SignIn
Kerala Kaumudi Online
Wednesday, 04 March 2026 8.56 AM IST

'പോറ്റി' പേടിയിൽ സി.പി.എം'

Increase Font Size Decrease Font Size Print Page
s

'പോറ്റിയേ കേറ്റിയേ...' തദ്ദേശ തിരഞ്ഞെടുപ്പിൽ തരംഗമായി മാറിയ പാരഡി ഗാനം സി.പി.എമ്മിനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായ ഗാനം യു.ഡി.എഫ് ശരിക്കും പ്രയോജനപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊല്ലത്തെ സി.പി.എം മറ്റൊരു പോറ്റി പ്പേടിയിലാണിപ്പോൾ. പോറ്റിപ്പേടി പ്രതികൂലമായി ബാധിച്ചതാകട്ടെ സി. പി.എമ്മിന്റെ കൊല്ലത്തെ വനിതാ നേതാക്കളെയാണെന്നതാണ് ഏറെ വിചിത്രം. വരുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒറ്റ വനിതയ്ക്കും സി.പി.എം സീറ്റ് നൽകുന്നില്ലെന്നത് ശ്രദ്ധേയമാണ്. സ്ത്രീ പക്ഷ രാഷ്ട്രീയത്തിനൊപ്പമെന്ന് ആവർത്തിച്ച് പറയുന്ന പാർട്ടിയിൽ നിന്നുണ്ടായ അവഗണനക്കെതിരെ പ്രതിഷേധമുണ്ടെങ്കിലും പരസ്യ നിലപാടെടുക്കാൻ ആരും തയ്യാറല്ല. സി.പി. എമ്മിന്റെ ജില്ലയിലെ പ്രമുഖ വനിതാ നേതാവും 2006 മുതൽ 15 വർഷക്കാലം തുടർച്ചയായി കൊട്ടാരക്കര എം.എൽ.എയുമായിരുന്ന പി. ഐഷാ പോറ്റി അടുത്തിടെ സി.പി.എം വിട്ട് കോൺഗ്രസിലേക്ക് പോയത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ അഞ്ചൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സുജ ചന്ദ്രബാബുവും പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് പോയി. രണ്ട് വനിതാ നേതാക്കളും സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ടത് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 5 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ച സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയിലാണ് ഒരു വനിത പോലും ഇടം പിടിക്കാതെ പോയത്. 4 സിറ്റിംഗ് എം. എൽ.എ മാരിൽ കൊല്ലത്ത് എം. മുകേഷിനെ ഒഴിവാക്കി പകരം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറിയും കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹന്റെ പേരാണ് ഇടം പിടിച്ചത്. ഇരവിപുരത്ത് എം. നൗഷാദും കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ ബാലഗോപാലും ചവറയിൽ ഡോ.സുജിത് വിജയൻ പിള്ളയും തുടർന്നും മത്സരിക്കും. കുണ്ടറയിൽ എസ്.എൽ സജി കുമാറിന്റെ പേരാണ് സംസ്ഥാന കമ്മിറ്റി അംഗീകാരത്തിനായി സമർപ്പിച്ചത്. 2006 മുതലേ സി.പി.എമ്മിന് ജില്ലയിൽ വനിതാ എം.എൽ.എ ഉണ്ടായിരുന്നു. 2016 മുതൽ 5 വർഷക്കാലം പി.ഐഷാ പോറ്റിയും ജെ.മേഴ്സിക്കുട്ടി അമ്മയും ഉണ്ടായിരുന്നപ്പോൾ മേഴ്സിക്കുട്ടി അമ്മ മന്ത്രി ആയിരുന്നു. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ച പി.ഐ ഷാ പോറ്റിക്ക് 2021 ൽ സീറ്റ് നൽകാതെ കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ മത്സരിച്ച് വിജയിച്ചു. ഐഷാപോറ്റി 2016 ൽ നേടിയ 45000 വോട്ടിന്റെ ഭൂരിപക്ഷം പതിനായിരത്തോളമായി കുറഞ്ഞിരുന്നു. 2021 ൽ കുണ്ടറയിൽ മത്സരിച്ച ജെ.മേഴ്സിക്കുട്ടി അമ്മ പി.സി. വിഷ്ണു നാഥിനോട് പരാജയപ്പെട്ടു. അതിനാൽ നിലവിൽ ജില്ലയിൽ സി.പി.എമ്മിന് വനിതാ എം.എൽ.എ ഇല്ല.

വനിതകൾക്ക് വിജയ സാദ്ധ്യത ഇല്ലെന്ന്...

എല്ലാം നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ച് ഐഷാ പോറ്റി കോൺഗ്രസിൽ ചേക്കേറിയെന്നാണ് പാർട്ടിയുടെ പൊതു നിലപാട്. മാത്രമല്ല, കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാലിനെതിരെ ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നും ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കുറി ജില്ലയിൽ മറ്റു വനിതാ നേതാക്കൾക്കൊന്നും സീറ്റ് നൽകേണ്ടെന്ന് പാർട്ടി തീരുമാനിച്ചതത്രെ. ഐഷാ പോറ്റിയുടെ പാത പിന്തുടർന്ന് മറ്റു വനിതകളും പാർട്ടിയെ വഞ്ചിക്കാനുള്ള സാദ്ധ്യതയും മുന്നിൽക്കാണുന്നുണ്ട്. 'പോറ്റി പ്പേടി' ബാധിച്ച ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ അഭിപ്രായത്തെ തുടർന്നാണത്രെ വനിതകളെ ഇക്കുറി മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ പാർട്ടി എത്തിച്ചേർന്നത്.

സീറ്റ് പ്രതീക്ഷിച്ച് നിരവധി പേർ

കൊല്ലം ജില്ലയിൽ മത്സരിക്കാൻ സീറ്റ് പ്രതീക്ഷിച്ച വനിതാ നേതാക്കൾക്ക് കടുത്ത നിരാശയാണ് പാർട്ടി തീരുമാനം ഏൽപ്പിച്ചത്. കഴിഞ്ഞ തവണ തോറ്റെങ്കിലും കുണ്ടറയിൽ ഇക്കുറി സീറ്റ് പ്രതീക്ഷിച്ച ജെ.മേഴ്സിക്കുട്ടി അമ്മ സീറ്റ് ലഭിക്കില്ലെന്നറിഞ്ഞതോടെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ ഏരിയ സെക്രട്ടറിയുമായ എസ്.എൽ സജി കുമാറിന്റെ പേര് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശിക്കുകയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും യുവജന ക്ഷേമ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ ചിന്ത ജെറോം, കൊല്ലം കോർപ്പറേഷൻ മുൻ മേയർ പ്രസന്ന ഏണസ്റ്റ് എന്നിവരും കുണ്ടറ സീറ്റിൽ മത്സരിക്കാൻ ഏറെ ആഗ്രഹിച്ചവരാണ്. ഇവർ മൂവരും ലത്തീൻ സമുദായാംഗങ്ങളാണ്. കൊല്ലം കോർപ്പറേഷന്റെ ആദ്യമേയറായിരുന്ന അഡ്വ.സബിദ ബീഗത്തിന്റെ പേര് ഇരവിപുരത്ത് പരിഗണിച്ചിരുന്നെങ്കിലും ജയസാദ്ധ്യത കണക്കിലെടുത്ത് എം. നൗഷാദിന് മൂന്നാമൂഴം നൽകാനാണ് നീക്കം. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി യാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സി.പി.എമ്മിൽ സംസ്ഥാനതലത്തിലും മത്സരിക്കാനുള്ള വനിതകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇക്കുറിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ക്ക് ഇക്കുറി മത്സരിക്കാൻ അവർ സ്ഥിരമായി ജയിക്കുന്ന മട്ടന്നൂർ നൽകാതെ ജയസാദ്ധ്യത കുറഞ്ഞ പേരാവൂരിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് എതിർ സ്ഥാനാർത്ഥി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ കെ.കെ ശൈലജ വിജയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ വീണ്ടും മത്സരിക്കും. തളിപറമ്പിൽ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിക്കാനാണ് നീക്കം. സംവരണ മണ്ഡലങ്ങളായ പാലക്കാട് കോങ്ങാട് ശാന്തകുമാരിയും ആറ്റിങ്ങലിൽ എം. അംബികയും വൈപ്പിനിൽ ഷീബയും മത്സരിക്കാനാണ് സാദ്ധ്യത.
കൊല്ലത്ത് സി.പി.എം വനിതകൾക്ക് സീറ്റ് നൽകിയില്ലെങ്കിലും ഇടതു മുന്നണി ഘടക കക്ഷിയായ സി.പി.ഐ സ്ഥാനാർത്ഥിയായി മന്ത്രി ജെ. ചിഞ്ചു റാണി മത്സര രംഗത്തുണ്ടാകും. ചടയമംഗലത്ത് തന്നെ അവർ മത്സരിക്കാനാണ് ഏറെ സാദ്ധ്യത. കോൺഗ്രസിൽ നിന്ന് രണ്ട് വനിതകൾ മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണയും കൊട്ടാരക്കരയിൽ സി.പി.എം വിട്ടെത്തിയ പി. ഐഷാ പോറ്റിയുമാകും സ്ഥാനാർത്ഥികൾ.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.