
□സാധുത മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിന്
തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തുമുള്ള ഗവർണറുടെ നടപടി തള്ളി നിയമസഭ. താൻ വായിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിയമസസഭാ രേഖയിൽ ഉൾപ്പെടുത്തേണ്ടതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി ആർലേക്കർ സ്പീക്കർ എ.എൻ.ഷംസീറിനയച്ച കത്ത് നിയമസഭ പരിഗണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ വിശദീകണത്തിന്റെ അടിസ്ഥാനത്തിലാണിത്.
കീഴ്‌വഴക്കവും, സുപ്രീം കോടതി ഉത്തരവുകളുമനുസരിച്ച്, മന്ത്രിസഭ അംഗീകരിച്ച് അച്ചടിച്ച് നിയമസഭയിൽ വിതരണം ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് സഭാ രേഖകളിൽ വരേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാകും സഭാരേഖകളിലുണ്ടാവുകയെന്ന് സ്പീക്കർ നേരത്തെ റൂളിംഗ് നൽകിയിരുന്നു. എന്നാൽ, നയപ്രഖ്യാപനം താൻ പ്രസംഗിച്ച അതേ രൂപത്തിൽ തന്നെ സഭാ രേഖകളിൽ വരണമെന്ന്, അതിനെ സാധൂകരിക്കുന്ന തരത്തിലുളള കാരണങ്ങൾ നിരത്തി ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
ജ്യോതി വെങ്കിടാചലും ആരിഫ് മുഹമ്മദ് ഖാനും ഗവർണറായിരുന്നപ്പോൾ ഏതാനും മിനിറ്റുകൾ മാത്രമാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. എന്നാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് സഭാ രേഖകളിൽ വന്നത്. ഇപ്പോൾ ഗവർണർ ഉന്നയിക്കുന്ന ആവശ്യം അംഗീകരിച്ചാൽ ,അവർ സഭയിൽ വായിച്ച മിനിട്ടുകൾ മാത്രമുളള ഭാഗം മാത്രമേ സഭാരേഖകളിൽ ഉണ്ടാകുമായിരുന്നുള്ളൂ. അതിനാൽ ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |