
സ്വാമി മന്ത്രചൈതന്യ,
നാരായണ ഗുരുകുലം, വർക്കല
കേരളീയ മനസിൽ നിന്നും ജാതിവിവേചനമെന്ന പിശാച് പുറത്തുപോയിട്ടില്ല. എന്നുമാത്രമല്ല, അത് എന്നെത്തേക്കാളുമധികം ഘോരരൂപം പൂണ്ട് മനുഷ്യജീവിതം ദുസഹമാക്കിത്തീർത്തിരിക്കുന്ന വാർത്തകൾ കേൾക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതിന്റെ ഏറ്റവും അവസാനത്തെ ഓർമ്മപ്പെടുത്തലായിരുന്നു, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ.എൽ. നിതിൻ രാജിന്റെ കോളേജ് വളപ്പിലുണ്ടായ ദാരുണാന്ത്യം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും, സർക്കാരാഫീസുകളിലും തൊഴിൽ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും മേലുദ്യോഗസ്ഥന്മാരുടെയും ജാതിവിവേചനം വച്ചുകൊണ്ടുള്ള പെരുമാറ്റവും ഇടപെടലും കാരണം ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ട് പഠനവും ജോലിയും തടസപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയും പലപ്പോഴും ജീവൻ തന്നെ ബലിയർപ്പിക്കുകയും
ചെയ്യേണ്ടിവരുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതു വളരെയധികം വേദനാജനകമാണ്. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാകൂ.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ പ്രതികരിച്ചുകൊണ്ട്, ഇരയായവരുടെ കുടുംബത്തിന് സമാശ്വാസമേകി രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും ഭരണരംഗത്തിരിക്കുന്നവരും വീടു സന്ദർശിക്കുകയും സഹായം ചെയ്യുകയും പതിവാണ്. അതു സഹജവുമാണ്. എന്നാൽ, ഇതെല്ലാം കഴിഞ്ഞാൽ പിന്നെ ആർക്കും അതിനെപ്പറ്റി ഒരു ചിന്തയും ഉണ്ടായിരിക്കുകയില്ല. വീണ്ടും ഇതേ തരത്തിലുള്ള അടുത്ത സംഭവം ഉണ്ടാകുമ്പോൾ ഇതാവർത്തിക്കുകയും ചെയ്യും.
രാഷ്ട്രീയക്കാർ മാത്രമല്ല, ഉന്നതവിദ്യാഭ്യാസമുള്ള, സമൂഹത്തിലും സ്ഥാപനങ്ങളിലും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ, മാന്യന്മാരെന്നു സമൂഹം കരുതുന്ന ചില ദുരഭിമാനികൾ വികലമായ, മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുള്ളവരായി ഇവിടെ നമ്മുടെ ഇടയിൽ തുടരുന്നു എന്നതുകൊണ്ടാണ് ഈ മാതിരി സംഭവങ്ങൾ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജാതിയും മതവും ചോദിക്കാതെയും പറയാതെയും രേഖപ്പെടുത്താതെയും നമുക്ക്
ജീവിക്കാൻ കഴിയാത്ത ഒരു ഭരണവ്യവസ്ഥ പല കാരണങ്ങളാലും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നു എന്ന യഥാർത്ഥ വസ്തുത വിസ്മരിക്കാവുന്നതല്ല.
എന്നാൽ, ആ സംവിധാനത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ജാതിമതവിദ്വേഷമോ വിവേചനമോ ഇല്ലാതെ പെരുമാറാനും ജീവിക്കാനും നമുക്കു കഴിയില്ലേ? തീർച്ചയായും കഴിയും എന്നുതന്നെയാണ് ഉത്തരം. അതിനു തയ്യാറുണ്ടോ എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്നം. ഏതെങ്കിലും ഗവൺമെന്റുകളെയോ കോടതിയെയോ പഴിചാരിയിട്ടു കാര്യമില്ല. ഈ കേരളത്തിലെങ്കിലും ജാതിവിവേചനത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിച്ചുകൂടേ? ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ചിലപ്പോൾ പുതിയ നിയമ നിർമ്മാണങ്ങൾ നടക്കും. അതെല്ലാം സ്വാഭാവികം. അതിലുപരി ഈ തിന്മയെ മനുഷ്യ മനസിൽനിന്നും ഇല്ലാതാക്കുവാൻ എന്താണ് നമുക്കു ചെയ്യുവാൻ സാധിക്കുക?
എല്ലാ യുദ്ധങ്ങളും മനുഷ്യമനസിലാണ് ആദ്യം ഉദയം ചെയ്യുന്നത് എന്നതുപോലെതന്നെ, ജാതിചിന്തയും ജാതിവിവേചനവും ജനമനസിലാണ് ഉദയം ചെയ്യുന്നത്. മനുഷ്യ മനസിലുള്ള ഈ തെറ്റായ,വികലമായ ധാരണയെ തിരുത്താൻ നമുക്കു കഴിയേണ്ടിയിരിക്കുന്നു. അതിനു ജാതിചിന്തയുടെ നിരർത്ഥകത വെളിവാക്കുന്ന അറിവ് ജനങ്ങളിൽ വളർത്തുകയെന്നതാണ് ആവശ്യം. ജാതിചിന്തയെ മനസിൽനിന്നു വിടുന്നതിന് ഉപായമായി, ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' എന്ന് നാരായണ ഗുരു നമ്മോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഗുരുവിന്റെ ഈ വാക്കുകൾ പിന്തുടരാൻ ഇന്ന് ഇന്ത്യാമഹാരാജ്യത്തെ ഭരണവ്യവസ്ഥ അനുവദിക്കുന്നില്ല എന്ന വസ്തുത നേരത്തേ നാം കണ്ടുകഴിഞ്ഞല്ലോ.
ഇന്ത്യക്ക് ഒരു ഭരണഘടനയും അതിനനുസൃതമായ ഒരു ഭരണവ്യവസ്ഥയും ഉണ്ടാകുന്നതിനു മുമ്പാണ് ഗുരു ഇത് സൂചിപ്പിച്ചത് എന്ന വസ്തുത നമുക്കോർക്കാം. എന്നാൽ, ജാതിചിന്ത മനുഷ്യമനസിൽനിന്നും നീങ്ങിപ്പോകാൻ പര്യാപ്തമായ ഉൾവെളിവ് (അറിവ്) ഉണ്ടാകുന്നതിന് രണ്ടു കൃതികൾ - ജാതിനിർണയം, ജാതിലക്ഷണം - ഗുരു നമുക്കെഴുതിതന്നിട്ടുണ്ട്. ഈ കൃതികളും അതിന്റെ അർത്ഥവും വരുംതലമുറയ്ക്കെങ്കിലും വെളിപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം കേരളത്തിലെ ഭരണകൂടത്തിനുണ്ട് (ഏതു ഭരണകൂടമായാലും).
സാമൂഹികമായി വ്യവഹാരത്തിലിരിക്കുന്ന ജാതി എന്ന ആശയം സത്യാധിഷ്ഠിതമല്ലെന്നും സത്യവിരോധമാണെന്നും അതിനു ശാസ്ത്രീയമായ ഒരടിസ്ഥാനവുമില്ലെന്നും ശാസ്ത്രയുക്തിയോടെ വ്യക്തമാക്കുന്ന രണ്ടു കൃതികളാണ് മേൽസൂചിപ്പിച്ചവ. ഈ രണ്ടു കൃതികളും കേരളത്തിലെ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. ഈ കൃതികളിലെ ഒന്നോ രണ്ടോ വരികൾ ആശയരൂപത്തിൽ ചേർക്കുകയല്ല വേണ്ടത്. കൃതികൾ പൂർണമായും അതിന്റെ വിശദീകരണത്തോടു കൂടി ഉൾപ്പെടുത്തേണ്ടതാണ്.
ജീവശാസ്ത്രപരമായിക്കൂടി, സാമൂഹികമായി നിലനിൽക്കുന്ന ജാതി ഇല്ലാത്തതാണെന്നു ഗുരു വ്യക്തമായി തെളിയിക്കുന്നതാണ് ഈ കൃതികൾ. അതിനാൽ, ഇവ ശാസ്ത്രപാഠ്യപദ്ധതിയിലും ഉൾപ്പെടുത്താവുന്നതാണ്. സ്കൂൾതലത്തിൽ മാത്രമല്ല, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ കൃതികളുടെ പഠനം അനിവാര്യമായി ഉൾപ്പെടുത്തേണ്ടതാണ് എന്നതാണ് ഞങ്ങളുടെ അഭിപ്രായം. അതിലുപരി, ഈ കൃതികൾ ഏവർക്കും വായിക്കാവുന്ന രീതിയിൽ ഭംഗിയായി അച്ചടിപ്പിച്ചോ ഡിജിറ്റൽ സ്ക്രീനുകൾ വഴിയോ ക്യാമ്പസുകളിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പ്രദർശിപ്പിക്കുകയും കാലാകാലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |