SignIn
Kerala Kaumudi Online
Saturday, 21 February 2026 4.59 AM IST

ഈ സിസ്റ്റം തകരാറിന് അവസാനമില്ലേ?​​

Increase Font Size Decrease Font Size Print Page
d

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ വഹിക്കുന്ന നിസ്തുലമായ പങ്കിനെ ആരും വിലകുറച്ചു കാണില്ല. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിശ്രമരഹിതവും വിലമതിക്കാനാവാത്തതുമായ സേവനത്തെ ജനങ്ങൾ കാണാതിരിക്കുന്നുമില്ല. ശമ്പള കുടിശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ ഡോക്ടർമാർ തുടർന്നുവരുന്ന സമരത്തിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ഞങ്ങൾ തന്നെ മുഖപ്രസംഗമെഴുതുകയും,​ കഴിഞ്ഞ ദിവസം മുഖ്യവാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ,​ ഡോക്ടർമാരുടെ പിഴവോ,​ ആശുപത്രി ജീവനക്കാരുടെ ഉദാസീനതയോ കാരണം രോഗിക്ക് ജീവൻ നഷ്ടമാവുകയോ,​ ആജീവനാന്ത ദുരിതം വിധിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ 'സിസ്റ്റം തകരാറിനെ"ക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളിൽ തീരെ കഴമ്പില്ലെന്നു പറയാൻ ആർക്കും കഴിയില്ല.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2021-ൽ നടന്ന ഒരു ശസ്ത്രക്രിയയ്ക്കിടെ,​ അതിന് ഉപയോഗിച്ച കത്രിക വയറ്റിൽ മറന്നുവച്ചതിനെ തുടർന്ന് പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന് അന്നുമുതൽ വേദനയും ദുരിതവും സഹിക്കേണ്ടിവന്നത് അഞ്ചു വർഷമാണ്! ഒടുവിൽ,​ കഴിഞ്ഞ ദിവസം മറ്റൊരു ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് 'കത്രിക രഹസ്യം" വെളിപ്പെട്ടത്. എക്സ്റേ ഫിലിമുമായി ആശുപത്രിയിലെത്തിയ ഉഷയെ,​ വേദനയ്ക്ക് ഗുളിക കൊടുത്ത് മടക്കിയയയ്ക്കുകയായിരുന്നത്രേ! പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയ്ക്ക് നാളെ അടിയന്തര ശസ്ത്രക്രിയ നി‌ർദ്ദേശിച്ചിരിക്കുകയാണ്. പതിവുപോലെ,​ ഇത്തവണയും പ്രാഥമികാന്വേഷണം നടക്കുകയും,​ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു. ചികിത്സാപിഴവ് സംഭവിച്ചെന്നു തന്നെയാണ് റിപ്പോർട്ടിലെ ഉള്ളടക്കം. പക്ഷേ,​ ആ പിഴവിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ മാതൃകാപരമായ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് ആരും തീരെ പ്രതീക്ഷിക്കുകയില്ല!


സമാനമായ രീതിയിൽ,​ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് തീരാദുരിതം പേറുന്ന ഹർഷീന,​ കാരണക്കാർക്കെതിരെ നടപടിയും മതിയായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ യഥാസമയം ചികിത്സ കിട്ടാതിരുന്നതിനെ തുടർന്ന് ഹൃദ്രോഗിക്ക് ജീവൻ നഷ്ടമായത് ഈയിടെയാണ്. അർദ്ധരാത്രിക്കു ശേഷം അടിയന്തരസഹായം തേടിയെത്തിയ അദ്ദേഹത്തിന് ആശുപത്രിയുടെ വാതിൽ തുറന്നുകൊടുക്കാൻ ആരുമില്ലായിരുന്നു. കയ്യൊടിഞ്ഞതിന് കോന്നി സർക്കാർ മെഡി. കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒമ്പതാംക്ളാസുകാരന് പ്ളാസ്റ്ററിട്ടപ്പോൾ കൈ വളഞ്ഞുപോയെന്ന പരാതി പുറത്തുവന്നതും ഇന്നലെത്തന്നെ!

ആറുമാസത്തിനിടെ സർക്കാർ മെഡി. കോളേജുകളിൽ സംഭവിച്ച ചികിത്സാ പിഴവുകളുടെ വിശദാംശങ്ങളും കണക്കുകളും വിസ്തരിക്കാത്തത്,​ അതിന് ഈ സ്ഥലമൊന്നും പോരാ എന്നതുകൊണ്ടു മാത്രമാണ്. 'കേരള മോഡൽ" എന്ന് വിളിച്ചുപറഞ്ഞ് നമ്മുടെ ആരോഗ്യരംഗത്തെക്കുറിച്ച് ലോകത്തിനു മുന്നിൽ ഗർവ് ഭാവിക്കുന്നവരോട് ഒരു ചോദ്യമേയുള്ളൂ: മാതൃകയായിരുന്ന ആ സിസ്റ്റത്തിന് എന്തു സംഭവിച്ചു?​ ഏത് മേഖലയിലായാലും പിഴവിന് ശിക്ഷ കടുത്ത നടപടി തന്നെയാണ്. മനുഷ്യരുടെ ജീവൻ കൈയിലുള്ള ഡോക്ടർമാരുടെ കാര്യത്തിൽ മാത്രം ആരോഗ്യവകുപ്പും സർക്കാരും അമാന്തം കാണിക്കുന്നത് എന്തുകൊണ്ടാണ്?​ അന്വേഷണം,​ റിപ്പോർട്ട്,​ പേരിന് സസ്പെൻഷൻ,​ ചിലപ്പോൾ ഒരു സ്ഥലംമാറ്റം എന്നതിനപ്പുറം ഒരു ചുക്കും ഒരിക്കലും സംഭവിക്കാറില്ല. ആ 'ധൈര്യം" തന്നെയാണ് പിഴവുകൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. ആലപ്പുഴ സംഭവത്തിലെങ്കിലും കർശന നടപടിക്ക് തയ്യാറായേ മതിയാകൂ.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.