SignIn
Kerala Kaumudi Online
Monday, 02 March 2026 2.08 AM IST

ഇറാന് പരീക്ഷണഘട്ടം; ഖമനേയിക്ക് ശേഷം രാജ്യം ഇനി ആര് നയിക്കും? മുന്നിൽ ഇവർ രണ്ടുപേർ

Increase Font Size Decrease Font Size Print Page

khamanei

​​​​ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്തകൾ ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. ഇതോടെ രാജ്യത്തിന്റെ ഭരണസംവിധാനം പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്നതാണ് പ്രധാനചോദ്യം. 1989-ൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള ഖൊമേനിയുടെ മരണശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവായത്. അന്നുമുതൽ ഇറാനെ നയിച്ച ഖമേനേയി, പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാഷ്ട്രത്തലവനായിരുന്നു. ഖമനേയി കൊല്ലപ്പെട്ടതോടെ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമുള്ള രണ്ടാമത്തെ നേതൃമാറ്റമാണ് സംഭവിക്കാൻ പോകുന്നത്. ഖമനേയിയുടെ മരണം സ്ഥിരീകരിച്ച ഇറാൻ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ഖമനേയി കൊല്ലപ്പെട്ടതിനാൽ മൂന്ന് പേരടങ്ങുന്ന ഒരു താൽക്കാലിക കൗൺസിൽ നേതൃത്വ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് വിവരം. പുതിയ നേതാവിനെ നിയമിക്കുന്നത് വരെ രാജ്യത്തിന്റെ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, ഗാർഡിയൻ കൗൺസിലിലെ ഒരു നിയമജ്ഞൻ എന്നിവരാകും ചുമതലകൾ വഹിക്കുന്നത്.

നിലവിലെ ഭരണകൂടമാണ് തുടരുന്നതെങ്കിൽ കൊല്ലപ്പെട്ട ആയത്തുള്ള ഖമേനിയുടെ മകൻ മോജ്‌താബാ ഖമനേയിയോ സ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള ഖൊമേനിയുടെ ചെറുമകൻ ഹസൻ ഖൊമേനിയോ അധികാരത്തിലെത്താം. ഭരണമാറ്റം സംഭവിക്കുകയാണെങ്കിൽ ഇറാന്റെ പ്രതിപക്ഷപാർട്ടിയിലെ രണ്ട് നേതാക്കളുടെ പേരുകളാണ് ആ സ്ഥാനത്തേക്ക് പ്രധാനമായി നിർദേശിക്കപ്പെടുന്നത്. അതിലൊന്ന് പ്രതിപക്ഷ നേതാവ് മറിയം രാജവിയും മറ്റേയാൾ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയുമാണ്.

ഇറാന്റെ ഭരണഘടന പ്രകാരം, പരമോന്നത നേതാവിനെ നിയമിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും വിദഗ്‌ദ്ധസംഘങ്ങൾ അടങ്ങിയ അസംബ്ലിയുടെ ഉത്തരവാദിത്തത്തിലാണ്. 88 അംഗങ്ങൾ അടങ്ങുന്നതാണ് വിദഗ്ദ്ധരുടെ അസംബ്ലി (മജ്‌ലെസ്-ഇ ഖോബ്രെഗൻ-ഇ റഹ്‌ബാരി). എട്ട് വർഷത്തെ കാലാവധിയിൽ ജനങ്ങൾ നേരിട്ടാണ് അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പരമോന്നത നേതാവിനെ നിയമിക്കുക, മേൽനോട്ടം വഹിക്കുക, ആവശ്യമെങ്കിൽ പിരിച്ചുവിടുക എന്നിവയാണ് അസംബ്ലിയുടെ ഭരണഘടനാപരമായ കടമകൾ. കർശനമായ നിയന്ത്രണങ്ങളോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അതേസമയം,​ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിന്റെ സമീപകാല റിപ്പോർട്ടിൽ ഇറാന്റെ അടുത്ത പരമോന്നത നേതാവായി പലരുടെയും പേരുകൾ ക്രമപ്പെടുത്തിയിട്ടുണ്ട്.

അതിലൊന്നാണ് ഹൊജ്ജത്-ഉൽ-എസ്ലാം മൊഹ്‌സെൻ കോമി. ഖമേനിയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഖമേനിയുമായുള്ള അടുത്ത ബന്ധം ഭരണത്തിൽ തുടർച്ചയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. പട്ടികയിലെ മറ്റൊരു പേര് അയത്തുള്ള അലിറേസ അറഫിയുടേതാണ്. ഗാർഡിയൻ കൗൺസിലിലെയും അസംബ്ലി ഓഫ് എക്‌സ്‌പേർട്ടുകളിലെയും മുതിർന്ന പുരോഹിതനും അംഗവുമായ അറഫി ഇറാന്റെ സെമിനാരി സംവിധാനത്തിന്റെയും തലവനാണ്. വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള കൗൺസിൽ അനുസരിച്ച്, അദ്ദേഹത്തിന്റെ നിയമനം നിലവിലുള്ള രാഷ്ട്രീയ ഘടനയെ സംരക്ഷിക്കുമെന്നാണ് വിശ്വാസം.


അയത്തുള്ള മൊഹ്‌സെൻ അരാക്കിയാണ് പട്ടികയിലുള്ള മൂന്നാമത്തെ പേര്. അസംബ്ലി ഓഫ് എക്‌സ്‌പേർട്ടിലെ മുതിർന്ന അംഗമായ അരാക്കി പിന്തുടർച്ച ചർച്ചകളിൽ പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്. നിലവിൽ ഇറാന്റെ ജുഡീഷ്യറിയുടെ തലവനായ അയത്തുള്ള ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ്യുടെ പേരും തൽസ്ഥാനത്തേക്ക് പരാമർശിക്കപ്പെടുന്നുണ്ട്. അനിശ്ചിതത്വത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ ഭരണപരമായ അറിവ് നിർണായകമാകുമെന്നാണ് കരുതുന്നത്. ഖോമിലെ വെള്ളിയാഴ്ച പ്രാർത്ഥനാ നേതാവും വിദഗ്ദ്ധരുടെ അസംബ്ലി അംഗവുമായ അയത്തുള്ള ഹാഷിം ഹൊസൈനി ബുഷെഹ്‌രിയും സാദ്ധ്യതാ പട്ടികയിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, WAR, KHAMANEI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.