
ബഹുസ്വരതയുടെ വിളനിലമായ ഇന്ത്യയെ വർഗീയവത്കരിക്കാനും, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുവാനുമുള്ള ബോധപൂർവമായ തീവ്രശ്രമങ്ങൾ രാഷ്ട്രീയമായിത്തന്നെ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സമകാലിക ഭാരതീയ ജീവിതം. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, അവിടത്തെ ചെങ്കോൽ സ്ഥാപനം, പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, എസ്.ഐ. ആർ എന്നിവയെല്ലാം വർഗീയതയുടെ തേരോട്ടത്തിന്റെ പ്രതിഫലനങ്ങളാണ്. ഇതാകട്ടെ, രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ആപത്താണ്. അതുകൊണ്ട്, രാജ്യത്തെ വർഗീയമുക്തമാക്കാനുള്ള എല്ലാത്തരം പോരാട്ടങ്ങളുടെയും ഭാഗമാവുക എന്നത് ഏതൊരു ജനാധിപത്യവാദിയുടെയും കടമയാണ്.
ഈയൊരു ഇന്ത്യൻ പശ്ചാത്തലത്തിലാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ 'ജനപക്ഷ വൈജ്ഞാനിക കേരളം" എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിട്ടുള്ളത്. വൈജ്ഞാനിക കേരളം എന്നു മാത്രം പറയാതെ എന്തിനാണ് ജനപക്ഷ വൈജ്ഞാനിക കേരളം എന്നു പറയുന്നത് എന്ന ചോദ്യം ഉയർന്നേക്കാവുന്നതാണ്. എന്നാൽ വൈജ്ഞാനിക സമ്പദ്ഘടന സൃഷ്ടിക്കുമ്പോൾ, അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളടക്കമുള്ള മുഴുവൻ മനുഷ്യർക്കും ശ്രേയസ്കരമാകണം എന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലുള്ളത്.
ഇതു മനസിലാക്കാൻ കേന്ദ്ര സർക്കാരിന്റെ 2020-ലെ വിദ്യാഭ്യാസ നയം (NEP) മാത്രം നോക്കിയാൽ മതി. രാജ്യത്ത് ഏതാണ്ട് തൊള്ളായിരത്തോളം സർവകലാശാലകളും അരലക്ഷത്തോളം കോളജുകളും ഉണ്ടെന്നാണ് കണക്ക്. 2030 ആകുന്നതോടെ ഇവ സാമ്പത്തികമായി സ്വയംപര്യാപ്തമാകണമെന്നാണ് നിർദ്ദേശിക്കുന്നത്. ഇതിനാകട്ടെ, മൂലധനവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് തിരിയണം. നൈപുണ്യ വികസനമാണ് പ്രധാന ലക്ഷ്യം. കോർപറേറ്റ് സംവിധാനങ്ങൾക്ക് ലാഭം കൊയ്യാൻ ഉതകുന്ന വിധത്തിൽ പുതിയ തലമുറയുടെ ശേഷീ വികസനം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ നയത്തിന്റെ ഒരു പ്രധാന പ്രശ്നം, സംവരണം ഇല്ലാതാകുമെന്നതാണ്. അതുപോലെ, വിദ്യാഭ്യാസത്തിന്റെ
മതനിരപേക്ഷ മൂല്യം നഷ്ടപ്പെടും. മഹാഭൂരിപക്ഷവും ജാതീയാടിസ്ഥാനത്തിലുള്ള കുലത്തൊഴിലുകളിലേക്ക് തിരിച്ചുപോകണമെന്നാണ് ഇക്കൂട്ടർ ഉദ്ദേശിക്കുന്നത്. മനുസ്മൃതി ഭരണഘടനയാക്കി മാറ്റണം എന്നു വാദിക്കുന്നവർ ഇങ്ങനെ ചിന്തിക്കുന്നതിൽ അത്ഭുതമില്ലല്ലോ! ഫലത്തിൽ, ഉന്നത വിദ്യാഭ്യാസം ഒരു elite class-ന്റെ കൈപ്പിടിയിലാകും. സ്റ്റേറ്റ് ലിസ്റ്റിലായിരുന്ന വിദ്യാഭ്യാസം 1972-ൽ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതാണല്ലോ.
India:The Mother of Democracy എന്ന പേരിൽ UGC മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിന്റെ പൊരുളും നാം അറിയേണ്ടതുണ്ട്. 5000 വർഷത്തെ ചരിത്രം ചൂണ്ടിക്കാട്ടി സവർക്കറും ഗോൾവാൾക്കറുമൊക്കെ പറഞ്ഞതു പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രം (Hinduthwa Ideology) അടിച്ചേല്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇന്ത്യയുടെ വൈവിദ്ധ്യങ്ങളും കൂടിച്ചേരലുകളുമൊക്കെ അപ്രസക്തമാക്കി, വേദതത്വങ്ങളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണ വ്യവസ്ഥയും വർണാശ്രമ ധർമ്മവും അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്.
വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുവാദം നൽകാനുള്ളതാണ് മറ്റൊരു നീക്കം. ഇതു നടപ്പായാൽ, ഫീസ്, അദ്ധ്യാപക നിയമനം, പരീക്ഷ, മറ്റു ഭരണ നടപടികൾ എന്നിവയിലെല്ലാം വിദേശ സർവകലാശാലകൾക്ക് അധികാരമുണ്ടാകും. ഇതിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കും. മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ നിയമ, നിയന്ത്രണ, ഭരണ അധികാരങ്ങളും വിദേശ സർവകലാശാലകൾക്കും ലഭിക്കും.
ഇത്തരമൊരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് മാനുഷികതയിൽ ഊന്നിയുള്ള വൈജ്ഞാനിക കേരളം സൃഷ്ടിക്കാൻ കേരളം ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ രണ്ടു തരത്തിലാണ് ഇത് നിർവഹിക്കാൻ ശ്രമിക്കുന്നത്. നൂതനാശയങ്ങളെയും കണ്ടുപിടിത്തങ്ങളെയും ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തുന്നതാണ് ഒന്ന്. രണ്ടാമത്തേത്, നിലവിലുള്ള പരമ്പരാഗത വ്യവസായങ്ങളെയടക്കം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബയോ മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ 22 മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence) ആരംഭിച്ചിട്ടുണ്ട്. 1000 കോടി മുതൽമുടക്കിൽ നാല് സയൻസ് പാർക്കുകൾ കൊണ്ടുവന്നു. ഡിജിറ്റൽ സർവകലാശാലയിൽ ഡിജിറ്റൽ സയൻസ് പാർക്കിന് രൂപം നൽകി.
ഗ്രഫീനെ (Gaphine) പുതിയ ഉത്പന്നമാക്കുന്ന പ്രക്രിയ രാജ്യത്ത് ആദ്യമായി ആരംഭിച്ചു. ഇതിന്റെ ഭാഗമായി Graphine Arora, Graphine Innovation Centre എന്നീ സ്ഥാപനങ്ങൾ കളമശേരിയിൽ കൊണ്ടുവന്നു. സ്റ്റാർട്ടപ്പുകളുടെ എണ്ണം അഞ്ഞൂറിൽ നിന്ന് 6000 ആയി വർദ്ധിപ്പിച്ചു. ഐ.ടി പാർക്കുകൾ വികേന്ദ്രീകരിച്ചു. കൊട്ടാരക്കര, കൊരട്ടി തുടങ്ങിയ രണ്ടാംനിര നഗരങ്ങളിലേക്ക് ഐ.ടി വികസന സാദ്ധ്യതകൾ കൊണ്ടുവന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ ഐ.ടി കോറിഡോറുകൾ സ്ഥാപിച്ചു.
നേരത്തെ നടത്തിയ ഒരു സർവെയിൽ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇടയ്ക്കുവച്ച് തൊഴിൽ നിറുത്തി, അഞ്ചര ലക്ഷം യുവാക്കൾ തിരികെ നാട്ടിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇവർക്കായി work near home സംവിധാനമുണ്ടാക്കി. ഇതിനായി 14 കേന്ദ്രങ്ങൾ സ്ഥാപിച്ചു. അമേരിക്കൻ അക്കൗണ്ടുകൾ വരെ ഇവിടെ സ്വന്തം വീടുകളിലിരുന്ന് ചെയ്യാമെന്ന സ്ഥിതിയുണ്ടാക്കി.
തൊഴിൽ ദാതാവിനെ തൊഴിലാളിയുമായി ബന്ധിപ്പിക്കുന്ന സംവിധാനമൊരുക്കി, കെ- ഡിസ്ക് ഇതിന്റെ മേൽനോട്ടം വഹിക്കുന്നു. തൊഴിൽ മേളകൾ സംഘടിപ്പിച്ച് സർക്കാർ തന്നെ വിവിധ സ്ഥാപനങ്ങൾക്ക് ഉദ്യോഗാർത്ഥികളെ നൽകുന്ന സ്ഥിതി കൊണ്ടുവന്നു. കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങി. ഗവേഷണ ഫലങ്ങൾ കടലാസിലൊതുക്കാതെ ഉത്പാദനവുമായി ബന്ധപ്പെടുത്തുന്ന സംവിധാനമൊരുക്കി. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി കാമ്പസിൽ റോബോട്ടിക്സ് എൻജിനിയറിംഗിൽ പ്രത്യേക പരിശീലനത്തിന് അവസരം സൃഷ്ടിച്ചു.
ഇത്തരത്തിലെല്ലാം വൈജ്ഞാനിക നേട്ടങ്ങളെ നമ്മുടെ ഉത്പാദന മേഖലയുമായി ബന്ധിപ്പിച്ചുള്ള വികസന സാദ്ധ്യതയാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതുവഴി നമ്മുടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനും, അവരുടെ അദ്ധ്വാനം നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ആത്യന്തികമായി, ഇത് സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനും സംഭാവനകൾ നല്കുന്നു. ഇതാകട്ടെ, എല്ലാവരെയും ചേർത്തുപിടിച്ചുള്ള വികസനമാണ് എന്ന സവിശേഷതയുമുണ്ട്.
(മുൻ ഇൻഫർമേഷൻ കമ്മിഷണറും, എ.കെ.പി.സി.ടി.എ മുൻ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |