കിടയിൽ വേർതിരിവുണ്ടാക്കി സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്നായിരുന്നു സുകുമാരൻ നായരുടെ ആരോപണം. ചങ്ങനാശേരിയിൽ വച്ച് നടന്ന 'വിജയദശമി നായർ സമ്മേളന'ത്തിൽ പ്രസംഗിക്കവേയായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |