തിരുവനന്തപുരം : ജാതിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാനാണ് ഇടത്,വലത് മുന്നണികളുടെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
രാഷ്ട്രീയപോരാട്ടത്തിന് പകരം ജാതിപോരാട്ടമാണ് നടത്തുന്നത്. സാമൂഹിക നവോത്ഥാനത്തെ പിന്നോട്ടടിക്കാനാണിത്. സാമുദായിക സംഘടനകളുടെ പേര് ആവശ്യത്തിനും അനാവശ്യത്തിനും വലിച്ചിഴയ്ക്കുകയാണ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി യഥാർത്ഥ ഹിന്ദുവാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് തുടക്കം കുറിച്ചത്. ഇതിനെ പ്രതിപക്ഷ നേതാവ് എതിർത്തു. തുടർന്ന് മന്ത്രിമാരും എം.എൽ.എമാരും ജാതി പറഞ്ഞാണ് വോട്ടു പിടിക്കുന്നത് .
മാർക്ക് ദാന വിവാദത്തിലകപ്പെട്ട കെ.ടി.ജലീലിലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. എം.ജി സർവകലാശാല സിൻഡിക്കറ്റ് പിരിച്ചുവിടണം. ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എൻ.എസ്.എസിന്റെ നിലപാടിൽ ആശങ്കയില്ലെന്നും എൻ.എസ്.എസ് ഉയർത്തിയ വിശ്വാസ സംരക്ഷണത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് ബോദ്ധ്യമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |