
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി അദ്ധ്യാപക സംവരണത്തിലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, ആ മേഖലയിലെ അദ്ധ്യാപക നിയമനങ്ങളുടെ കാര്യത്തിൽ ഒരു അവ്യവസ്ഥയും ആശങ്കയും നിലനിൽക്കുകയായിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിൽ ഭിന്നശേഷി അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ടതിനു ശേഷം മറ്റ് അദ്ധ്യാപക നിയമങ്ങൾക്ക് അംഗീകാരം നല്കാവുന്നതാണെന്ന്, ഒരു ഹൈക്കോടതി വിധിക്കെതിരെ
എൻ.എസ്.എസ് മാനേജ്മെന്റ് നല്കിയ അപ്പീലിൽ ആയിരുന്നു അവർക്ക് അനുകൂലമായ വിധി. അതോടെ, ഈ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്കു കീഴിലെ സ്ഥാപനങ്ങൾക്കു കൂടി ബാധകമാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നായി. ഇക്കാര്യത്തിൽ അന്നു കിട്ടിയ നിയമോപദേശം അനുസരിച്ച്, മേൽപ്പറഞ്ഞ ഇളവ് മറ്റു മാനേജ്മെന്റുകൾക്ക് ബാധകമാക്കാനാവില്ലെന്നു കാണിച്ച് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കേസ് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ, എൻ.എസ്.എസ് സ്ഥാപനങ്ങൾക്ക് അനുവദിച്ചുകിട്ടിയ ഇളവ് ഇതര മാനേജ്മെന്റുകൾക്കു കൂടി ബാധകമാക്കിക്കൊണ്ട് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുകയാണ്. എൻ.എസ്.എസിനു മാത്രമായി കിട്ടിയ ആനുകൂല്യം എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സമരരംഗത്തിറങ്ങിയെങ്കിലും, വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന ന്യായം പറഞ്ഞ് തീരുമാനം ഇതുവരെ മാറ്റിവയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എല്ലാ സമുദായ മാനേജ്മെന്റുകളെയും അനുനയിപ്പിച്ചു നിറുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ ഇപ്പോഴത്തെ മനംമാറ്റമെന്ന് വ്യക്തം. അതിനു പിന്നിലെ കാരണം എന്തായാലും, ഇരുപതിനായിരത്തോളം അദ്ധ്യാപകർക്ക് ഇതോടെ സ്ഥിരനിയമനമാകും എന്നത് ആശ്വാസകരവും ശുഭകരവും തന്നെ.
ഭിന്നശേഷി അദ്ധ്യാപകരുടെ നിയമനത്തിന്റെ ആദ്യഘട്ടം പൂർത്തിയായതോടെയാണ് പുതിയ നിയമോപദേശം അനുസരിച്ച് ഇപ്പോഴത്തെ സർക്കാർ ഉത്തരവ്. എന്നാൽ, നിയമനങ്ങൾക്ക് അംഗീകാരം നല്കുന്നത് സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും. ഭിന്നശേഷി വിഭാഗക്കാരായ അദ്ധ്യാപകരുടെ നിയമനം മുൻകാല പ്രാബല്യത്തോടെ പൂർത്തിയാക്കുന്നതുവരെ, പൊതുവിഭാഗത്തിലെ നിയമനങ്ങൾക്ക് അംഗീകാരം നല്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യ ഉത്തരവ്. ഇതിനെതിരെയാണ് എൻ.എസ്.എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിക്കുകയും, അനുകൂല വിധി സമ്പാദിക്കുകയും ചെയ്തത്.1996 മുതലുള്ള ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്തിയതിനു ശേഷമേ, 2018 മുതലുള്ള മറ്റു നിയമനങ്ങൾ അംഗീകരിക്കാവൂ എന്നു വന്നതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. ഭിന്നശേഷി ഒഴിവുകൾ നീക്കിവച്ചിട്ടുണ്ടെന്ന് എൻ.എസ്.എസ് നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവർക്കുള്ള അനുകൂല വിധി. ഇതേ ഉറപ്പിൽ, മറ്റ് മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങൾക്കും അംഗീകാരം നല്കാമെന്ന് ഉത്തരവിറക്കാൻ സർക്കാരിന് ഇത്രയും നാൾ കാത്തിരിക്കേണ്ട ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
പുതിയ ഉത്തരവനുസരിച്ച്, അദ്ധ്യാപക നിയമനാംഗീകാരത്തിനുള്ള അപേക്ഷകൾ ഈ മാർച്ച് നാലിനകം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തീർപ്പാക്കണം. അതേസമയം, മുൻ സർക്കാർ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിച്ച 442 അദ്ധ്യാപകരുടെ നിയമനാംഗീകാരം സുപ്രീംകോടതിയുടെ അന്തീമ തീരുമാനത്തിനു ശേഷമേ പരിഗണിക്കൂ. ഭിന്നശേഷി അദ്ധ്യാപകരുടെ നിയമന വിഷയത്തിൽ, ഒഴിവുകൾ നികത്താൻ ആവശ്യമായത്ര അപേക്ഷകൾ ലഭിക്കുന്നില്ലെന്ന് എയ്ഡഡ് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമനം നടത്താനായില്ലെങ്കിലും, അത്രയും ഒഴിവുകൾ നീക്കിവച്ചശേഷം മറ്ര് നിയമനങ്ങൾ നടത്തുകയെന്ന ലളിതമായ പരിഹാരമേ എൻ.എസ്.എസ് മാനേജ്മെന്റ് സ്വീകരിച്ചുള്ളൂ. ഇക്കാര്യത്തിൽ നിയമോപദേശത്തിനും മറ്റും പോയി അനാവശ്യ സങ്കീർണതകൾ സൃഷ്ടിക്കുകയും, ആയിരക്കണക്കിന് അദ്ധ്യാപകരുടെ അംഗീകാരം തുലാസിലാക്കുകയും ചെയ്യേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. അന്നേ സ്വീകരിക്കാമായിരുന്നു മാർഗം, കുറേ വൈകിയിട്ടാണെങ്കിലും സ്വീകരിച്ചത് എന്തായാലും അഭിനന്ദനാർഹം തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.