ന്യൂഡൽഹി:ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെ തുർക്കി പ്രസിഡന്റ് റസിപ്പ് തയ്യിബ് എർദ്ദോഗൻ യു. എൻ പൊതുസഭയിൽ വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഒടുവിൽ നടത്താനിരുന്ന തുർക്കി സന്ദർശനം മാറ്റി വച്ചു.
കഴിഞ്ഞ ജൂണിൽ മോദിയും എർദ്ദോഗനും ജപ്പാനിലെ ഒസാക്കയിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സന്ദർശനം തീരുമാനിച്ചത്. എന്നാൽ കാശ്‌മീർ പ്രശ്നത്തിൽ തുർക്കി സ്വീകരിച്ച നിലപാട് ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. തുടർന്ന് സിറിയയിൽ തുർക്കിയുടെ സൈനിക നടപടിയെ കഴിഞ്ഞയാഴ്ച ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ നാവിക കപ്പലുകൾ നിർമ്മിക്കാൻ തുർക്കിയിലെ അനദോലു കപ്പൽ ശാലയ്‌ക്ക് കരാർ നൽകാനുള്ള തീരുമാനം പൊടുന്നനെ റദ്ദാക്കുകയും ചെയ്‌തു. അതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം റദ്ദാക്കിയത്.
അഞ്ച് കപ്പലുകൾ നിർമ്മിക്കാൻ 230 കോടി ഡോളറിന്റെ ( 16,000കോടി രൂപ ) കരാറാണ് തുർക്കി കപ്പൽ ശാലയ്‌ക്ക് നൽകിയിരുന്നത്. അനദോലു കപ്പൽശാല പാകിസ്ഥാന് വേണ്ടിയും കപ്പലുകൾ നിർമ്മിക്കുന്നതും കരാർ റദ്ദാക്കാൻ കാരണമാണ്. ഭീകരർക്കുള്ള ഫണ്ടിംഗിന്റെ പേരിൽ പാകിസ്ഥാന് അന്ത്യ ശാസനം നൽകിയ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതും ഇന്ത്യയെ അരിശം കൊള്ളിച്ചിട്ടുണ്ട്.
അതേസമയം, അഭിപ്രായ ഭിന്നതകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ തുർക്കി അംബാസഡർ സാക്കിർ ഓസ്‌കാൻ ടൊറുൻലാർ പറഞ്ഞു.
സിറിയയിലെ തുർക്കിയുടെ സൈനിക നടപടി ഭീകര വിരുദ്ധ ഓപ്പറേഷനാണ്. അത് വ്യക്തമായി മനസിലാകാതെയാണ് ഇന്ത്യ പ്രസ്‌താവന നടത്തിയത്. കാര്യം വ്യക്തമായ ശേഷം ഇന്ത്യ ഒന്നും പറഞ്ഞിട്ടില്ല.
അതുപോലെ, തുർക്കിയിൽ നിരോധിച്ച,
ഇസ്ലാമിക് പണ്ഡിതൻ ഫേത്തുള്ള ഗുലേനുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഇന്ത്യയിൽ ഉണ്ട്. ഉഭയകക്ഷി ബന്ധത്തെ ബാധിക്കാതിരിക്കാൻ അക്കാര്യം തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അംബാസഡർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |