
ചങ്ങനാശേരി: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമെന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യം എൻ.എസ്.എസ് നേതൃത്വം നിരസിച്ചു. മുൻകൂർ അനുമതി വാങ്ങാത്തതിനെ തുടർന്നാണിത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഡോഗ് സ്ക്വാഡ് എത്തിയപ്പോഴാണ് പുഷ്പാർച്ചനയുടെ കാര്യം എൻ.എസ്.എസ് അറിയുന്നത്. തുടർന്ന് പരിശോധന നടത്താൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ നിലപാടെടുത്തു. ഇന്നലെ രാവിലെയാണ് ഉപരാഷ്ട്രപതിയുടെ സന്ദർശന ഷെഡ്യൂളിൽ മന്നം സമാധിയിലെ പുഷ്‌പാർച്ചനയും ഉൾപ്പെടുത്തിയത്.
ചങ്ങനാശേരി എസ്.ബി കോളേജിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. എൻ.എസ്.എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിലാണ് അദ്ദേഹം ഹെലികോപ്ടർ ഇറങ്ങുന്നത്. എൻ.എസ്.എസ് ഗസ്റ്റ് ഹൗസും അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനകൾ ദിവസങ്ങളായുണ്ട്. പുഷ്പാർച്ചന സന്ദർശന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് സുരക്ഷാച്ചുമതലുള്ള പൊലീസുകാർ ഡോഗ് സ്ക്വാഡുമായി എത്തിയത്.
വൈകിട്ട് 3.30ന് എസ്.ബി കോളേജിലെ കാവുകാട്ട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്ടറിലാണ് ചങ്ങനാശേരിയിലെത്തുന്നത്.
നരസിംഹറാവുവിനെയും തടഞ്ഞു
1996ൽ പ്രധാനമന്ത്രി പി.വി.നരസിംഹറാവു ചങ്ങനാശേരിയിലെത്തിയപ്പോഴും മന്നം സമാധിയിലുള്ള പരിശോധന അന്നത്തെ നേതൃത്വം തടഞ്ഞിരുന്നു. മന്നം സമാധി ക്ഷേത്രം പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻനായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |