SignIn
Kerala Kaumudi Online
Sunday, 01 March 2026 8.37 AM IST

ഹേമകൂടത്തിലെ ശിലാനഗരം

Increase Font Size Decrease Font Size Print Page
d

ഹംപി! ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ ആസ്ഥാനം. മഹത്തായൊരു സാമ്രാജ്യത്തിന്റെ ഉയർച്ചയുടെയും പതനത്തിന്റെയും ഈ സംഗമഭൂമി കർണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിയുടെ തീരത്ത്,​ പർവത നിരകളുടെ കാവലിൽ വിജയനഗരത്തിന്റെ ഭൂതകാല പ്രതാപത്തിന്റെ കഥകൾ അയവിറക്കി ഒരു പകൽക്കിനാവ് പോലെ വിരാജിക്കുന്നു.

മഹത്തായ ആ സാംസ്‌കാരിക പൈതൃകത്തിന്റെ തിരുശേഷിപ്പുകൾ തേടി ഹംപിയിലെത്തുന്ന ചരിത്ര വിദ്യാർത്ഥികളെയും ടൂറിസ്റ്റുകളെയും ആദ്യം സ്വാഗതം ചെയ്യുന്നത് മലനിരകളിൽ അങ്ങിങ്ങായി വിതാനിക്കപ്പെട്ട പാറക്കൂട്ടങ്ങളായിരിക്കും! പ്രകൃതിയുടെ അജ്ഞാത കരങ്ങളാൽ പല വലിപ്പത്തിലും ആകൃതിയിലും ഒന്നിനു മീതെ ഒന്നായി,​ കൃത്യമായി അടുക്കിവയ്ക്കപ്പെട്ട ശിലാഖണ്ഡങ്ങൾ! ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നടന്ന ഏതോ പ്രകൃതി പ്രതിഭാസത്താൽ ഉയർന്നുപൊങ്ങിയ മലനിരകൾ! നൂറ്റാണ്ടുകളായി സംഭവിച്ചുവന്ന മണ്ണുനീക്കൽ പ്രക്രിയയിൽപ്പെട്ട് കാലാന്തരത്തിൽ നഗ്നമാക്കപ്പെട്ട ഹംപിയിലെ പാറക്കൂട്ടങ്ങൾ മറ്റൊരു വാസ്തുശില്പ സമുച്ചയം തന്നെയാണ്.

ലോക പൈതൃക പട്ടികയിൽ ഇടം നേടത്തക്ക വിധം കിടയറ്റ ശില്പങ്ങളാൽ കല്ലിൽ കവിത വിരിയിക്കാൻ ഹംപിയിലെ ശില്പികൾക്ക് പ്രചോദനമേകിയത് പ്രകൃതി കനിഞ്ഞരുളിയ ഈ നൈസർഗിക ശില്പ ഭംഗിയായിരിക്കാം. ഹേമകൂട പർവതത്തിന്റെ ഓരം പറ്റി, സ്വാഗത കവാടം കടന്ന് നമ്മൾ ഹംപിയുടെ ഹൃദയഭാഗത്തേക്ക് നടന്നടുക്കുന്നത് ഒരുകാലത്ത് സമ്പദ്സമൃദ്ധവും ജനനിബിഡവുമായിരുന്ന പുരാതന ഹംപി ബസാറിന്റെ അസ്ഥിപഞ്ജരം ചവിട്ടിക്കടന്നാണ്!

ഹംബി ബസാർ

എന്ന വിസ്മയം

കന്നടയുടെ ചുവ കലർന്ന മുറി ഇംഗ്ലീഷിലുള്ള ഗൈഡിന്റെ വാക്ധോരണികളിൽ നിന്ന്, മുത്തും പവിഴവും രത്നങ്ങളും വില്പന നടത്തിയിരുന്ന പഴയ രാജ്യാന്തര വ്യാപാര കേന്ദ്രത്തിന്റെ സമൃദ്ധിയുടെ ചിത്രം നമ്മുടെ മനസിലും പുനർജ്ജനിക്കാതിരിക്കില്ല. ചിട്ടയായി ആസൂത്രണം ചെയ്ത,​ അതിവിശാലമായ വില്പന കേന്ദ്രങ്ങൾ. ഓരോ ദിവസവും ഓരോ ഉത്പന്നം മാത്രം വില്പന നടത്താൻ തുറന്നിടുന്ന പ്രത്യേക മാർക്കറ്റ് സമുച്ചയങ്ങൾ! ഒരുഭാഗത്ത് മുത്തും രത്നവുമാണെങ്കിൽ,​ മറുഭാഗത്ത് സുഗന്ധ ദ്രവ്യങ്ങളും വിലപ്പെട്ട ലോഹങ്ങളും അമൂല്യമായ കല്ലുകളും കലാവസ്തുക്കളും നാടൻ കരകൗശല വിദഗ്ദ്ധരുടെ കരവിരുതിനാൽ കമനീയമാക്കപ്പെട്ട വസ്ത്രങ്ങളും കാർഷികോത്പന്നങ്ങളും!

നാട്ടിലെ പ്രമാണിമാർക്കൊപ്പം പോർച്ചുഗീസുകാരും അറബികളും സിലോണിയരും ചൈനാക്കാരുമൊക്കെ ഇവിടെ വ്യാപാരത്തിനായി എത്തിയിരുന്നു. സ്വർണ നാണയങ്ങൾ അളവു പാത്രങ്ങളിൽ അളന്നായിരുന്നുവത്രേ വിനിമയം നടത്തിയിരുന്നത്. അന്നത്തെ ഏറ്റവും പ്രധാന സ്വർണനാണയം ആയിരുന്നു വരാഹൻ.
വിദേശ സഞ്ചാരികളുടെ വിവരണങ്ങൾ വിജയനഗര സാമ്രാജ്യത്തിന്റെ സമൃദ്ധിയെക്കുറിച്ചും ജനസാന്ദ്രതയെക്കുറിച്ചും ഒക്കെ വിസ്തരിക്കുന്നുണ്ട്. അന്നത്തെ പ്രമുഖ സഞ്ചാരികളായിരുന്ന നിക്കോളോ കോണിയും ബർബോസയും മറ്റും പൊടിപ്പും തൊങ്ങലും ചേർത്ത് ഹംപിയിലെ വിശേഷങ്ങൾ വിവരിക്കുന്നുണ്ട്.

വിജയനഗരത്തോട് കിടപിടിക്കുന്ന ഒരു നഗരം ഭൂമുഖത്ത് മറ്റൊരിടത്തും മനുഷ്യർ കാണുകയോ അങ്ങനെയുള്ള ഒന്നിനെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് അനേക രാജ്യങ്ങൾ സഞ്ചരിച്ച് വിജയനഗരത്തിലെത്തിയ അന്നത്തെ അറബി സഞ്ചാരി അബ്ദുൽ റസാഖ് പറയുന്നു. ഡോമിൻ ഗോ പേയസ് എന്ന പോർച്ചുഗീസ് സഞ്ചാരി,​ സമ്പദ്സമൃദ്ധിയിൽ വിജയനഗരത്തെ റോമൻ സാമ്രാജ്യവുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

മലനിരയിലെ

ക്ഷേത്ര നഗരം


ഹേമകൂട പർവതത്തിൽ അങ്ങിങ്ങായി ഒട്ടേറെ മണ്ഡപങ്ങളും കൊച്ചുകൊച്ചു ക്ഷേത്രങ്ങളും കാണാം. മല‍ഞ്ചെരിവുകളിൽ,​ ഒറ്റക്കല്ലിൽ തീർത്ത ഗണേശ പ്രതിമകൾ,​ താഴെ വടക്കു ഭാഗത്ത് ചിരപുരാതനമായ വിരൂപാക്ഷ ക്ഷേത്രം! ഏഴാം നൂറ്റാണ്ടിൽ പണിതതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോഴും ആരാധന നടക്കുന്നു. ശിവപുരാണവുമായി ബന്ധപ്പെട്ട ഒട്ടേറെ ഐതിഹ്യങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ് വിരൂപാക്ഷ ക്ഷേത്രം. ശിവനെ വിരൂപാക്ഷനായാണ് ഇവിടെ ആരാധിക്കുന്നത്.


ഹംപി ബസാർ അവസാനിക്കുന്നിടത്ത് ഒറ്റക്കല്ലിൽ തീർത്ത നന്ദി പ്രതിമയുണ്ട്. ഇടതുവശത്ത് അല്പം താഴെയായി ഒഴുകുന്ന തുംഗഭദ്ര നദിയുടെ തീരത്ത് ചക്രതീർത്ഥം. തുംഗഭദ്ര‌യുടെ പഴയ പേര് പമ്പാ നദി എന്നായിരുന്നു. പമ്പ ലോപിച്ചാണത്രേ ഹംപിയായത്! മലനിരകളുടെ ഓരോ ഭാഗത്തെയും രാമായണ കഥയുമായി ആവേശപൂർവം ബന്ധിപ്പിക്കുകയാണ് ഗൈഡ്. ബാലി സുഗ്രീവന്മാരുടെ രാജധാനിയായ കിഷ്‌ക്കിന്ധ ഈ മലയടിവാരത്തിലായിരുന്നുവത്രെ. ബാലി തപസു ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹ കൺമുമ്പിൽത്തന്നെ! അഞ്ജനേയൻ കുന്നിന്റെ മുകളിലാണത്രേ സാക്ഷാൽ ഹനുമാന്റെ ജന്മസ്ഥലം!

വിഷ്ണുദേവന്റെ

വിത്തല ക്ഷേത്രം


വിജയനഗര വാസ്തുവിദ്യയുടെ പൂർണത നുകരാൻ വിത്തല ക്ഷേത്രത്തിനു മുന്നിലെത്തണം. വിഷ്ണുവാണ് ഇവിടത്തെ ആരാധനാമൂർത്തി. ലോകപ്രശസ്തമായ കൽരഥം ഈ ക്ഷേത്രമുറ്റത്താണ്. കർണാടക സർക്കാരിന്റെ

ഔദ്യോഗിക ടൂറിസം മുദ്ര‌യാണ് ഈ കൽരഥം . പണ്ട് ഉത്സവ വേളയിൽ ഈ കൽ രഥം ചലിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. വിത്തല ക്ഷേത്ര സമുച്ചയത്തിലെ നിർമ്മിതികളെല്ലാം വാസ്തുവിദ്യയിലും ശില്പഭംഗിയിലും ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു. കല്ലുകളിൽ നിന്ന് സംഗീതം പൊഴിയുന്ന 56 സംഗീത സ്തൂപങ്ങളാൽ നിർമ്മിക്കപ്പെട്ട മണ്ഡപം ഒരു നിത്യവിസ്മയം തന്നെ!

ഓരോ തൂണിലും തട്ടുമ്പോൾ ഭാരതീയ സംഗീതത്തിന്റെ അടിസ്ഥാനങ്ങളായ സപ്തസ്വരങ്ങൾ ഉണരുന്നത് സഞ്ചാരികളെ കേൾപ്പിക്കാൻ പാടുപെടുകയാണ് ഗൈഡ്! ബ്രിട്ടീഷ് ആർക്കിയോളജിക്കൽ വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാർ ഈ സംഗീത രഹസ്യം തേടി നടത്തിയ പഠനങ്ങളൊക്കെ വൃഥാവിലായത്രേ! ഹംപിയുടെ മറ്റൊരു പാർശ്വത്തിലൂടെ സഞ്ചരിക്കുമ്പോൾ കണ്ണിലുടക്കുന്നത് ഹസാര രാമസ്വാമി ക്ഷേത്രം. രാമായണ കഥ മുഴുവൻ കൊത്തിയ ആയിരം കല്ലുകളാൽ നിർമ്മിതമായ ഈ വാസ്തുശില്പം വിജയനഗര രാജാക്കന്മാരുടെ കുടുംബ ക്ഷേത്രമായിരുന്നു.

രാജ്ഞിമാർ ജലക്രീഡകൾക്ക് ഉപയോഗിച്ചിരുന്ന 'ക്യൂൻസ് ബാത്തി"ന്റെ പുറംഭാഗം കണ്ടാൽ തികച്ചും സാധാരണ കെട്ടിടം പോലെ. അതിനകത്ത് ഒരുക്കിവച്ചിരിക്കുന്ന രാജകീയ സംവിധാനങ്ങളെപ്പറ്റി

കേട്ടറിയുമ്പോൾ വിസ്മയം തോന്നാതിരിക്കില്ല. അല്പം മുമ്പോട്ടു നടന്നാൽ 'ലോട്ടസ് മഹൽ." പോർച്ചുഗീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അക്കാലത്ത് എയർകണ്ടിഷൻ ചെയ്‌തൊരുക്കിയ,​ രാജ്ഞിമാരുടെ വേനൽക്കാല വസതി. ഹിന്ദു- മുസ്ലിം വാസ്തുവിദ്യയുടെ ഈ സമഞ്ജസ സമ്മേളനത്തിന് കാലം ഏറെയെന്നും മങ്ങലേല്പിച്ചിട്ടില്ല.

സ്മാരകങ്ങളുടെ

സാമ്രാജ്യം!

ഇടതുഭാഗത്ത് കൊട്ടാരത്തിലെ ലക്ഷണമൊത്ത ആനകൾക്കായി പണിത ആനക്കൊട്ടിൽ ഒരു കൊച്ചു കൊട്ടാരം പോലെ. ഹിന്ദു- മുസ്ലിം- ബുദ്ധ വാസ്തുവിദ്യയുടെ സങ്കലിത രൂപമാണിത്. പാതി നശിച്ചും ഇനിയും നശിക്കാതെയുമായി അഞ്ഞൂറോളം ചരിത്ര സ്മാരകങ്ങൾ ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുന്ന ഒരു തുറന്ന പുരാവസ്തു കേന്ദ്രമാണ് ഇന്ന് ഹംപി. ഒരു ഓട്ടപ്രദക്ഷിണത്തിൽ ഇവയെല്ലാം ഒന്ന് കാണണമെങ്കിൽത്തന്നെ ദിവസങ്ങൾ വേണ്ടിവരും. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളെല്ലാം എട്ട് കിലോമീറ്റർ ചുറ്റളവിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇത്ര ചെറിയ ദൂരപരിധിയിൽ ഇത്രയേറെ ചരിത്രസ്മാരകങ്ങൾ വെളിപ്പെട്ടുകിടക്കുന്ന ഇടം ലോകത്ത് മറ്റെവിടെയും ഇല്ലാത്തതുകൊണ്ടാവാം,​ അന്തർദ്ദേശീയ തലത്തിൽ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന ബോദ്ധ്യത്താൽ 1986-ൽ യുനെസ്‌കോ ഹംപിയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലേക്കുള്ള മുസ്ലിം രാജാക്കന്മാരുടെ അധിനിവേശത്തിന് തടയണ തീർക്കാനാണ് 1336-ൽ വിജയനഗരം സ്ഥാപിതമായത്. ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരുടെ അനുഗ്രഹത്തോടെ,​ വിദ്യാരണ്യൻ എന്ന സന്യാസിയുടെ സഹായം സ്വീകരിച്ച്,​ ഹരിഹരൻ, ബുക്കാൻ എന്നീ സഹോദരന്മാർ ഹിന്ദു രാജാക്കന്മാരെ സംഘടിപ്പിച്ച് തുംഗഭദ്രാ തീരത്ത് വിജയനഗരം പണിതുവെന്നാണ് ചരിത്രം. ഡെക്കാനിലെ ബാമിനി സുൽത്താന്മാരുമായുള്ള നിരന്തര ഏറ്റുമുട്ടലിന്റെ ചരിത്രമാണ് വിജയനഗരത്തിന്റെ ചരിത്രം.

സുവർണ

കാലഘട്ടം


പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നാടുഭരിച്ച കൃഷ്ണദേവയുടെ (1509- 1529) കാലത്തെയാണ് വിജയനഗര സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടമായി ചരിത്രം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ കാലത്ത് രാജ്യം ഒറീസയുടെ തീരംവരെ വിസ്തൃതമായിരുന്നുവത്രേ! ഹംപിയിൽ ഇന്നു കാണുന്ന പല ക്ഷേത്രങ്ങളുടെയും സ്മാരകങ്ങളുടെയും നിർമ്മാണം മിക്കതും നടന്നത് ഈ കാലഘട്ടത്തിലാണ്.

വിരൂപാക്ഷ ക്ഷേത്രത്തിന്റെ സ്വാഗത ഗോപുരം , രംഗമണ്ഡപം , കൃഷ്ണക്ഷേത്രം , ഹസാര രാമക്ഷേത്രം, ഒറ്റക്കല്ലിൽ തീർത്ത ലക്ഷ്മീനരസിംഹ പ്രതിമ, വിത്തല ക്ഷേത്രം തുടങ്ങി ഒട്ടേറെ നിർമ്മിതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. കവിയും കലോപാസകനുമായിരുന്ന കൃഷ്ണദേവയുടെ രാജസദസ് തെന്നാലിരാമൻ അടക്കമുള്ള 'അഷ്ട ദിഗ്ഗജങ്ങൾ" എന്ന കവി സദസുകൊണ്ട് സമ്പന്നമായിരുന്നു . ഏഴുലക്ഷം വരുന്ന കാലാൾപ്പടയും ഒന്നരലക്ഷം കുതിരകളും 500 ആനകളും ഉൾപ്പെട്ട വൻ സൈന്യമായിരുന്നുവത്രേ അക്കാലത്ത് സജ്ജീകരിക്കപ്പെട്ടിരുന്നത്!

മണ്ണടിഞ്ഞ

മഹാനഗരം

നാഗരികത കൊടിയടയാളമാക്കി വാണ ഒരു ജനതയുടെ ചരിത്ര ശേഷിപ്പുകൾ ഒന്നൊന്നായി കണ്ട് അഭിമാനത്തോടെ ഹംപിയിലെ 'റോയൽ എൻക്ലോഷറി"ൽ എത്തുമ്പോൾ ഹൃദയഭേദകമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിപ്പുണ്ടാവുക! 59,​000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കൊട്ടാര സമുച്ചയം നിന്നിരുന്ന 'റോയൽ എൻക്ലോഷർ,​" കല്ലിനുമേൽ കല്ല് ശേഷിപ്പിക്കാതെ തകർത്തു തരിപ്പണമാക്കപ്പെട്ടിരിക്കുന്നു! ഈ ശ്മശാന ഭൂമിയിൽ തലയുയർത്തി നിൽക്കുന്നത് കരിങ്കല്ലിൽ പണിത,​ പന്ത്രണ്ടു മീറ്റർ ഉയരത്തിലുള്ള മഹാനവമി ഡബ്ബ എന്ന രാജാവിന്റെ നിലപാടുതറ മാത്രം! ഇതിനു മുകളിലിരുന്നായിരുന്നത്രേ വിജയനഗര രാജാക്കന്മാർ ആഘോഷങ്ങളും സൈനിക പരേഡുകളുമെല്ലാം വീക്ഷിച്ചിരുന്നത്.


കൃഷ്ണദേവരായർക്കു ശേഷം അധികാരമേറ്റ അശക്തരായ പിൻഗാമികളുടെ കയ്യിൽ വിജയനഗര സാമ്രാജ്യം ദുർബലമാവുകയായിരുന്നു. തക്കംപാർത്തു കഴിയുകയായിരുന്ന ഡെക്കാനിലെ സുൽത്താന്മാർ അവസരത്തിനൊത്ത് ഉണർന്നു. നാല് രാജ്യങ്ങളായി വിഘടിച്ചു നിന്നിരുന്ന അവർ പൊതുശത്രുവിനെതിരെ ഒന്നിച്ചു. ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട സുൽത്താന്മാരുടെ സൈന്യം വിജയനഗരത്തിലേക്ക് മാർച്ച് ചെയ്തു. 1565-ൽ തളിക്കോട്ടയിൽ വച്ച് നടന്ന നിർണായകമായ ആ യുദ്ധത്തിൽ വിജയനഗരത്തിന് പിടിച്ചുനിൽക്കാനായില്ല.

ഒരു ലക്ഷത്തിലേറെ വിജയനഗര സൈനികർ യുദ്ധത്തിൽ കുരുതി കൊടുക്കപ്പെട്ടു. കൈകൊണ്ട് നശിപ്പിക്കാവുന്നതും അഗ്നിക്കിരയാക്കാവുന്നതുമായ എല്ലാം നശിപ്പിക്കപ്പെട്ടു- ക്ഷേത്രങ്ങളും സ്മാരകങ്ങളും ബസാറുകളും എല്ലാം. ബലിഷ്ഠമായ കല്ലുകൾകൊണ്ട് പണിയുന്നതിനു പകരം,​ താരതമ്യേന ദുർബലമായ മണ്ണും കട്ടകളും ഉപയോഗിച്ചതുകൊണ്ടാവണം കൊട്ടാര സമുച്ചം ഒന്നാകെ നിലംപരിശായത് എന്നാണ് ചരിത്രകാരന്മാർ അനുമാനിക്കുന്നത്. മണ്ണിൽ മൂടപ്പെട്ടുപോയ റോയൽ എൻക്ലോഷറിന്റെ ചരിത്രാവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രമാണ് പുരാവസ്തു ഗവേഷകർ കണ്ടെടുത്തതും സംരക്ഷിക്കാൻ തുടങ്ങിയതും.


കൃഷ്ണശിലയിൽ തീർത്ത മനോഹരമായ പടവുകളോടുകൂടിയ ചതുരാകൃതിയിലുള്ള കുളവും ജലാശയത്തിനടിയിലെ,​ രാജാവിന്റെയും പ്രധാനികളുടെയും രഹസ്യ സങ്കേതവും ഭൂഗർഭ തുരങ്കങ്ങളും ജലസേചനത്തിനായി വിന്യസിക്കപ്പെട്ട കരിങ്കൽപ്പാളികളുമൊക്കെ പോറൽപോലും ഏല്ക്കാതെ ഇന്നും നിലനിൽക്കുന്നു. ബലിഷ്ഠമായ കരിങ്കൽ പാളികളാൽ തീർത്ത കൊട്ടാര വാതിൽ പൊതുദർശനത്തിനു വച്ചിട്ടുണ്ട്. രണ്ട് ആനകളെയായിരുന്നുവത്രേ,​ അക്കാലത്ത് വാതിൽ തുറക്കാനും അടയ്ക്കാനും നിയോഗിച്ചിരുന്നത്!

(ലേഖകന്റെ ഫോൺ: 94460 97241)​

TAGS: FEATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.