
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി കോടതി വെറുതെ വിട്ടതിനെ തുടർന്ന് ജന്ദർമന്ദറിൽ സംഘടിപ്പിച്ച ആംആദ്‌മി പാർട്ടി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ ആഞ്ഞടിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കോടതി വിധി പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ കനത്ത പ്രഹരമാണ്.
റോസ് അവന്യൂ കോടതി വിധി ഡൽഹിയിലെയും രാജ്യത്തിലെയും ജനങ്ങൾക്കുള്ളതാണ്. ഇന്നത്തെ ഭീതിയുടെ അന്തരീക്ഷത്തിൽ, ജഡ്ജിയുടേത് ധീരമായ തീരുമാനമാണ്. നാല് വർഷമായി നരേന്ദ്രമോദിയും അമിത് ഷായും ഡൽഹിയിലെ ജനങ്ങളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തി. കേജ്‌രിവാൾ അഴിമതിക്കാരനാണെന്നും 100 കോടി കൈപ്പറ്റിയെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും പറഞ്ഞു.
എന്നാൽ, മോദി കള്ളം പറയുകയാണെന്നും കേസ് വ്യാജമാണെന്നും കേജ്‌രിവാൾ സത്യസന്ധനാണെന്നും കോടതി വിധിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരമൊരു വിധി വന്നതെന്ന് അഭിഭാഷകർ പറയുന്നു. ആം ആദ്മി പാർട്ടിയെ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കേസ് നേരിട്ട് നിരീക്ഷിച്ചു.
ഐ.ഐ.ടിയിൽ പഠിച്ച് നല്ല മാർക്കു നേടിയ തനിക്ക് വേണമെങ്കിൽ അമേരിക്കയിൽ ജോലിക്ക് പോകാമായിരുന്നു. മോശം അവസ്ഥയിലായ രാജ്യത്തെ പരിപാലിക്കാൻ ആദായനികുതി വകുപ്പിൽ ചേർന്നു. താൻ ഇടപെട്ട ആദ്യത്തെ കേസിൽ, എത്ര പണം വേണ്ടിവരുമെന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ചോദിച്ചു. കൈക്കൂലി വാങ്ങാറില്ലെന്ന് ഞാൻ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി മോദി എത്ര അന്വേഷണങ്ങൾ നടത്തിയെന്ന് എനിക്കറിയില്ല. പക്ഷേ, ഒന്നും കണ്ടെത്തിയില്ല.
ബി.ജെ.പി ഭരണത്തിൻകീഴിൽ രാജ്യത്ത് നല്ല റോഡുകളും സൗകര്യവുമില്ല. ജനങ്ങൾക്ക് വെള്ളമില്ല. റെയിൽവേ, വിമാനക്കമ്പനികൾ, ബാങ്കുകൾ, വിദ്യാഭ്യാസം എല്ലാം തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |