
മലപ്പുറം: മലപ്പുറം ആതവനാട്ടിൽ നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ മേൽമുറി പൈത്തിനിപ്പറമ്പ് കുന്നത്തൊടി മുഹമ്മദ് മുസ്തഫ (43) മരിച്ചു. അപകടം നടന്ന് ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്. മൂന്നു തവണ പരാജയപ്പെട്ടശേഷമാണ് ലോറി ഉയർത്തിയത്. അപകടം നടന്നയുടൻ ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
മുസ്തഫയുടെ മൃതദേഹം ലോറിയുടെ കാബിനുള്ളിലായിരുന്നു. കാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ആതവനാട് ഊരോത്ത് പള്ളിയാലിൽ ഇന്നലെ ഉച്ചയ്ക്ക് 1.15നായിരുന്നു അപകടം. വിവിധ കടകളിലേക്ക് പാചകപ്പൊടികളുമായി പോവുകയായിരുന്ന മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സ്ഥാപനത്തിലെ സെയിൽസ്‌മാനായിരുന്നു മുസ്തഫ. ജാഫറും മുസ്തഫയുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പൂർണമായും മുങ്ങി. രാത്രി 8.30നാണ് പുറത്തെടുക്കാനായത്.
ഇറക്കം ഇറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായി റോഡിൽ നിന്ന് തെന്നി വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട വിദ്യാർത്ഥിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ജാഫറിനെ രക്ഷപ്പെടുത്താനായെങ്കിലും ലോറിയെയും മുസ്തഫയെയും ആദ്യം കണ്ടെത്താനായില്ല. തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബാ ടീം അംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരുമാണ് ആദ്യഘട്ടത്തിൽ എത്തിയത്.
ഫലം കാണാതെ വന്നതോടെ കൂടുതൽ അഗ്നിരക്ഷാ സേനാ യൂണിറ്റുകളും ക്രെയിനും എത്തിച്ചു. ആദ്യശ്രമത്തിൽ ക്രെയിനിലെ കേബിളിന്റെ നീളക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചു. പിന്നീട് കേബിളിന്റെ നീളം വർദ്ധിപ്പിച്ചെങ്കിലും പൊട്ടിപ്പോയി. മറ്റൊരു കേബിൾ കൊണ്ടുവന്ന് ക്രെയിനുമായി ഘടിപ്പിച്ച ശേഷമാണ് ലോറിയുടെ മുൻഭാഗം ഉയർത്താനായത്. തുടർന്ന് ഹൈഡ്രോളിക് കട്ടറുപയോഗിച്ച് വെട്ടിപ്പൊളിച്ച് മുസ്തഫയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മുസ്തഫയുടെ പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പരേതയായ ആയിഷക്കുട്ടി. ഭാര്യ: സുഹൈല. മക്കൾ: ഷാമിൽ, ഫാത്തിമ റിദ. പരിക്കേറ്റ ജാഫറിനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴവും മാലിന്യവും
രക്ഷാപ്രവർത്തനം ദുഷ്കരമാക്കി
പ്രദേശത്തെ ഒരു ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ രക്ഷാപ്രവർത്തകരെയും അനുബന്ധ സൗകര്യങ്ങളും അതിവേഗം എത്തിക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടി. ക്വാറിയുടെ ആഴവും വെള്ളക്കെട്ടിൽ മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞു കിടന്നതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. 40 വർഷം മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച ക്വാറിയാണിത്. ഇതിനോട് ചേർന്നാണ് റോഡുള്ളത്. എതിർവശത്ത് മറ്റൊരു ക്വാറിയും പ്രവർത്തിക്കുന്നുണ്ട്. നേരത്തെയും ഇവിടെ അപകടങ്ങൾ നടന്നിട്ടും സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |