
സൂപ്പർഹിറ്റായ മീശമാധവൻ സിനിമയിൽ അതുല്യകലാകാരൻ, നമ്മെ വിട്ടുപിരിഞ്ഞ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ കഥാപാത്രമാണ് ' പിടലി'. പിറകിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ , വലിയ ശരീരം മൊത്തത്തിൽ തിരിച്ച് പിറകിലേക്ക് നോക്കേണ്ടിവരുന്ന ആ കഥാപാത്രം സവിശേഷമായിരുന്നു. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ പേരുംപെരുമയും കടലേഴും കടത്തിയ നമ്മുടെ പ്രിയങ്കരിയായ ആരോഗ്യ മന്ത്രി വീണാജോർജ്ജ് പുറത്തേക്കിറങ്ങുമ്പോൾ കുരുത്തം കെട്ട കെ.എസ്.യുക്കാർ ഇനി പിടലി, പിടലി എന്നു പിന്നിൽ നിന്നു വിളിക്കുമോ എന്നതാണ് സി.പി.എമ്മിനെ ഇപ്പോൾ അലട്ടുന്നത്. കൊച്ചിൻ ഹനീഫയുടെ കഥാപാത്രം വെള്ളക്കോളറാണ് ധരിച്ചിരുന്നതെങ്കിൽ നമ്മുടെ മന്ത്രി ആശുപത്രിയിൽ കറുത്ത കോളർ അണിഞ്ഞതായാണ് ഐ.സി.യുവിൽ നിന്നു പുറത്തുവന്ന സെൽഫി സാക്ഷ്യപ്പെടുത്തുന്നത്.
' ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന ചൊല്ലു പോലെയാണ് വീണാജോർജ്ജ് സംഭവത്തിന്റെ ഒരു 'ഡെവലപ്മെന്റ്.' കാര്യങ്ങളുടെ സത്യാവസ്ഥയൊന്നും ആർക്കും അറിയേണ്ട. എല്ലാവരും വളഞ്ഞുകുത്തി നിന്ന് കിട്ടിയ അവസരം നോക്കി കുത്തുകയാണ് പാവം മന്ത്രിയെ. പഴയ 'അവതാരക ' പശ്ചാത്തലമുള്ളതിനാൽ നാല് വാക്ക് സ്പഷ്ടമായും സ്ഫുടമായും പറയാനറിയുന്ന ഒരു മന്ത്രിയാണ് വീണ.നിയമസഭയിലാണെങ്കിൽ അഞ്ചു വരികളുള്ള ചോദ്യം ചോദിച്ചാൽ അഞ്ഞൂറ് വരികളിലുള്ള മറുപടിയാണ് അവർ നൽകാറുള്ളത്. ( ശൈലജ ടീച്ചറുടെ പാരമ്പര്യം അതേപോലെ കാക്കണമല്ലോ). ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് എന്ത് അലോസരങ്ങളുണ്ടായാലും ഉടൻ അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്യാനുള്ള ശ്രദ്ധ അവർ എന്നും കാട്ടിയിരുന്നു. കിട്ടിയ റിപ്പോർട്ടുകൾ കേടുപാടു കൂടാതെ സൂക്ഷിക്കാൻ ഓഫീസിൽ ഒരു സ്ട്രോംഗ് റൂം പോലും സജ്ജമാക്കിയിട്ടുണ്ടെന്നാണ് ചില മിത്രങ്ങൾ പറയുന്നത്.
പക്ഷെ എന്തു ചെയ്യാൻ, എന്ന് ആരോഗ്യ വകുപ്പ് വീണാജോർജ്ജിന്റെ കൈയ്യിലേക്കു വന്നോ അന്നു മുതൽ ശനിയുടെ അപഹാരമാണ്. കോട്ടയത്ത് വെറുതെ നിന്ന മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞു വീഴുന്നു, കോഴിക്കോട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ കിടന്ന രോഗിയെ ജീവനക്കാരൻ പീഡിപ്പിക്കുന്നു,തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി മരണമടയുന്നു, ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിനുള്ളിൽ കത്രിക മറന്നു വയ്ക്കുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസുകാരിയുടെ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തുന്നു .... ഇങ്ങനെ 'ഒറ്റപ്പെട്ട സംഭവങ്ങളുടെ 'പെരുമഴക്കാലമാണ് കേരളം കണ്ടത്. ഇതിന് പുറമെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവി , ചികിത്സയ്ക്ക് ആവശ്യമായ 'ചുക്കില്ല, ചുണ്ണാമ്പില്ല 'എന്നൊക്കെ പരസ്യമായി പറഞ്ഞ് ആക്ഷേപിച്ചത്. ഇതൊക്കെയാണെങ്കിലും ആരോഗ്യമേഖലയിൽ കേരളം രാജ്യത്ത് നമ്പർ വണ്ണാണെന്ന കാര്യം എല്ലാവരും വിസ്മരിച്ചു.
ഈ വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കുമിടയിലാണ് മന്ത്രി ഓരോ ദിവസവും തന്റെ വകുപ്പിന്റെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ' ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂവ് ' എന്ന മട്ടിലാണ് ആരോഗ്യവകുപ്പിനെയും മന്ത്രിയെയും നിഷ്കരുണം പലരും ആക്രമിക്കുന്നത്. അല്പമെങ്കിലും മനുഷ്യപ്പറ്രുണ്ടായിരുന്നെങ്കിൽ കണ്ണൂരിൽ കെ.എസ്.യുക്കാർ ഇങ്ങനെയൊക്കെ കാട്ടുമായിരുന്നോ. വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് വീണാജോർജ്ജ് ബുധനാഴ്ച കണ്ണൂരിലെത്തിയത്. ബുധനാഴ്ച അത്ര നല്ല ദിവസമല്ലെന്ന് വൈകിയാണ് അവർക്ക് ബോദ്ധ്യപ്പെട്ടത്. റെയിൽവെ സ്റ്റേഷനിൽ ഇറങ്ങേണ്ട താമസം. കെ.എസ്.യുക്കാർ പാഞ്ഞടുത്തു. വളരെ സൗമ്യമായും സരസമായും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും അവരുണ്ടോ അടങ്ങുന്നു. അകെ ബഹളം. പൊലീസും വനിതാപൊലീസും എല്ലാം കൂടി കൂട്ടക്കുഴച്ചിൽ. ഇതിനിടയിലാണ് മന്ത്രിയുടെ കുരുന്നു കഴുത്ത് ആരോ പിടിച്ചു ഞെരിച്ചത്. പ്രതിഷേധക്കാരോട് മന്ത്രി തട്ടിക്കയറിയെന്നൊക്കെയാണ് ദോഷൈക ദൃക്കുകൾ പറഞ്ഞു പരത്തുന്നത്. 'എന്റെ കഴുത്തേ, എന്റെ കഴുത്തേ ' എന്നാണ് താൻ പറഞ്ഞതെന്ന് മന്ത്രി ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. ചാനലുകളാണെങ്കിൽ എന്തൊക്കെയോ ദൃശ്യങ്ങൾ തുടരെ കാട്ടുന്നു. പക്ഷെ അതെല്ലാം എ.ഐ വിദ്യയാണെന്ന് ശാസ്ത്രകുതുകിയായ എം.വി ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചു. വേദനാഭാരം താങ്ങാനാവാതെയാണ് മന്ത്രി ഒടുവിൽ ഐ.സി.യുവിൽ ഇരുന്നുകൊണ്ട് പ്രവേശിച്ചത്. എന്താണ് നടന്നതെന്നതിനെക്കുറിച്ച് സത്യവും അസത്യവുമെല്ലാം ഒരു പോലെ പ്രചരിച്ചു.
അപ്പോഴാണ് കുറ്റാന്വേഷണ വിദഗ്ദ്ധനായ എം.വി ജയരാജൻ സഖാവിന്റെ വരവ്. 'ബ്രോംസ്റ്റോക്കറു'ടെ നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും കോട്ടയം പുഷ്പനാഥിന്റെയും നീലകണ്ഠൻ പരമാരയുടെയും ഒക്കെ സ്റ്റൈലിൽ അപസർപ്പക വിദ്വാൻ എം.വി.ജെ കഥ വിസ്തരിച്ചു. മന്ത്രി വീണാജോർജ്ജ് റെയിൽവെ സ്റ്റേഷനിലൂടെ പൊലീസുകാർക്ക് നടുവിലൂടെ നടന്നു നീങ്ങുന്നു. അപ്പോൾ പിന്നാലെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കറുത്ത രൂപം. മന്ത്രിയുടെ ഒരു ഭാഗത്തേക്കു നീങ്ങിയ കറുത്ത രൂപത്തിന്റെ കറുത്ത കൈകൾ മന്ത്രിയുടെ കഴുത്തിന് നേരെ നീളുന്നു. ഠേ,ഠേ,ഠേ... മന്ത്രിയുടെ കഴുത്ത് ഞെരിഞ്ഞമരുന്നു... തുടരും എന്ന് ബ്രായ്ക്കറ്റിട്ട് എം.വി.ജെ കഥ നിർത്തി. ഓമ്പ്രാ.. എന്ന മട്ടിൽ ശാസ്ത്രകുതുകി എം.വി ഗോവിന്ദൻ മാഷും കഥ ഏറ്റുപിടിച്ച് മറ്റുള്ളവർക്ക് വിസ്തരിച്ചു കൊടുത്തു. മന്ത്രിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം അദ്ദേഹം സമർത്ഥിച്ചു.
ഇത്രയും ഭീതിദമായ സംഭവങ്ങൾ നടക്കുമ്പോഴാണ് കുറെ പേർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം എത്തിച്ചാൽ ലക്ഷങ്ങൾ പാരിതോഷികം തരുമെന്നും കുഴിമന്തി ഉരുട്ടി തരുമെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ' ഓന്തിന് മരണവെപ്രാളം, പിള്ളേർക്കൊരു കളി' എന്ന പോലെയായി കാര്യങ്ങളുടെ പോക്ക്.
പരിക്ഷീണയായിട്ടാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സിയുവിൽ മന്ത്രിയെ പ്രവേശിപ്പിച്ചത്. അവിടെ പരിചരിക്കാൻ നിന്ന നഴ്സുമാർക്കാവട്ടെ ടെലിവിഷൻ ചാനലിലെ പഴയ അവതാരക സുന്ദരിയെ കണ്ടപ്പോൾ കടുത്ത ആരാധന. പിടലിയും കോളറുമൊന്നും നോക്കിയില്ല, ഒട്ടിപ്പിടിച്ചു നിന്ന് ഒരു സെൽഫിയുമെടുത്തു. മന്ത്രിയുടെ ചോരയ്ക്ക് വേണ്ടി ദാഹിച്ചു നിന്ന കശ്മലന്മാർക്ക് അടുത്ത ശാപ്പാടായി സെൽഫി. ഒരു ആരോഗ്യ മന്ത്രിയായിപ്പോയാൽ എന്തെല്ലാം സഹിക്കേണ്ടിവരും. തന്റെ വിഖ്യാതമായി തീർന്ന കഴുത്തും അതിൽ ചാർത്തിയ കോളറും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകളായി രൂപപ്പെടുമെന്നതു മാത്രമാണ് ഏക ആശ്വാസം.
ഇതുകൂടി കേൾക്കണേ
സാങ്കേതിക വിദ്യ അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നു. എന്തു നടന്നാലും അത് അപ്പോൾ തന്നെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള കണ്ണുകൾ നമ്മെ അറിയാതെ പിന്തുടരുന്ന കാലം. കാണുന്നതും കേൾക്കുന്നതും തമ്മിൽ പൊരുത്തമില്ലാതെ വന്നാൽ ഉള്ള വിശ്വാസ്യതയാവും നഷ്ടമാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |