
ജനങ്ങളുമായി നിത്യസമ്പർക്കം പുലർത്തുന്ന സർക്കാരിന്റെ പ്രധാന വകുപ്പുകളിൽ ഒന്നാണ് കെ.എസ്.ആർ.ടി.സി. അതിനാൽ അതിൽ ജോലിചെയ്യുന്നവരുടെ ഒരു ചെറിയ പിഴവ് പോലും വലിയ പരാതിക്ക് ഇടയാക്കും. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ വകുപ്പുതന്നെ പിടികൂടിയിട്ടുള്ളതാണ്. ഇങ്ങനെ കൃത്യവിലോപം കാട്ടുന്നവർ താത്‌കാലികക്കാരാണെങ്കിൽ അവരെ തത്‌കാലം മാറ്റിനിറുത്തും. സ്ഥിരം ജോലിക്കാരാണെങ്കിൽ യൂണിയന്റെ ഇടപെടൽ കാരണം വലിയ നടപടിയൊന്നും ഉണ്ടാകാറില്ല. ജനങ്ങളോട് നല്ലതുപോലെ ഇടപെടുന്നവരാണ് ഭൂരിപക്ഷം ജീവനക്കാരും. എന്നാൽ ചിലരുടെ പെരുമാറ്റം കെ.എസ്.ആർ.ടി.സിക്ക് വലിയ പേരുദോഷം വരുത്തിവയ്ക്കുന്നതാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്നത്. കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സിൽ കയറിപ്പറ്റാൻ ഒരു യാത്രക്കാരന് ബൈക്കിലും കാറിലുമായി ബസിനെ പിന്തുടരേണ്ടിവന്നത് 35 കിലോമീറ്ററാണ്!
ജോലി സംബന്ധമായ അഭിമുഖത്തിന് തിരുവനന്തപുരത്ത് എത്തേണ്ട യാത്രക്കാരനാണ് ബൈക്കിലും പിന്നീഴ് വഴിയിൽ നിന്ന് ടാക്‌സി പിടിച്ചും മത്സരയോട്ടം നടത്തി ബസിൽ കയറേണ്ടിവന്നത്. ജനുവരി 18-ന് നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരനാണ് ഈ ദുരനുഭവം! ബസിന് തൊട്ടുപിന്നാലെ എത്തിയെങ്കിലും പിന്തുടർന്നിട്ട് കാര്യമില്ലെന്നും, ബസ് തടഞ്ഞുനിറുത്തിയാൽ കയറ്റാമെന്നുമാണ് ഫോണിലൂടെ കണ്ടക്ടർ പറഞ്ഞതെന്നാണ് യാത്രക്കാരൻ പിന്നീട് നൽകിയ പരാതിയിൽ പറയുന്നത്. ജോലിയിൽ ചട്ടങ്ങൾ മാത്രമല്ല, മനുഷ്യത്വപരമായ ചില സമീപനങ്ങളും പുലർത്തണം. ഇതൊന്നും ഒരു ചട്ടത്തിലും എഴുതിവയ്ക്കാൻ പറ്റുന്നതല്ല. പിന്നാലെ വന്ന് വിളിക്കുന്നവർക്ക് ബസ് നിറുത്താൻ ചട്ടമില്ലെന്ന നിലപാടിൽ പിടിച്ചാണ് കണ്ടക്ടർ ബസ് നിറുത്താതിരുന്നത്. ബസ്, സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾത്തന്നെ യാത്രക്കാരൻ മറ്റൊരാളുടെ ബൈക്കിൽ സ്റ്റാൻഡിലെത്തിയിരുന്നു.
ഗതാഗതക്കുരുക്കിൽപ്പെട്ടാണ് സ്റ്റാൻഡിലെത്താൻ വൈകിയത്. അഞ്ചു മിനിട്ടിൽ എത്തുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരൻ സമയത്ത് എത്തിയില്ലെന്നു രേഖപ്പെടുത്തി കണ്ടക്ടർ വണ്ടി വിടുകയായിരുന്നു. ഒരാൾക്കു വേണ്ടി മറ്റുള്ള യാത്രക്കാരുടെ സമയം കളയാനാവില്ല എന്ന തീരുമാനം ശരിയാണ്. പക്ഷേ ഇവിടെ സംഭവിച്ചത് അതല്ല. ബസ് വിട്ടയുടൻ എത്തിയ യാത്രക്കാരൻ ബസിനു പിന്നാലെ ഓടുന്നത് മറ്റു യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അയാൾ ബെല്ലടിക്കാൻ തയ്യാറായില്ല. മനുഷ്യത്വപരമായ ഒരു സമീപനം പുലർത്തുന്ന കണ്ടക്ടറായിരുന്നെങ്കിൽ വണ്ടി നിറുത്തിക്കുമായിരുന്നു. അതിനു പകരം അയാൾ ചട്ടത്തിലാണ് ഉറച്ചുനിന്നത്. ബൈക്കിൽ നിന്നിറങ്ങി, ടാക്സി പിടിച്ച് പിന്നാലെ പുറപ്പെട്ടപ്പോഴേക്കും ബസ് കണ്ണിൽ നിന്ന് മറഞ്ഞിരുന്നു. മിന്നൽ വേഗത്തിൽ പാഞ്ഞ ബസിനെ മറികടക്കാൻ ടാക്‌സിക്കാരന് പിന്തുടരേണ്ടിവന്നത് മുപ്പതിലേറെ കിലോമീറ്ററാണ്. വേഗതയിലുള്ള ഈ പാച്ചിലിനിടയിൽ അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമായി.
യാത്രക്കാർക്കു വേണ്ടി കാത്തുകിടക്കേണ്ടതില്ലെന്നാണ് വ്യവസ്ഥയെങ്കിലും ബുക്ക് ചെയ്ത ബസ് കയറേണ്ട പോയിന്റിൽ പലപ്പോഴും അരമണിക്കൂറോളം വൈകിയാണ് എത്താറുള്ളത്. അതിന് ചോദ്യവും പറച്ചിലും ഒന്നുമില്ല. എന്നാൽ ഒരു മിനിട്ട് വൈകിയാൽ ചട്ടം പറയും. യാത്രക്കാരൻ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തിയ വിജിലൻസ് സ്ക്വാഡ് കണ്ടക്ടറുടെ ഭാഗത്ത് പിഴവുള്ളതായി റിപ്പോർട്ട് നൽകി. ഇതിനെത്തുടർന്ന് തിരുവനന്തപുരം ഡിപ്പോയിലെ സംഭവത്തിനിടയാക്കിയ കണ്ടക്ടറെ സൂപ്പർ ക്ളാസ് സർവീസുകളിൽ ജോലി ചെയ്യുന്നതിൽ കെ.എസ്.ആർ.ടി.സി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടക്ടർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന 'ശിക്ഷ"യാണ്. യാത്രക്കാരോട് എന്ത് മര്യാദകേട് കാണിച്ചാലും 'സുഖകരമായ" ഇത്തരം ശിക്ഷകളേ ലഭിക്കൂ എന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ബസ് തടഞ്ഞാൽ കയറ്റാമെന്നു പറയുന്ന ഒരു കണ്ടക്ടർ ആ ജോലി ചെയ്യാൻ ശരിക്കും അർഹനല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.