
കോഴിക്കോട്: ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതി വയറ്റിൽ കത്രികയുമായി അഞ്ചുവർഷം ജീവിച്ച കഥ പുറത്തുവരുമ്പോൾ സമാന അനുഭവങ്ങളുമായി വർഷങ്ങളായി സമരം നടത്തുകയാണ് ഹർഷീന. ആലപ്പുഴ സംഭവമുണ്ടായപ്പോൾ സഹോദരിയെന്ന് വിളിച്ച് ഹർഷീന സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ മെഡിക്കൽ കോളേജിന് മുമ്പിൽ ഉപവാസമിരുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബം വഴിയാധാരമായിട്ടും മൂന്നു കുഞ്ഞുങ്ങളുമായി ഇപ്പോഴും ഹർഷീന പോരാട്ട പാതയിലാണ്.
'എനിക്ക് കിട്ടേണ്ട നീതിയെ ആരാണ് അട്ടിമറിക്കുന്നത്. മെഡിക്കൽ കോളേജിന് മുൻപിൽ മഴയും വെയിലും കൊണ്ട് എത്രദിവസം ഞാൻ സമരമിരുന്നു. പൊലീസ് അനുകൂല റിപ്പോർട്ട് നൽകിയപ്പോൾ മെഡിക്കൽ ബോർഡ് യോഗത്തിലായിരുന്നു പ്രതീക്ഷ. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സർക്കാർ വച്ചു നീട്ടിയ രണ്ടുലക്ഷം വേണ്ടെന്നുവച്ചു. രണ്ടു ലക്ഷമല്ല നേരത്തെ ഞങ്ങൾ ആവശ്യപ്പെട്ടതുപ്രകാരം അമ്പത് ലക്ഷം തന്നാലും തീരുമോ ഞാനനുഭവിച്ച വേദന. നാട്ടിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുന്ന സർക്കാരിന് എന്നോട് മാത്രം എന്താണ് വിരോധം. നീതികിട്ടും. പക്ഷേ, അത് ഇരകൾക്കല്ല, ഇരകളെ വേട്ടയാടിയവർക്ക്..." ഹർഷീന പറയുന്നു.
ആദ്യ ശസ്ത്രക്രിയ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് (2012 നവം.23ന്). രണ്ടാമത്തെ ശസ്ത്രക്രിയയും അതേ ആശുപത്രിയിൽ നിന്ന് (2016 മാർച്ച് 15ന്). മൂന്നാമത്തെ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് (2017 നവംബറിൽ). 2022 സെപ്തംബറിൽ 13ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ നടന്ന സ്‌കാനിംഗിലാണ് സർജറി ഉപകരണം വയറ്റിലുള്ളതായി കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ എടുത്തുമാറ്റി. അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന നീതിക്കായി നടത്തുന്ന സമരം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ ഒരുലക്ഷം രൂപയായിരുന്നു ആദ്യ ആശ്വാസം. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സമരത്തിനിരുന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുലക്ഷം നൽകി. എന്നാൽ വീടുപോലും പണയം വച്ച് ഇപ്പോഴും ചികിത്സയിൽ തുടരുന്ന ഹർഷീനയ്ക്ക് മുൻപിൽ സർക്കാർ മാത്രം പുറം തിരിഞ്ഞു നിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |