SignIn
Kerala Kaumudi Online
Sunday, 22 February 2026 3.59 AM IST

വയനാട് പുനരധിവാസം ഉത്തമ മാതൃക

Increase Font Size Decrease Font Size Print Page

s

മനുഷ്യർ ഉണ്ടാക്കുന്ന ദുരന്തങ്ങളിലും പ്രകൃതി സൃഷ്ടിക്കുന്ന ദുരന്തങ്ങളിലും ഇരയാകുന്നത് മുഖ്യമായും മനുഷ്യരാണ്. രണ്ടു കെടുതികളിലും നിസ്സഹായരും നിരാലംബരുമായവരെ സഹായിക്കാനേ സാധിക്കൂ. പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയും രൂക്ഷതയും കൂടുമ്പോൾ സഹായിക്കാനെത്തുന്നവരുടെ എണ്ണവും കൂടിയിരിക്കും. വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ നടുക്കുന്ന മുഴക്കവും വിലാപവുമായി ഓർമ്മകളിൽ ശേഷിക്കുന്നു. ആകെയുണ്ടായിരുന്ന വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടവരുടെ ദുരിതവും പറഞ്ഞറിയിക്കാനാവില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാംഗങ്ങളും സർക്കാർ സംവിധാനങ്ങളും തക്കസമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഒരേ മനസോടെ ആശ്വാസപ്രവർത്തനങ്ങളിൽ മുഴുകി.

ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ 178 വീടുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഗുണഭോക്താക്കൾ തന്നെയായിരുന്നു നറുക്കെടുത്തത്. ഒരായുസിന്റെ സമ്പാദ്യമായ ഇരുനില വീടും വ്യാപാര സ്ഥാപനവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിന്റെ കണ്ണീരോർമ്മകൾ മനസിലടക്കിയ ചൂരൽമല സ്വദേശി പുഞ്ചിലി അഷറഫാണ് ആദ്യം നറുക്കെടുത്തത്. സോൺ 1, ഹൗസ് നമ്പർ 104 എന്ന നറുക്കെടുത്ത പേപ്പർ നെഞ്ചോടു ചേർത്തപ്പോൾ അഷറഫിന്റെ മുഖഭാവത്തിൽ സർക്കാരിനോടും സഹായഹസ്തങ്ങൾ നീട്ടിയവരോടുമുള്ള നന്ദി നിറഞ്ഞിരിക്കാം.

ചൂരൽമലയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായിരുന്ന അഷറഫിന്റെ ഫേമസ് സ്റ്റോർ എന്ന സൂപ്പർമാർക്കറ്റും പുതിയ വില്ലേജ് റോഡിലെ ഇരുനില വീടും ഉരുൾപൊട്ടലിൽ തകർന്നു. അഷറഫും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒന്നര വർഷമായി ഇവർ വാടക വീട്ടിലാണ് താമസം. പതിനായിരം രൂപയാണ് വാടക. ഇതിൽ ആറായിരം രൂപ സർക്കാർ നൽകും. ബാക്കി തുക കണ്ടെത്തണമായിരുന്നു. സർക്കാർ കൽപ്പറ്റ ടൗണിന് അടുത്തുതന്നെ വീട് അനുവദിച്ചതിൽ സന്തുഷ്ടനാണ് അഷറഫ്.

ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകളുടെ നറുക്കെടുപ്പാണ് മന്ത്രി ഒ.ആർ. കേളു, ടി. സിദ്ദിഖ് എം.എൽ.എ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നത്. സോൺ, ക്ളസ്റ്റർ, പ്ളോട്ട് നമ്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ പേപ്പറുകൾ ഒരു ബോക്സിൽ നിക്ഷേപിച്ചായിരുന്നു നറുക്കെടുപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴു സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് ഗുണഭോക്താക്കൾക്ക് കൈമാറി. വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവ നൽകുന്നതിനുള്ള നടപടികൾക്കായി പ്രത്യേക കൗണ്ടറും ചടങ്ങിൽ സജ്ജീകരിച്ചിരുന്നു. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ മൂന്നുമാസത്തെ തുക സർക്കാർ അടയ്ക്കും. അതിനുശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി നൽകും. അതിനുള്ള സാക്ഷ്യപത്രവും ചടങ്ങിൽവച്ച് കൈമാറി.

മനുഷ്യൻ സൃഷ്ടിക്കുന്ന ദുരിതങ്ങളെക്കാൾ കൂടുതൽ ആഘാതങ്ങൾ പ്രകൃതിദുരന്തങ്ങൾ മൂലം കേരളം ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ വലിയ ജീവനാശവും സാമ്പത്തിക കെടുതികളും വരുത്തിവയ്ക്കാറുണ്ട്. അപ്പോഴൊക്കെ രാഷ്ട്രീയ സാമുദായിക ഭേദങ്ങളെല്ലാം മറന്ന് നാം ഒറ്റക്കെട്ടായി അതിനെ നേരിടാൻ തയ്യാറാവുന്നത് എടുത്തുപറയേണ്ടതാണ്. സർക്കാർ നൽകുന്ന വീടുകൾക്ക് പുറമേ വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും വീടുകൾ വച്ച് നൽകുന്നുണ്ട്. ഇത് ദുരിതബാധിതരെ സഹായിക്കാൻ ഒരു പരിധിവരെ ഉതകും. സംഭവിച്ചുപോയ ദുരന്തത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സംരംഭങ്ങളെല്ലാം അഭിനന്ദിക്കപ്പെടേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.