
കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര തോട്ടങ്ങളിൽ ടൺകണക്കിന് കശുമാങ്ങ മണ്ണിൽ വീണ് അഴുകി, ദുർഗന്ധം വമിക്കുന്ന ഒരു ദൃശ്യം. ഈ കശുമാങ്ങ ശേഖരിക്കാൻ ആരുമില്ല. ഇത് സംസ്‌കരിക്കാൻ ഒരു ഫാക്ടറിയില്ല. ഇതിൽ നിന്ന് ഉത്പ്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ ഒരു സംവിധാനവുമില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പ്പാദിപ്പിക്കുന്ന ജില്ല കണ്ണൂർ ആണ്. പെരിങ്ങോം, കൊട്ടിയൂർ, ഇരിക്കൂർ, ആലക്കോട്, കേളകം, ശ്രീകണ്ഠപുരം, ചെറുപുഴ ഇങ്ങനെ നിരവധി മലയോര ഗ്രാമങ്ങൾ കശുഅണ്ടി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർ. കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾ മൊത്തമായി ഏക്കറുകണക്കിന് കശുമാവ് തോട്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. ആകെ 36,000 ടൺ കശുവണ്ടി ഉത്പ്പാദിക്കപ്പെടുന്ന ഒരു സംസ്ഥാനത്ത്, ഒരോ കശുവണ്ടിക്കൊപ്പം ഒരു കശുമാങ്ങ ഉണ്ടാകും, ആ മാങ്ങ കശുഅണ്ടിയുടെ ഭാരത്തിന്റെ ഏകദേശം 8 ഇരട്ടി ഭാരമുള്ളതുമായിരിക്കും. അതായത്, 2.5 ലക്ഷം ടണ്ണിലേറെ കശുമാങ്ങ ഓരോ വർഷവും ഈ നാട്ടിൽ ഉത്പ്പാദിക്കപ്പെടുന്നുണ്ട്. ഇതൊക്കെ ചിഞ്ഞു നശിക്കുകയാണ്.
ഒരു സീസൺ, ഒരു ദുരന്തം
ഡിസംബർ മുതൽ മേയ് വരെ. ഇതാണ് കശുഅണ്ടി, കശുമാങ്ങ സീസൺ. ഈ ആറ് മാസം കൊണ്ട് ഒരു ജില്ലയ്ക്ക് ലഭ്യമാകുന്ന കശുമാങ്ങ ഒരു ദൈനംദിന ഉത്പ്പന്ന ഫാക്ടറിക്ക് ഒരു ദശകത്തോളം കച്ചവടം ചെയ്യാൻ ആവശ്യമായ അസംസ്‌കൃത വസ്തുവാണ്. ഈ സീസണിൽ കശുഅണ്ടിക്ക് കിലോഗ്രാമിന് 162 രൂപ ലഭിക്കുന്നതായി കർഷകർ പറയുന്നു. ഇത്തവണ കശുഅണ്ടി,കശുമാങ്ങ സംഭരണം നടക്കാത്തതിനാൽ കർഷക സ്വപ്നങ്ങൾക്ക് കരിനിഴൽ വീണു. ഇത്തവണ സീസൺ തുടക്കത്തിലേ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിച്ചതുമില്ല. ചിലയിടങ്ങളിൽ വ്യാജവാറ്റിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല.
പാഴായ വാഗ്ദാനം
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാൻ മുമ്പ് സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്‌ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റു വിവിധ ഉൽപ്പന്നങ്ങൾ എന്നിവ തയ്യാറാക്കി കുടുംബശ്രീ വഴിയും മറ്റും വിൽപ്പന നടത്താനായിരുന്നു തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്‌കരണ കേന്ദ്രങ്ങളും ഉത്പ്പന്ന നിർമ്മാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.
ഫെനി: ചോദ്യത്തിന് പ്രായം ഒരു ദശകം
2016ൽ ഒരു ആശയം ജനിച്ചു. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമത്തിൽ, ഒരു സഹകരണ ബാങ്ക് ഒരു ചോദ്യം ഉയർത്തി: 'ഗോവയിൽ കശുമാങ്ങ ഫെനി ഉത്പ്പാദിക്കുന്നു. കേരളത്തിൽ, ഇതേ ഫലം കൊണ്ട്, ഇതേ കർഷകർ കൊണ്ട്, ഇതേ ആദായം ഉണ്ടാക്കിക്കൂടേ?" കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2016ൽ ആണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. ഇതിനെ തുടർന്ന് 2022ൽ സർക്കാർ പദ്ധതി അംഗീകരിച്ചിരുന്നു.
നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടർ നടപടികൾക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂർ സഹകരണ സംഘം. പദ്ധതിക്ക് എക്‌സൈസ് അനുമതി ഉടൻ ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബർ മുതൽ മേയ് വരെയാണ് കശുമാങ്ങ സീസൺ. ഇക്കഴിഞ്ഞ ഡിസംബറോടെ ഉത്പ്പാദനം ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബാങ്ക് പ്രകടിപ്പിച്ചിരുന്നു. എന്നാൽ നടന്നില്ല. ഫെനി ആശയത്തിന് പിന്നിലുള്ള ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി 35 വർഷത്തോളം ഈ ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഗോവയിൽ നിന്ന് 'തലയ്ക്ക് പിടിച്ച" ആശയമായിരുന്നു അത്. കേരളത്തിൽ ടൂറിസം മേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. വിദേശികൾക്ക് ഗോവൻ ഫെനിയോട് പ്രത്യേക താത്പ്പര്യമുണ്ട് എന്നാലോ ഒരൊറ്റ കുപ്പി 'കണ്ണൂർ ഫെനി" ഇതുവരെ ഒരു ഉണ്ടായിട്ടില്ല. ഗോവ 1988ൽ ഫെനിക്ക് ഭൂമിശാസ്ത്ര സൂചിക ലഭ്യമാക്കി. ഗോവൻ ടൂറിസ്റ്റ് ഇക്കോണമിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി ഫെനി. കേരളം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
ഇതര സംസ്ഥാനങ്ങൾ മാതൃക
ഇതരസംസ്ഥാനങ്ങളിൽ കർഷകരെ സഹായിക്കുന്നതിന് കശുമാങ്ങ സംസ്‌കരിച്ച് ജ്യൂസ്, ജാം, കാഷ്യൂ കേക്ക്, ഫെനി, കാൻഡി തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് സംസ്‌കരണ യൂണിറ്റുകൾ ഉള്ളപ്പോൾ കേരളത്തിലെ ഭൂരിഭാഗം കർഷകർക്കും ഇവ തീർത്തും അന്യമാണ്. ഒഡീഷയിൽ ഓരോ ജില്ലയ്ക്കും കശുമാങ്ങ ക്ലസ്റ്റർ ഫ്ളോചാർട്ട്, ഗ്രാമ തലത്തിൽ ശേഖരണം, ബ്ലോക്ക് തലത്തിൽ പ്രോസസ്സിങ്, ജില്ലാ ബ്രാൻഡ് ലേബൽ, ഓൺലൈൻ വിൽപ്പന എന്നിങ്ങനെയുണ്ട്. ഗോവയിൽ ഫെനി ഒരു ദേശീയ ഐക്കൺ ആയി. ടൂറിസ്റ്റ് ഷോപ്പിങ് ലിസ്റ്റിൽ ഗോവ ഫെനി ഒഴിച്ചുകൂടാനാകാത്ത ഇനമായി. .
ആന്ധ്രയിൽ കശുമാങ്ങ ജ്യൂസ് ഒരു കൃഷിഭക്ഷ്യ വ്യവസായ ശൃംഖലയുടെ ഭാഗമാണ്.
കശുവണ്ടി മേഖല
കശുവണ്ടി ഫാക്ടറി കേരളത്തിന്, പ്രത്യേകിച്ച് കൊല്ലം ജില്ലയ്ക്ക് ഒരു ഐഡന്റിറ്റിയാണ്. അതേ സമയം ഫാക്ടറികൾ ഭൂരിഭാഗവും പൂട്ടിക്കിടക്കുകയാണ്. ഇവിടെ തൊഴിലെടുത്ത് ഉപജീവനം കണ്ടെത്തിയിരുന്ന തൊഴിലാളികൾ നിലവിൽ പ്രതിസന്ധി നേരിടുന്നു. കശുമാങ്ങ പ്രോസസ്സിങ് യൂണിറ്റുകൾ ഗ്രാമതലത്തിൽ സ്ഥാപിച്ചാൽ, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താം.
സാധ്യതകൾ
കശുമാങ്ങ ജ്യൂസ് വിറ്റാമിൻ സിയുടെ കലവറ
ആരോഗ്യ പാനീയ ബ്രാൻഡ്
സ്‌ക്വാഷ് അന്താരാഷ്ട്ര ആഭ്യന്തര വിൽപന
ഫെനി ടൂറിസം മേഖലയിൽ സാദ്ധ്യത
ജാം, ഫ്രൂട്ട് ബാർ ദൈനംദിന ഉത്പ്പന്നം
കശുമാങ്ങ അച്ചാർ പരമ്പരാഗത ഉത്പ്പന്നം;
ഡ്രൈഡ് കശുമാങ്ങ സ്ലൈസ് ഗ്ലോബൽ ഓർഗാനിക് സ്നാക്ക്
കശുമാങ്ങ വിനാഗിരി ഭക്ഷ്യഔഷധ ഉത്പ്പന്നം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.