
കിളിമാനൂരിനടുത്ത് നഗരൂരിൽ കഴിഞ്ഞ ദിവസം നടുറോഡിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ ജീപ്പിന് കുറുകെ കാർ നിറുത്തി സി.പി.എം പ്രാദേശിക നേതാക്കൾ നടത്തിയ അട്ടഹാസവും അസഭ്യവർഷവും കേരളം മുഴുവൻ കണ്ടതാണ്.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിനെതിരെ കോൺഗ്രസുകാരുടെ പരാതിയിൽ കേസെടുക്കുകയും പ്രതികളുടെ വീടുകളിൽ നോട്ടീസ് നൽകിയതുമാണ് സി.പി.എം നേതാക്കളെ പ്രകോപിപ്പിച്ചത്. ഭരണത്തിന്റെ ഹുങ്കിൽ നിയമം കൈയിലെടുത്ത് പാെലീസിനുനേരെ അഴിഞ്ഞാട്ടം നടത്തുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുകയില്ല. ജീപ്പിനു കുറുകെ നിറുത്തിയ കാറിൽ നിന്നിറങ്ങിയ പാർട്ടി നേതാക്കൾ തെറി പറഞ്ഞതിനൊപ്പം എസ്.ഐയെ വൈകുന്നേരത്തിനകം സ്ഥലം മാറ്റുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നടുറോഡിലെ അഭ്യാസത്തിന് പുറമേ സ്റ്റേഷനിലെത്തിയും ഭീഷണി തുടർന്നു. നിയമപാലകരോടുള്ള വെല്ലുവിളി സംസ്ഥാനത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയായിട്ടേ കണക്കാക്കാനാവുകയുള്ളൂ. നാടിനോടോ സ്വന്തം പാർട്ടിയോടോ എന്തെങ്കിലും ഉത്തരവാദിത്വം ഉള്ള ഒരു നേതാവും ജനമദ്ധ്യത്ത് ഇൗ രീതിയിൽ ഒരു വെല്ലുവിളി നടത്താൻ തയ്യാറാവുകയില്ല. എന്തുവന്നാലും പാർട്ടി തങ്ങളെ സംരക്ഷിക്കുമെന്ന അഹംഭാവമാണ് ഇക്കൂട്ടരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ സമ്പൂർണ ക്രമസമാധാന തകർച്ചയിലാകും അത് ചെന്നെത്തുക. പൊലീസുകാരെ തെറിവിളിക്കുക, കൈയേറ്റം ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ സ്റ്റേഷനിലെത്തി മോചിപ്പിക്കുക തുടങ്ങിയ സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെയായി വർദ്ധിച്ചുവരികയാണ്. സ്റ്റേഷൻ ഭരണം പാർട്ടിയുടെ പ്രാദേശിക നേതാക്കളെ ഏൽപ്പിച്ചോയെന്ന് സർക്കാരാണ് മറുപടി പറയേണ്ടത്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നവർ തികഞ്ഞ അച്ചടക്കം പാലിക്കാനും നിയമത്തിനും നീതിന്യായവ്യവസ്ഥയ്ക്കും കീഴ്പ്പെട്ടുനിൽക്കാനും പഠിപ്പിക്കേണ്ടത് പാർട്ടി സംസ്ഥാന നേതൃത്വമാണ്. ഇത്തരം അനീതി കാണിച്ചാൽ സംരക്ഷണം ലഭിക്കില്ലെന്ന സന്ദേശമാണ് പകർന്നുനൽകേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ പ്രാദേശിക നേതാക്കളുടെ ഇൗ അഴിഞ്ഞാട്ടം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന പ്രതിച്ഛായയെക്കുറിച്ചും പാർട്ടി നേതൃത്വം ഓർമ്മിക്കുന്നത് നല്ലതായിരിക്കുമെന്നേ ഇൗ അവസരത്തിൽ പറയാനുള്ളൂ.
നഗരൂർ സംഭവം പുറത്തുവന്ന ദിവസം തന്നെ പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയ്ക്ക് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ ലഭിച്ച മറ്റൊരു വാർത്തയും വന്നിരുന്നു. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ 24 ഉം 28 ഉം വയസ് പ്രായമുള്ള യുവാക്കളെ അതിക്രൂരമായ മർദ്ദനത്തിന് വിധേയമാക്കിയതിനാണ് ഗ്രേഡ് എസ്.ഐയടക്കം നാലുപേരെ സസ്‌പെൻഡ് ചെയ്തത്.
കുറ്റം ചെയ്തവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയെന്നതല്ലാതെ അവരെ മൂന്നാം മുറയ്ക്ക് വിധേയമാക്കുന്ന രീതി ഒട്ടും ആശ്വാസകരമല്ല. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിലും പിന്നീട് സ്റ്റേഷനിൽ വച്ചും മർദ്ദിക്കുകയായിരുന്നു. ഇവർക്ക് പുറമേ ഇൗ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെയും മർദ്ദിച്ചിരുന്നു. പതിനേഴുകാരനെ പിടികൂടിയ കാര്യംതന്നെ പൊലീസ് മറച്ചുവയ്ക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ മൂന്നാംമുറ നേരിട്ടയാളാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞദിവസം നൽകിയ ടിവി അഭിമുഖത്തിൽ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിമർദ്ദനം അനുവദിക്കില്ലെന്നും അത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും കാട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനുതൊട്ടു പിന്നാലെയാണ് ഇൗ സംഭവം പുറത്തുവന്നത്. എന്തായാലും പൊലീസിനും ആഭ്യന്തര വകുപ്പിനും ഇത് വലിയ നാണക്കേടായിട്ടുണ്ട്. പൊലീസ് വിചാരിച്ചാൽ നിരപരാധികളെ പ്രതിയാക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും കഴിയുമെന്ന് പറയുന്നത് വെറുതെയൊന്നുമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്തരം സംഭവങ്ങൾ എത്രയോ കാലങ്ങളായി അരങ്ങേറുന്നു. പാർട്ടിക്കാരായാലും പൊലീസായാലും ഇമ്മാതിരി അഴിഞ്ഞാട്ടം നടത്തുന്നത് ആരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ജനങ്ങൾക്ക് നന്നായിട്ടറിയാം, അതാരും മറക്കേണ്ട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |