
കൊച്ചി: കോടികളുടെ തട്ടിപ്പുകേസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് ഇരകൾക്ക് പണം നൽകാനുള്ള നടപടികൾ മുന്നോട്ട്. എന്നാൽ, തട്ടിപ്പ് തുകയേക്കാൾ കുറഞ്ഞ തുകയ്ക്കുള്ള സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്. അതിനാൽ നഷ്ടപ്പെട്ട തുക പൂർണമായും കിട്ടാൻ സാദ്ധ്യതയില്ല.
പത്തനംതിട്ട പോപ്പലുർ ഫിനാൻസ്, തൃശൂർ ഹൈറിച്ച് ഓൺലൈൻ ഷോപ്പി, തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകളിലെ ഇരകൾക്കാണ് തുക ലഭിക്കുക.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
പോപ്പുലർ തട്ടിപ്പിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ എറണാകുളം ജില്ലാ കളക്‌ടർ വഴി വിറ്റഴിച്ചാണ് ഇരകൾക്ക് നൽകുക. പണം ലഭിക്കാൻ കളക്‌ടർക്ക് അപേക്ഷ നൽകണം. ഹൈറിച്ചിൽ എറണാകുളം, തൃശൂർ കളക്‌ടർമാർക്കാണ് അപേക്ഷ നൽകേണ്ടതെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.
കണ്ടല കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനാണ് ഇ.ഡി കൈമാറിയത്. ഇവ വിറ്റഴിച്ച് നിക്ഷേപകർക്ക് നൽകാൻ ബാങ്ക് നടപടി ആരംഭിച്ചു.
കണ്ടുകെട്ടിയ സ്വത്തുക്കൾ കരുവന്നൂർ ബാങ്കിന് കൈമാറാമെന്ന് 2024 ഏപ്രിൽ 15ന് കൊച്ചിയിലെ പി.എം.എൽ.എ കോടതിയെ ഇ.ഡി അറിയിച്ചിരുന്നു. സ്വത്തുക്കൾ ഏറ്റെടുക്കാമെന്നോ ഇല്ലെന്നോ ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഭേദഗതി തുണയായി
തട്ടിപ്പുകളിൽ വിചാരണ പൂർത്തിയായ ശേഷമാണ് മുമ്പ് തുക തിരികെ നൽകിയിരുന്നത്. ഭേദഗതി ചെയ്ത പി.എം.എൽ.എ നിയമത്തിലെ വകുപ്പ് എട്ട് (അനുച്ഛേദം 8) പ്രകാരം വിചാരണഘട്ടത്തിൽ നൽകാം.
കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിക്കാൻ ഹൈക്കോടതി, പി.എം.എൽ.എ കോടതി എന്നിവയാണ് ഉത്തരവിടുന്നത്. നടപടികൾക്ക് അസറ്റ് ഡിസ്‌പോസിംഗ് കമ്മിറ്റിയെ (എ.ഡി.സി) കോടതി നിയോഗിക്കും. അപേക്ഷകൾ പരിശോധിച്ച് തുക എ.ഡി.സി തീരുമാനിക്കും.
തട്ടിപ്പും കണ്ടുകെട്ടിയ സ്വത്തും
#പോപ്പുലർ ഫിനാൻസ്
തട്ടിപ്പുകാലം: 2020
തട്ടിപ്പ്: ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ചു
തട്ടിയ തുക: 2000 കോടിയിലേറെ
കണ്ടുകെട്ടൽ: 65.07 കോടി
ഹൈറിച്ച് ഓൺലൈൻ ഷോപ്പി
തട്ടിപ്പുകാലം: 2023
തട്ടിപ്പ്: ഓൺലൈൻ ഷോപ്പിന് ഫ്രാഞ്ചൈസിയും നിക്ഷേപവും സ്വീകരിച്ചു
തട്ടിയ തുക: 1,157 കോടി
കണ്ടുകെട്ടൽ: 212 കോടി
കണ്ടല ബാങ്ക്
തട്ടിപ്പുകാലം: 1980- 2023
തട്ടിപ്പ്: മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ ബന്ധുക്കൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അനധികൃതമായി വായ്‌പകൾ അനുവദിച്ചു
തട്ടിയ തുക: 200 കോടി
കണ്ടുകെട്ടൽ: 1.10 കോടി
കരുവന്നൂർ ബാങ്ക്
തട്ടിപ്പുകാലം: 2014 -2020
തട്ടിപ്പ്: ഭരണസമിതി അനധികൃതമായി വായ്‌പകൾ നൽകി
തട്ടിയ തുക: 180 കോടി
കണ്ടുകെട്ടൽ: 128.81 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |