
ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ നിർമ്മിതബുദ്ധിയുടെ ജനാധിപത്യവത്‌കരണത്തിനാണ് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത്. ഇതിനായി 'മാനവദർശനം" എന്ന ആശയമാണ് മുന്നോട്ടുവച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എ.ഐ അധിഷ്ഠിത ലോകത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള ഒരു പ്രധാന കണ്ണിയായി ഈ മാനവദർശനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടന്ന എ.ഐ ഉച്ചകോടി ഇതിനു മുമ്പ് ഫ്രാൻസിലും ഇംഗ്ളണ്ടിലും നടന്ന ഉച്ചകോടികളിൽ നിന്ന് വ്യത്യസ്തമായിരുന്നു. എ.ഐയെ എങ്ങനെ യന്ത്രകേന്ദ്രീകൃതമല്ലാതെ, മനുഷ്യകേന്ദ്രീകൃതവും ഉത്തരവാദിത്വമുള്ളതുമാക്കാമെന്നാണ് ഉച്ചകോടി ചർച്ചചെയ്തത്. പതിറ്റാണ്ടുകൾക്കു
മുമ്പ് ഇന്റർനെറ്റ് വന്നപ്പോൾ അത് ഇത്രയുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അതുപോലെയാണ് എ.ഐയുടെ കാര്യവും. പങ്കുവയ്ക്കപ്പെട്ടാൽ അത് ലോക ക്ഷേമത്തിനാകെ ഭാവിയിൽ ഉതകുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
ഈ ഉച്ചകോടിയിലൂടെ 58.2 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ റിലയൻസ്, അദാനി, ആമസോൺ കമ്പനികൾ വൻ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ബിസിനസ് മേഖലകളിലുമായി 2030-ഓടെ 3.19 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ആമസോൺ അറിയിച്ചത്. ഇതുവരെ രാജ്യത്ത് നടത്തിയ 3.6 ലക്ഷം കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായാണിത്. എ.ഐ വികസനത്തിനായി ഗ്ളോബൽ സൗത്ത് രാജ്യങ്ങളിലായി മൈക്രോസോഫ്‌റ്റ് 45 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. ഇതിൽ 1.60 ലക്ഷം കോടി രൂപ ഇന്ത്യയ്ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യയിൽ 1.37 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈയും അറിയിച്ചു. യേദ ഡാറ്റ സർവീസസ് 18,200 കോടി, ബ്ളാക്ക് സ്റ്റോൺ 5,500 കോടി രൂപ എന്നിവയാണ് സ്ഥിരീകരിച്ച മറ്റ് നിക്ഷേപങ്ങൾ. ഇതിനു പുറമെ ടാറ്റാ ഗ്രൂപ്പ് 64,000 കോടി രൂപയുടെ നിക്ഷേപം അറിയിച്ചിട്ടുണ്ട്.
എ.ഐ ഉച്ചകോടി നടത്തിയതുകൊണ്ട് ഇന്ത്യയ്ക്ക് എന്തു ലഭിച്ചു എന്ന ചോദ്യത്തിന് ഈ നിക്ഷേപ വാഗ്ദാനങ്ങൾ തന്നെയാണ് ഉത്തരം. എ.ഐ അധിഷ്ഠിത വികസനം സാദ്ധ്യമാക്കാൻ വിദഗ്ദ്ധരായ തൊഴിൽസേന വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളത്തിൽ ഇന്ത്യയിൽ ലഭ്യമാകുമെന്നതാണ് ഈ മേഖലയിലേക്ക് ലോകത്തെ ഭീമൻ ടെക് കമ്പനികളെ ആകർഷിക്കുന്ന മുഖ്യ കാരണം. ഒപ്പം, ഇവിടെ നിലനിൽക്കുന്ന സുസ്ഥിരമായ ജനാധിപത്യ സംവിധാനത്തിന്റെ സ്വാതന്ത്ര്യ സംരക്ഷണവും പ്രധാന കാരണമാണ്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളും മുപ്പതോളം അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇരുപതോളം രാജ്യത്തലവന്മാരും നൂറോളം ടെക് ഭീമന്മാരും പങ്കെടുത്ത ഈ ഉച്ചകോടി എ.ഐ രംഗത്ത് ഒരു മൂന്നാം ശക്തിയായി വളരുന്നതിന് ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതാണ്.
യഥാർത്ഥത്തിൽ മാനവരാശിയുടെ ക്ഷേമവും സുഖവും സുഗമമാകുന്നത് ലോകത്തിനാകെ ഐശ്വര്യം വരുമ്പോഴാണ്. അസമത്വങ്ങളാണ് ദുഃഖത്തിന്റെ വിത്തുകൾ പാകുന്നത്. ഇന്ത്യ ഒരിക്കലും ഇന്ത്യയുടെ മാത്രം വികസനത്തിൽ ശ്രദ്ധിക്കുന്ന രാജ്യമല്ല. സമസ്ത ലോകത്തിന്റെയും വികസനത്തിനായാണ് ഇന്ത്യ നിലനിൽക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത്രയും പ്രധാനപ്പെട്ട ഉച്ചകോടി നടക്കുന്ന വേളയിൽ ഉടുപ്പൂരിയുള്ള ചില പ്രകടനങ്ങൾ നടന്നത് നമ്മുടെ രാജ്യത്തിന്റെ അന്തസ് കെടുത്തുന്നതായി. രാഷ്ട്രീയത്തിന്റെ പേരിൽ തുണിയുരിയൽ നടത്തുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |