നിർമ്മാതാവ് ജോബി ജോർജിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രണ്ട് ദിവസം മുമ്പാണ് യുവതാരം ഷെയ്ൻ നിഗം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത്. ഇതിന് പിന്നാലെ ഷെയ്‌നിന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോനുൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.
അത്തരത്തിൽ പിന്തുണ നൽകിയവരുടെ കൂട്ടത്തിൽ സംവിധായകൻ മേജർ രവിയും ഉണ്ടായിരുന്നു. അന്തരിച്ച അബിയുടെ മകൻ ഷെയ്ൻ നിഗത്തെ വേദനിപ്പിക്കുന്നവർ അവൻ കഠിന പ്രയത്നത്തിലൂടെയാണ് മുന്നേറിയതെന്ന് മനസിലാക്കണമെന്നും, കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മേജർ രവി പ്രതികരിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നിർമ്മാതാവ് ജോബി ജോർജ് സംഭവത്തിൽ വിശദീകരണവുമായി പത്രസമ്മേളനത്തിലൂടെ രംഗത്തെത്തി. താൻ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ ഷെയ്നെതിരെ ഒരൽപം വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി.
'ഷെയ്ൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. നിർമ്മാതാവായ മിസ്റ്റർ ജോബിയുടെ വാർത്തസമ്മേളനം കണ്ടു. അതിലൂടെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള സത്യങ്ങൾ മനസിലാക്കി. ഷെയ്ൻ ഒരു പുതുമുഖം എന്ന നിലയിൽ ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങൾ കുറച്ച് അച്ചടക്കം പാലിക്കുകയും നിങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും വേണം. അതിനാൽ ദയവായി ഒരു നല്ല ആൺകുട്ടിയായി, നിങ്ങൾ വാക്ക് കൊടുത്തത് പോലെ ജോബിയുടെ സിനിമ പൂർത്തിയാക്കുക. അതുവഴി നിങ്ങൾക്ക് ഇതുപോലുള്ള പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയും...വാക്കുകളിൽ ഉറച്ച് നിൽക്കുക... നിങ്ങൾ പ്രതിജ്ഞാബന്ധനായിരിക്കുന്നിടത്തോളം കാലം ഞാൻ നിങ്ങളെ പിന്തുണയ്ക്കും'- മേജർ രവി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |