SignIn
Kerala Kaumudi Online
Saturday, 21 February 2026 3.07 AM IST

ഡോക്ടർ ഞരമ്പ് മുറിച്ചു ഹാഷിമിന് നഷ്ടം കാലും ജോലിയും

Increase Font Size Decrease Font Size Print Page
hashim

കൽപ്പറ്റ: വെരിക്കോസ് വെയിനിന് വയനാട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ തകർത്തത് ഹാഷിമിന്റെ ജീവിതം. ശസ്ത്രക്രിയാ പിഴവ് കാരണം വലതു കാലിന് ചലനശേഷി നഷ്ടപ്പെട്ടു. ഉറപ്പായിരുന്ന പി.എസ്.സി ജോലിയും പോയി.

വയനാട് തവിഞ്ഞാൽ പേര്യ സ്വദേശിയാണ് ഈ നാൽപ്പതുകാരൻ. ജീപ്പ് ‌ഡ്രൈവറും നല്ലൊരു ഇലക്ട്രീഷ്യനുമായിരുന്നു. 2023 ഫെബ്രുവരി രണ്ടിനായിരുന്നു ജീവിതം തകർത്ത ശസ്ത്രക്രിയ. കാലിലെ പ്രധാന ഞരമ്പ് ഡോക്ടർ അബദ്ധത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. ഓപ്പറേഷനു ശേഷം വേദന അസഹ്യമായപ്പോൾ മറ്റൊരു ഡോക്ടറെ കാണിച്ചു. സ്കാനിംഗിലാണ് തനിക്കെന്താണ് സംഭവിച്ചതെന്ന് ഹാഷിം അറിയുന്നത്. തുടർചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെത്തി. വലതുകാൽ മുറിച്ചുമാറ്റി ജീവൻ രക്ഷിക്കാനായിരുന്നു ഉപദേശം.

കാൽ മുറിക്കുന്നത് ഹാഷിമിനു ചിന്തിക്കാൻപോലും സാദ്ധ്യമായിരുന്നില്ല. ഒടുവിൽ ഇടതുകാലിൽ നിന്നു ഞരമ്പെടുത്ത് വലതുകാലിൽ തുന്നിച്ചേർക്കാൻ 12 ശസ്ത്രക്രിയകൾ. എന്നിട്ടും ചലനശേഷി തിരിച്ചു കിട്ടിയില്ല.
ശസ്ത്രക്രിയയ്ക്കു മുമ്പ് എഴുതിയ പി.എസ്.സി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് പരീക്ഷയിൽ 17ാം റാങ്കുണ്ടായിരുന്നു. സംവരണം കൂടി പരിഗണിച്ചപ്പോൾ പട്ടികയിൽ അഞ്ചാമതായി. കാലിന്റെ ചലനശേഷി നഷ്ടമായതോടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല. ഇതോടെ സർക്കാർ ജോലിയെന്ന സ്വപ്നം പൊലിഞ്ഞു.

പ്രായമായ ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഹാഷിം. ചികിത്സാ ചെലവ് കടക്കാരനാക്കി. വീടിന്റെ വായ്പ തിരിച്ചടയ്ക്കാനാകാതെ പെരുകി. ഇപ്പോൾ നിത്യച്ചെലവും ബുദ്ധിമുട്ടായി.

അബദ്ധം ഏറ്റുപറഞ്ഞ് സഹായ വാഗ്ദാനവുമായി ഡോക്ടർമാർ എത്തിയതിനാൽ ഹാഷിം കേസിന് പോയില്ല. പക്ഷേ, ഡോക്ടർമാർ കൈയൊഴിഞ്ഞു. നീതിക്കായി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സ്ഥലം എം.എൽ.എയും മന്ത്രിയുമായ ഒ. ആർ.കേളു,മനുഷ്യാവകാശ കമ്മിഷൻ എന്നിവരെയെല്ലാം സമീപിച്ചെങ്കിലും നിരാശയാണ് ഫലം.

സർക്കാർ എനിക്ക് ജോലി നൽകണം. ഉറപ്പായിരുന്ന ജോലി എന്റെ കുറ്റം കൊണ്ടല്ല നഷ്ടപ്പെട്ടത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയണ്.

- ഹാഷിം

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.