
തൃശൂർ: ജില്ലയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നിർമ്മാണ പ്രവർത്തനം നടത്തിയ വകയിൽ ഗവ. കരാറുകാർക്ക് ലഭിക്കാനുള്ളത് 750 കോടിയിലേറെ രൂപ. ഇതിന് പുറമേ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയതിൽ 350 കോടി രൂപയും ലഭിക്കാനുണ്ടെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോ. ഭാരവാഹികൾ പറയുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കടുത്ത ട്രഷറി നിയന്ത്രണമാണുള്ളത്. 10 ലക്ഷത്തിൽ കൂടുതൽ ഉള്ള തുക ട്രഷറികളിൽ നിന്ന് മാറി കിട്ടുന്നില്ല. ഇപ്പോൾ അതിൽ കുറഞ്ഞ തുകയും ലഭിക്കാത്ത സ്ഥിതിയാണ്. 18 മാസം വരെയുള്ള ബില്ലുകൾ കുടിശികയാണ്. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയാൽ മാത്രമെ പ്ലാൻ ഫണ്ടുകൾ ചെലവഴിച്ചതായി കാണിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കുകയൂള്ളൂ. ജില്ലയിൽ എഴുന്നൂറിലേറെ കരാറുകാരാണുള്ളത്. നിർമ്മാണം പൂർത്തിയായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബിൽ തുക ലഭിക്കാൻ മാസങ്ങളെടുത്താണെങ്കിലും 18 ശതമാനം ജി.എസ്.ടി കരാറുകാർ ഉടൻ തന്നെ സർക്കാരിലേക്ക് അടയ്ക്കേണ്ട സാഹചര്യമാണുള്ളത്.
സെക്യൂരിറ്റി തുക ഉയർത്തി
നിലവിലുള്ള കരാറുകാരുടെ സെക്യൂരിറ്റി തുക മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു. ട്രഷറി നിയന്ത്രണം ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അതുകൊണ്ട് അടുത്ത വർഷം മാർച്ച് 31 വരെ നീട്ടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സെക്യുരിറ്റി ഫീസ് വർദ്ധിപ്പിച്ചെങ്കിലും പ്രവൃത്തി നടത്തുന്ന സാമ്പത്തിക പരിധി നീട്ടിയുള്ള ഉത്തരവ് പുറപ്പെടുവിപ്പാക്കാൻ സാധിച്ചില്ല. ട്രഷറി നിയന്ത്രണം ഉൾപ്പെടെ നീക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 10ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് യു.എൻ.രാമചന്ദ്രൻ, സെക്രട്ടറി കെ.ഡി.ബാബു, പി.ഒ.ബൈജു, എൻ.പി.ഡേവിസ്, ഷാഹുൽ ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |