
തിരുവനന്തപുരം: ''പൊങ്കാല, പൊങ്കാല ആറ്റുകാലമ്മയ്ക്ക് പൊങ്കാല...'' ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പാലക്കാട് കഞ്ചിക്കോട് ശിവക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് ഈ പാട്ട് കേട്ടപ്പോൾ അഞ്ചാം ക്ലാസുകാരനായ അനീഷിന് കൗതുകമായി. എവിടെയാണ് ആറ്റുകാൽ?എന്താണ് പൊങ്കാല? കഞ്ചിക്കോട് ക്ഷേത്രത്തിൽ പൂജാരിയായിരുന്ന പിതാവ് നാരായണൻ നമ്പൂതിരിയോട് അപ്പോൾ തന്നെ ചോദിച്ചു.
ദൂരെ തെക്കുദേശത്തെ ക്ഷേത്രമാണെന്നും അവിടത്തെ പ്രശസ്ത ഉത്സവമാണ് പൊങ്കാലയെന്നും മകന് പറഞ്ഞുകൊടുത്തു.
അപ്പോൾ തന്നെ മനസുകൊണ്ടു തൊഴുത ബാലൻ 35 വർഷത്തിനുശേഷം മേൽശാന്തിയായി ആറ്റുകാൽ സന്നിധിയിലുണ്ട്. ദേവിയുടെ ഉടവാളിനൊപ്പം അനീഷ് നമ്പൂതിരിയുടെ കൈയിലും കാപ്പുകെട്ടിയതോടെയാണ് പൊങ്കാല മഹോത്സവം ആരംഭിച്ചത്.
''ഇത് മഹാഭാഗ്യമാണ്. അച്ഛൻ പറഞ്ഞു തന്ന കഥകൾ കേട്ട് ഒരിക്കൽ വന്നു. ക്യൂ നിന്നു തൊഴുതുമടങ്ങി. അന്ന് ഏതാനും നിമിഷങ്ങളേ ദേവിയെ കണ്ടുള്ളൂ. പിന്നെ വന്നത് മേൽശാന്തിയുടെ പരീക്ഷയ്ക്കാണ്. അന്നും തൊഴുതുമടങ്ങി. മൂന്നാം വരവ് മേൽശാന്തിയായി.
ഭക്തജനങ്ങളുടെ പ്രാർത്ഥന ശ്രീകോവിലിനു പുറത്തു മുഴങ്ങുമ്പോൾ, അകത്ത് അവർക്കായി പൂജ കഴിപ്പിക്കും. അപ്പോൾ ദേവീ ചൈതന്യം അനുഭവിച്ച് അറിയാൻ സാധിക്കും''- അനീഷ് നമ്പൂതിരി പറഞ്ഞു.
2017ൽ ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു .
''അവിടെ ദുർഗാദേവീ സങ്കൽപ്പത്തിലാണ് പൂജ, ഇവിടെ ഭദ്രാദേവീ സങ്കൽപ്പത്തിലാണ്. ഇവിടെ ശക്തേയ സമ്പ്രദായമാണ്. ശാന്തസ്വഭാവത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന ഭാവത്തിലാണ് ആറ്റുകാൽ ഭഗവതി. മാളികപ്പുറത്ത് വൈഷ്ണവം ആണ്.''
മയ്യനാട് വലിയതോട്ടത്തുകാവ് മഹാദേവ ക്ഷേത്രത്തിൽ പൂജകഴിച്ചുകൊണ്ടിരിക്കെയാണ് ആറ്റുകാൽ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കുടുംബം ഇപ്പോൾ കൊല്ലം മയ്യനാട്ടാണ്. സാവിത്രി അന്തർജ്ജനമാണ് അമ്മ. ഭാര്യ ശ്രീവിദ്യ അദ്ധ്യാപികയാണ്. മകൻ അഭിഷേക് പത്താം ക്ലാസിൽ പഠിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |