SignIn
Kerala Kaumudi Online
Saturday, 28 February 2026 4.40 AM IST

കടിച്ചു കുടഞ്ഞ് തെരുവുനായ കൂട്ടം, നീതി തേടി ഇരകൾ

Increase Font Size Decrease Font Size Print Page
s


തെരുവുനായ പ്രശ്‌നം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണൂരിൽ ഗുരുതര സാമൂഹിക പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവരും അതെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും കാലങ്ങളായി ചികിത്സ നടത്തി വരുന്നവരുമെല്ലാം തെരുവുനായ ആക്രമണത്തിന്റെ ജീവിക്കുന്ന ഇരകളാണ്. നിയമപരമായി നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടായിട്ടും ഇവരോടും കടുത്ത അനീതിയാണ് അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണമുണ്ടാകുന്ന ജില്ലകളിലൊന്നായ കണ്ണൂരിൽ ഒരു വർഷം ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ ആക്രമണങ്ങൾ ദിനംപ്രതി നേരിടേണ്ടി വരുമ്പോഴും നഷ്ടപരിഹാരം ഇതുവരെ സമയബന്ധിതമായി അധികാരികൾ നൽകിയിട്ടില്ല.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 82,694 പേർക്കാണ് കണ്ണൂർ ജില്ലയിൽ തെരുവുനായ കടിയേറ്റത്. കഴിഞ്ഞ വർഷം മാത്രം 17,633 പേർക്ക് കടിയേറ്റു. എന്നാൽ ജില്ലയിൽ ഇതുവരെയായി വെറും ഏഴു പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. തൊട്ടടുത്ത കാസർകോട് ജില്ലയിൽ അഞ്ചുവർഷത്തിനിടെ 45,884 പേർ തെരുവുനായ ആക്രമണം നേരിട്ടപ്പോൾ ഒരാൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.


കണ്ണൂരിൽ 2021 (15299),2022 (18584), 2023(15760), 2024(15418 ), 2025(17633) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കടിയേറ്റവരുടെ എണ്ണം .പരിക്കേറ്റവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ദുരിതാശ്വാസ നിധിയിൽ നിന്നോ ചികിത്സാച്ചെലവിനുൾപ്പെടെ നഷ്ടപരിഹാരം നൽകുന്നില്ലെന്നാണ് ആക്ഷേപം .നഷ്ടപരിഹാരം ലഭിക്കാനുള്ളതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ മാത്രം തീർപ്പാക്കാനുള്ളത് 1,083 പരാതികളാണ്. ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗ് കഴിഞ്ഞ 12ന് കണ്ണൂരിൽ നടന്നിരുന്നു. ജില്ലയിൽ 2017 മുതലുള്ള പരാതികൾ പരിഗണിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ മറുപടി .

2017 ലുണ്ടായ തെരുവുനായ ആക്രമണത്തിൽ കണ്ണൂർ മൊകേരി ഗ്രാമപഞ്ചായത്തിലെ എട്ടു പരാതികളും എരുവേശി ഗ്രാമപഞ്ചായത്തിലെയും കണ്ണൂർ കോർപ്പറേഷനിലെയും ഓരോ പരാതികളുമാണ് പരിഗണിച്ചത്. നേരത്തെ എറണാകുളത്തായിരുന്നു സിറ്റിംഗ്. ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഹൈക്കോടതിയാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് സിറ്റിംഗ് മാറ്റിയത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ എറണാകുളത്ത് ഫയൽ ചെയ്ത പരാതികൾ അതത് ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഇപ്പോൾ നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. നായ കുറുകെ ചാടി വാഹനാപകടം സംഭവിച്ചാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം ആളുകൾക്ക് അറിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.അതുകൊണ്ട് തന്നെ അർഹതപ്പെട്ട പലരും ഇപ്പോഴും പടിക്ക് പുറത്താണ്.

ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 15.02 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2025ൽ മാത്രം 3.69 ലക്ഷം പേരെ തെരുവുനായ കടിച്ചു. 2024ൽ ഈ കണക്ക് 3.17 ലക്ഷമായിരുന്നു. സംസ്ഥാനത്ത് അഞ്ചു വഷത്തിനിടയിൽ നഷ്ടപരിഹാരം ലഭിച്ചത് വെറും 33 പേർക്ക് മാത്രമാണ്.തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി (ചെയർപേഴ്സൺ) ആയി ജില്ലാതല സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ (എസ്.ഡി.വി.സി.ആർ.സി ) കമ്മിറ്റി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. ഡി.എൽ.എസ്.എ സെക്രട്ടറി (ചെയർപേഴ്‌സൺ), ജില്ലാ മെഡിക്കൽ ഓഫീസർ (ഡ.എം.ഒ), ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കടിയേറ്റവർക്ക് 2017 മുതലുള്ള പരാതികളിൽ നഷ്ടപരിഹാരം നൽകാനാണ് കമ്മിറ്റിയുടെ തീരുമാനം.തെരുവുനായ കടിയേറ്റവർക്ക് ചികിത്സാ സഹായവും നഷ്ടപരിഹാരവും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.എന്നാൽ കമ്മിറ്റി ഇപ്പോഴും പൂർണ്ണമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല എന്നത് നിരാശക്കിടയാക്കുകയാണ്.

നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം രൂപവത്കരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് നിലച്ചതോടെയാണ് കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതുവരെയും കമ്മിറ്റി പൂർണ്ണമായ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിൽ നിലവിൽ നഷ്ടപരിഹാരം ലഭിച്ചതെല്ലാം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.കടിയേറ്റവർക്ക് 2017 മുതലുള്ള പരാതികളിൽ നഷ്ടപരിഹാരം നൽകാനാണ് കമ്മിറ്റിയുടെ തീരുമാനം.നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സാച്ചെലവ്, തൊഴിൽ നഷ്ടം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.

തെരുവുനായയുടെ കടിയേറ്റ് വളർത്തുമൃഗങ്ങൾ ചത്ത കർഷകർക്ക് ലഭിക്കാനുള്ള നഷ്ടപരിഹാര തുകയും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ജില്ലയിൽ വെറും 17 കർഷകർക്ക് മാത്രമാണ് നഷ്ടപരിഹാര തുക ലഭിച്ചത്. കാസർകോട് 76 പേർക്ക് ലഭിച്ചു. സംസ്ഥാനത്ത് ആകെ 1675 പേർക്കാണ് ഈ കാലയളവിൽ നഷ്ടപരിഹാരം ലഭിച്ചത്.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആറു പേർ പേ വിഷബാധയേറ്റ് ജില്ലയിൽ മരണപ്പെടുകയുമുണ്ടായി.

സംസ്ഥാനങ്ങളിൽ നിന്നും വലിയ തുക നഷ്ടപരിഹാരം ഈടാക്കും
കുട്ടികളെയും പ്രായമായവരെയും തെരുവുനായ ആക്രമിച്ചാലോ കടിയേറ്റുള്ള പരിക്കോ മരണമോ സംഭവിച്ചാലോ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം ഈടാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പുണ്ട്. സംസ്ഥാനങ്ങൾ വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറയുന്നവരും ഇക്കാര്യത്തിൽ ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. തെരുവുനായ വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്തിട്ടില്ല. അതിനാൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾക്കോ പ്രായമായവർക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ സംസ്ഥാന സർക്കാരുകളിൽ നിന്ന് കനത്ത തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. കൂടാതെ, ഈ തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരുടെ മേലും ഉത്തരവാദിത്വം ചുമത്തപ്പെടും. തെരുവു നായ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസമാണ് കോടതി മുന്നറിയിപ്പ് നൽകിയത്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.