
വികസന കാര്യങ്ങളിൽ ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമ്പോഴും പക്ഷപാതപരമായ നിലയിൽ ജോലിയിലും മറ്റും തങ്ങൾക്കിഷ്ടമുള്ളവരെ തിരുകിക്കയറ്റാൻ നടത്തുന്ന ശ്രമങ്ങൾ പലതും കോടതിയിലൂടെ തിരിച്ചടി നേരിട്ട അനുഭവങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ മുന്നിലുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് പത്തുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി. ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം വൈകുന്നത് കണക്കിലെടുത്താണ് സ്ഥിരപ്പെടുത്താനുള്ള തുടർ നീക്കം ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് തടഞ്ഞത്. താത്കാലിക ജീവനക്കാരെ സുപ്രീംകോടതി ഉത്തരുവുകൾക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കേ ജനുവരിയിൽ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ ഇറക്കിയതിനെതിരെ ഫയൽ ചെയ്ത ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്.
വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് സെക്രട്ടറിയ്ക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തില്ല. ഇതിനിടയിൽ വീണ്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കവും നടക്കുന്നതായി ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇത്തരം നടപടികൾ തടഞ്ഞത്.
കഴിഞ്ഞ നവംബറിലാണ്, സുപ്രീംകോടതി നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിക്കാതെ താത്ക്കാലിക ജീവനക്കാരെ ഭാവിയിൽ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് കണക്കിലെടുക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന ലൈബ്രേറിയൻമാർ, നേഴ്‌സറി ടീച്ചർമാർ, ആയമാർ തുടങ്ങിയവരെ സ്ഥിരപ്പെടുത്താൻ ജനുവരി ആദ്യം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നടപടി കോടതിഅലക്ഷ്യമാണെന്ന് കാട്ടിയാണ് മലപ്പുറം സ്വദേശി അബ്ദുൾ വാഹിദ് ഉപഹർജി ഫയൽ ചെയ്തത്. വിഷയം മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്..
വിവിധ വകുപ്പുകൾക്കു കീഴിലെ സ്ഥാപനങ്ങളിലായി വേറെയും ആയിരത്തോളം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തും സമാനമായി സ്ഥിരപ്പെടുത്തൽ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. നീണ്ട നിയമപോരാട്ടത്തിന് ശേഷവും സർക്കാരിന് ഈ നടപടി പൂർത്തിയാക്കാനായില്ല. കോടതി വിധി മറികടക്കുന്നതിനായി ഇപ്പോൾ സ്ഥിരപ്പെടുത്തലിനു പൊതുമാനദണ്ഡം തയാറാക്കാൻ ഒരുങ്ങുമ്പോഴാണു വീണ്ടും തിരിച്ചടി.സത്യസന്ധമായി ഇത്തരം കാര്യങ്ങളെ സമീപിക്കാതിരിക്കുന്നതിനാലാണ് ഇങ്ങനെ അപഹാസ്യരായി മാറുന്നത്. പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നവർ നിരാശരായി മാനത്തുനോക്കിയിരിക്കുമ്പോഴാണ് പിൻവാതിലിലൂടെ സർക്കാർ തൊഴിൽ പ്രീണനം നടത്തുന്നത്. പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട വലിയൊരു വിഭാഗത്തിനു യാതൊരു തൊഴിലും ലഭിക്കാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തന്നെ
അവസാനിച്ച അനവധി കേസുകൾ ഉണ്ട്. സെക്രട്ടേറിയറ്റ് നടയിൽ വെയിലും മഴയും കൊണ്ട് സമരം ചെയ്തിട്ടും അവർക്ക് അർഹതപ്പെട്ട തൊഴിൽ നൽകാൻ സർക്കാർ മുതിർന്നില്ല. എന്നാൽ പിൻവാതിൽ നിയമനം പാർട്ടി പറയുന്നതുപോലെ ഇഷ്ടാനുസരണം നടക്കുന്നുമുണ്ട്.
കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതലമുറ തൊഴിൽ തേടി അന്യ നാടുകളിലേക്ക് പോകാതിരിക്കണമെങ്കിൽ കർശന നടപടികളിലൂടെ ഇത്തരം പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം. പി.എസ്.സി ലിസ്റ്റിൽ നിന്ന് മാത്രമേ നിയമനം നടത്തുകയുള്ളു എന്ന് തീരുമാനിക്കണം. ജനാധിപത്യ സർക്കാരിന്റെ
ചുമതലയാണത്. അതിനുള്ള ഇച്ഛാശക്തി സർക്കാർ കാട്ടണം. ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശം അതിനുള്ള പാഠമാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |