SignIn
Kerala Kaumudi Online
Tuesday, 24 February 2026 4.41 AM IST

തീരുവ യുദ്ധത്തിൽ ട്രംപിന് തിരിച്ചടി

Increase Font Size Decrease Font Size Print Page
s

തീരുവയും നികുതിയുമൊക്കെ സാമ്പത്തിക ശാസ്‌ത്രത്തിൽ ധനാഗമനത്തിന് ഉപയോഗിക്കുന്ന മാർഗങ്ങളാണ്. ഇതൊക്കെ ഉപയോഗിക്കുന്നതിന് ചില രീതികളും കീഴ്‌വഴക്കങ്ങളുമൊക്കെയുണ്ട്. ഏതൊരു രാജ്യവും നികുതി ഒറ്റയടിക്ക് രണ്ടും മൂന്നും ഇരട്ടിയായി കൂട്ടാറില്ല. അങ്ങനെ കൂട്ടിയാൽ ആ രാജ്യത്ത് സാമ്പത്തിക അരാജകത്വവും പ്രക്ഷോഭവുമൊക്കെ ഉണ്ടാകാൻ മറ്റൊരു കാരണവും വേണ്ടിവരില്ല. ഇന്ത്യയിൽത്തന്നെ ഇൻകം ടാക്സ് ഏറ്റവും ഉയർത്തിയ കാലയളവിലാണ് ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നികുതിയും നിയന്ത്രണവും കൂടുമ്പോൾ അതിന് സമാന്തരമായി വെട്ടിപ്പുകളും കൂടുന്നതിന് ജനങ്ങളെ മാത്രം പഴിച്ചിട്ട് കാര്യമില്ല. യുക്തിസഹമായ രീതിയിൽ വേണം ഇതൊക്കെ ഭരണാധികാരികൾ കൈകാര്യം ചെയ്യേണ്ടത്.

അതുപോലെ തന്നെ,​ ലോകരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും നിലനിന്നുപോകുന്നത് ചില പരസ്പര ധാരണകളുടെ അടിസ്ഥാനത്തിലാണ്. ഇതൊന്നും കണക്കിലെടുക്കാതെ തീരുവയുദ്ധം എന്ന തലതിരിഞ്ഞ കളിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കളിച്ചുകൊണ്ടിരുന്നത്. ലോകത്തെ മുഴുവൻ അമേരിക്കയുടെ ചൊൽപ്പടിയിൽ കൊണ്ടുവരാൻ തീരുവ ഒരു ആയുധമായാണ് ട്രംപ് ഉപയോഗിച്ചത്. ഇതിനാണ് യു.എസ് സുപ്രീംകോടതി വിധിയോടെ സ്വന്തം രാജ്യത്തുതന്നെ തിരിച്ചടിയുണ്ടായത്. വെള്ളിയാഴ്ച കോടതി വിധിയോടെ തീരുവ പൂജ്യമായി മാറിയെങ്കിലും,​ പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് 150 ദിവസത്തേക്ക് ആദ്യം 10 ശതമാനം താത്‌കാലിക തീരുവ ചുമത്തുകയും,​ പിറ്റേദിവസം 15 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു. തന്റെ തീരുവ പദ്ധതിയെ അട്ടിമറിക്കാനുള്ള അസാധാരണവും അമേരിക്കൻ വിരുദ്ധവുമായ വിധിയാണിതെന്നാണ് ട്രംപിന്റെ പ്രതികരണം.

അതേസമയം അമേരിക്കയിലെ ഭൂരിപക്ഷം പൗരന്മാരും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ലോക രാജ്യങ്ങളും ഈ വിധി ആശ്വാസപൂർവമായാണ് കരുതുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്കു മേൽ അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ ഏകപക്ഷീയ നടപടി രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് യു.എസ് കോടതി വീക്ഷിച്ചത്. ഇന്ത്യ യു.എസ് കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് ചുമത്താൻ ധാരണയായ 18 ശതമാനം തീരുവ എന്നത് ഇനി 15 ശതമാനമായി കുറയുമെന്നാണ് കയറ്റുമതിക്കാരും സാമ്പത്തിക വിദഗ്ദ്ധരും സൂചിപ്പിക്കുന്നത്. അനുകൂല വ്യാപാര പങ്കാളി എന്ന നിലയിൽ ബാധകമായ തീരുവയ്ക്കു മുകളിലാവും ഇത്. അതായത്,​ നേരത്തേ അഞ്ച് ശതമാനം തീരുവയാണ് ഉണ്ടായിരുന്നതെങ്കിൽ ഇനി അതിന് 20 ശതമാനമാണ് ഈടാക്കുക.

യു.എസ് കോടതി വിധി സംബന്ധിച്ച് ഇന്ത്യ ഇതുവരെ പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. പ്രത്യാഘാതം പഠിച്ചുകൊണ്ടിരിക്കുന്നതായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാൽ, പുതിയ യു.എസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാർ മരവിപ്പിച്ച് വ്യവസ്ഥകളെക്കുറിച്ച് വീണ്ടും ചർച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുവ വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ തുടർ നടപടികൾ വിലയിരുത്തിയതിനു ശേഷം നിലപാട് എടുക്കുന്നതായിരിക്കും ഇന്ത്യയ്ക്ക് നല്ലത്. ട്രംപിന്റെ ഏകപക്ഷീയമായ തീരുവ നീക്കങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി യു.എസ് കോടതിയിൽ യുക്തിസഹമായ വാദം നടത്തിയതിലൂടെ ഈ വിധിയുടെ പിന്നിൽ ഒരു പ്രധാന പങ്ക് വഹിച്ച ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാലിനും തീരുവ യുദ്ധത്തിൽ ബുദ്ധിമുട്ടിയ രാജ്യങ്ങൾ നന്ദി പറയണം. പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ് നീൽ. തിരിച്ചടി മറികടക്കാൻ ട്രംപ് പുതിയ മാർഗങ്ങളുമായി വരുന്നത് ഉറ്റുനോക്കുകയാണ് ലോക രാജ്യങ്ങൾ.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.