SignIn
Kerala Kaumudi Online
Friday, 06 March 2026 8.22 AM IST

സഹോദരൻ അയ്യപ്പന്റെ 58-ാം ചരമ വാർഷി​കമാണ് ഇന്ന്,   ജാതി​ക്കോട്ടകൾക്ക് തീകൊളുത്തി​യ വി​പ്ളവകാരി​

Increase Font Size Decrease Font Size Print Page
s

ജാതിരഹിതവും വർഗരഹിതവുമായ ഒരു പുതുസമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച നവോത്ഥാന നായകനാണ് സഹോദരൻ കെ. അയ്യപ്പൻ. ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനായിരുന്ന സഹോദരൻ, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ശ്രീനാരായണഗുരുവിന്റെ ദർശനത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ച മഹത് വ്യക്തിത്വമായിരുന്നു. ഗുരുവിന്റെ മനുഷ്യ ദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കുകയായിരുന്നു അയ്യപ്പൻ.

ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സമൂഹത്തിൽ നിലനിന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്", 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്" എന്നീ ആപ്തവാക്യങ്ങൾ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ഗുരുശി​ഷ്യനായി​ തുടർന്ന് കൊണ്ടുതന്നെ സഹോദരൻ മാറ്റി​യെഴുതി​! ത്യാഗനിർഭരവും ആദർശ സുരഭിലവുമായ പൊതു ജീവിതത്തിനുടമയായ അദ്ദേഹo ഓർമ്മയായിട്ട് ഇന്ന് (മാർച്ച് 06)​ 58 വർഷമാകും.

1889 ആഗസ്റ്റ് 22-ന് എറണാകുളം ജില്ലയിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടെയും മകനായി ജനിച്ച അയ്യപ്പന്റെ ഹൈസ്കൂൾ പഠനം പറവൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ പൂർത്തിയാക്കിയ കാലത്തുതന്നെ ജാതിവ്യവസ്ഥയുടെ ഭീകരതയെക്കുറിച്ച് കൂടുതൽ ബോധവാനായിരുന്നു. താഴ്ന്ന ജാതിക്കാരായ വേലന്മാരെയും പുലയന്മാരെയും വീട്ടിൽ കയറ്റാതെ അകറ്റിനിറുത്തുന്നത് ആ കുരുന്നുഹൃദയത്തെ ആഴത്തിൽ മഥിച്ചിരുന്നു.

ഉന്നതപഠനത്തിനായി മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നെങ്കിലും സാമ്പത്തിക ക്ലേശവും അനാരോഗ്യവും മൂലം പഠനം തുടരാനായില്ല. കേരളത്തിൽ പഠനം തുടർന്ന അയ്യപ്പനെ ശ്രീനാരായണ ഗുരുവിന്റെ പ്രഭാഷണങ്ങൾ ഹഠാദാകർഷിച്ചു. ഗുരുവിനെ നേരിട്ടു കണ്ടത് വഴിത്തിരിവായി. എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ലഭിച്ച അവസരം അനുഗ്രഹമായി. യോഗം സെക്രട്ടറിയായിരുന്ന കുമാരനാശാനുമായുള്ള ബന്ധം സുദൃഡമായതും ഈ സമയത്താണ്.

മിശ്രഭോജനം

എന്ന വിപ്ളവം

1917 കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനത്തിന്റെ പേരിലാണ്. കേരളത്തിൽ അക്കാലത്ത് രൂഢമൂലമായിരുന്ന ജാതിക്കോട്ടകൾക്ക് തീ കൊളുത്തിയ മിശ്രഭോജനം എന്ന കർമ്മപരിപാടിക്ക് വേദിയായത് 1917 മേയ് 29 ന് ചെറായിയിലെ പള്ളിപ്പുറം തുണ്ടിടപ്പറമ്പ് എന്ന സ്ഥലമായിരുന്നു. തീണ്ടൽ, തൊടീൽ, അയിത്തം തുടങ്ങിയ അനാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടു മാത്രം നാട്ടിൽ ചലനം സൃഷ്ടിക്കാനാകില്ലെന്നും,​ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയേ എന്തെങ്കിലും മാറ്റമുണ്ടാകൂ എന്നുമുള്ള ഗുരുവിന്റെ ഉപദേശമാണ് പ്രായോഗിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അയ്യപ്പന് ഊർജ്ജമേകിയത്.

1917 മേയ് 29ന് (കൊല്ലവർഷം 1092 ഇടവം 16) റഷ്യൻ വി​പ്ളവത്തി​നു മുന്നേ, ചെറായിയിൽ അയ്യപ്പനും ഏതാനും ഈഴവ യുവാക്കളും രണ്ട് പുലയ സമുദായാംഗങ്ങളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് 'മിശ്രഭോജനം" എന്ന വിപ്ലവകരമായ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചത്. ആ മിശ്രഭോജനം നാട്ടിലെ സാമുദായിക ജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്ക് കാരണമായി. എന്നാൽ,​ അതേത്തുടർന്ന്,​ അയ്യപ്പന് യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടി വന്നു. 'പുലയൻ അയ്യപ്പൻ" എന്ന് ആക്ഷേപിച്ച് ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയെങ്കിലും ഈ വിശേഷണത്തെ അഭിമാനത്തോടെയാണ് അയ്യപ്പൻ സ്വീകരിച്ചത്. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാന വർദ്ധിനി സഭയിൽ നിന്ന് പുറത്താക്കി.

സഭാ നേതാക്കൾ അയ്യപ്പനെ നാടുകടത്തണമെന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. എന്നാൽ തീണ്ടൽ മുതലായ വിഷയങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗമന പരമായ കാര്യങ്ങളെ പിന്തുണയ്ക്കാനാണ് നിവേദക സംഘത്തോട് പറഞ്ഞത്. ഇതിനിടെ ശ്രീനാരായണ ഗുരു മിശ്രഭോജനത്തിന് എതിരെന്ന് വരുത്തിത്തീർക്കാനായി യാഥാസ്ഥിതികരുടെ ശ്രമം. കുപ്രചാരണം ശക്തിപ്പെട്ടതോടെ സംശയനിവൃത്തിക്കായി അയ്യപ്പൻ ഗുരുവിനെ സന്ദർശിച്ചു. മിശ്രഭോജനത്തെ അനുകൂലിക്കുന്നുവെന്നും അത് വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ ഗുരു ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു. മനുഷ്യരുടെ മതം, വേഷം, ഭാഷ തുടങ്ങിയവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതിനാൽ അന്യോന്യം വിവാഹവും പന്തിഭോജനവും നടത്താനും യാതൊരു ദോഷവുമില്ല എന്നായിരുന്നു സന്ദേശം. ആ മഹാസന്ദേശം ചെറായിയിലും പരിസരത്തും വ്യാപകമായി പ്രചരിച്ചതോടെ യാഥാസ്ഥിതികരുടെ പത്തി താണു.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണി ആഘോഷം എന്നാൽ തെറിപ്പാട്ടും കോഴിവെട്ടുമായിരുന്നു. അതിനെതിരെ പ്രതികരിച്ച സഹോദരൻ അയ്യപ്പനെ യാഥാസ്ഥിതികർ 1926 മാർച്ച് എട്ടിന് ക്ഷേത്രനടയിൽ വച്ച് മർദിച്ചു. നൂറു വർഷത്തിനിപ്പുറം സഹോദരനാണ് ശരി എന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തി​ലെയും ചേർത്തലയി​ലെയും തെറി​പ്പാട്ട് പോലുള്ള അനാചാരങ്ങൾ അവസാനി​പ്പി​ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി​.പി​ യോഗം അന്ന് പ്രമേയം പാസാക്കി​യി​രുന്നു.

കണി​ച്ചുകുളങ്ങര ക്ഷേത്രത്തി​ൽ നിലനിന്നിരുന്ന,​ പടയണി​ പോലുള്ള അനാചാരങ്ങൾ നാട്ടി​ലെ പ്രമാണി​മാരോട് പോരാടി​ അവസാനി​പ്പി​ക്കാൻ എനി​ക്ക് പ്രചോദനമായതും ഊർജ്ജം പകർന്നതും സഹോദരൻ അയ്യപ്പന്റെ ശക്തമായ ഈ നി​ലപാടുകളാണ്. അനാചാരങ്ങൾക്കെതി​രെയുള്ള പോരാട്ടത്തി​ന് അന്ന് എനി​ക്ക് വലി​യ വി​ലകൊടുക്കേണ്ടി​ വന്നു. എനി​ക്കെതി​രെ ആസി​ഡ് ബൾബേറ് മാത്രമല്ല വധശ്രമവുമുണ്ടായി​. അന്നും ഇന്നും അനാചാരങ്ങൾക്കെതി​രെയുള്ള നി​ലപാടി​ൽ ഞാൻ ഉറച്ചു നി​ൽക്കുകയാണ്.

അയ്യപ്പൻ അങ്ങനെ

'സഹോദര"നായി!

1917-ൽ സഹോദര സംഘം സ്ഥാപിച്ചതോടെയാണ് അദ്ദേഹം 'സഹോദരൻ" അയ്യപ്പൻ എന്നറിയപ്പെട്ടു തുടങ്ങിയത്. സംഘത്തിന്റെ ശാഖകൾ പലയിടത്തും സ്ഥാപിച്ച് മിശ്രഭോജനവും ജാതി വിരുദ്ധ പ്രസംഗങ്ങളും എല്ലായിടത്തും സംഘടിപ്പിക്കാനായി അയ്യപ്പൻ ഓടിനടന്നു. 1919-ൽ മട്ടാഞ്ചേരിയിൽ നിന്ന് 'സഹോദരൻ" പത്രവും പ്രസിദ്ധീകരണം തുടങ്ങി. റഷ്യൻ വിപ്ലവത്തെക്കുറിച്ചും മാർക്സ്, ലെനിൻ തുടങ്ങിയ നേതാക്കളെക്കുറിച്ചും കേരളത്തിലെ സാധാരണക്കാർ ആദ്യം മനസിലാക്കുന്നത് അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്. 1928-ൽ ആരംഭിച്ച 'യുക്തിവാദി" മാസികയുടെ ആദ്യ പത്രാധിപരും അയ്യപ്പനായിരുന്നു.

രാഷ്ട്രീയ രംഗത്തും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അയ്യപ്പൻ കൊച്ചി നിയമസഭയിൽ ഏറെക്കാലം അംഗമായിരുന്നു. ആദ്യം ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയിൽ ഉത്തരവാദിത്ത ഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയിൽ അംഗമായും പ്രവർത്തിച്ചു. 1928 മുതൽ 1951 വരെ അയ്യപ്പൻ കൊച്ചിയിലും തിരുക്കൊച്ചിയിലും നിയമസഭാ സാമാജികനായി പ്രവർത്തിച്ചു. കൊച്ചിയുടെ വികസനത്തിന് ആധുനിക മുഖം നൽകിയത് അയ്യപ്പന്റെ ദീർഘവീക്ഷണവും ഭരണപാടവവും ആയിരുന്നു.

മിശ്രഭോജനം:

കാലിക പ്രസക്തി

ജാതി വിവേചനം അവസാനിപ്പിക്കാൻ സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത മിശ്രഭോജനം നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും മനുഷ്യ മനസുകൾ അസ്പൃശ്യതയുടെ പിടിയിൽ നിന്ന് ഇന്നും പൂർണ

മായും മുക്തമായിട്ടില്ല. ബാഹ്യമായ ചില നാട്യങ്ങൾക്കപ്പുറം ആന്തരികമായി അതിനെ പൂർണമായും ഉൾക്കൊള്ളാൻ സവർണ മനസുകൾക്ക് ആയിട്ടില്ലെന്നതിന് ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്. ജാതി വിവേചനത്തിനെതിരായി അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനത്തിന് ചരിത്ര പ്രാധാന്യം ഏറെയുണ്ടെങ്കിലും വർത്തമാന കാലത്ത് ക്ഷേത്രങ്ങളിലെ കഴകക്കാരനായി ഒരു ഈഴവനെ ഉൾക്കൊള്ളാൻ പോലും കഴിയാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്!

മിശ്രഭോജനവും മിശ്രവിവാഹവും ജാതി വ്യവസ്ഥയെ തകർക്കാനുള്ള പ്രതിവിധിയാണെന്ന് ഡോ. ബി.ആർ അംബേദ്ക്കർ പറഞ്ഞെങ്കിലും രണ്ടു കാര്യങ്ങളിലും ഇന്നും കാര്യമായ പുരോഗമനചിന്ത ഇല്ലെന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ, ഭരണ രംഗങ്ങളിലും ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ ഇന്നും വിവേചനവും അസ്പൃശ്യതയും നേരിടുന്നു. പട്ടികജാതി, പട്ടിക വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംവരണ മണ്ഡലങ്ങൾക്കപ്പുറം ജനറൽ സീറ്റ് ഇപ്പോഴും അപ്രാപ്യമാണ്. സ്ഥാനാർത്ഥി പി​ന്നാക്ക വി​ഭാഗക്കാരനെങ്കി​ൽ മുന്നാക്ക വി​ഭാഗങ്ങൾ വോട്ട് നൽകാൻ പോലും വിമുഖത കാട്ടുന്ന കാലമാണിത്. സമൂഹത്തിൽ അയിത്തവും അസ്പൃശ്യതയും നിലനിൽക്കുവോളം മിശ്രഭോജനത്തിന്റെ പ്രസക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല തന്നെ.

TAGS: AYYAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.