
ചൂടിനൊപ്പം കുടിവെള്ളക്ഷാമത്തിന്റെയും ദുരിതം പേറുകയാണ് ഇടുക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകളെല്ലാം വറ്റിക്കഴിഞ്ഞു. ഉയർന്ന പ്രദേശങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങണം. ജലനിരപ്പ് താഴ്ന്നതോടെ പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്ക് നിലച്ചിരിക്കുകയാണ്. മലങ്കര ഡാമിൽ നിന്നുള്ള രണ്ട് കനാലുകളാണ് തൊടുപുഴ മേഖലയിലുള്ളവർക്ക് ഏക ആശ്വാസം. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ചെറുജലാശയങ്ങളെ വരൾച്ച ബാധിച്ചു. ഇതുവരെ വറ്റിയിട്ടില്ലാത്ത സ്രോതസുകൾ പോലും ഉണങ്ങുകയാണ്. കാർഷികമേഖലയിലുമുണ്ട് ഇതിന്റെ പ്രതിഫലനം. ഹൈറേഞ്ചിലെ പ്രധാന കാർഷിക, നാണ്യ വിളകളായ ഏലം, കുരുമുളക് തുടങ്ങി വാഴയും പച്ചക്കറികളും വരെ വേനൽ ചൂടിൽ കരിഞ്ഞുതുടങ്ങി. മുൻകാലങ്ങളിൽ നൽകിയിരുന്ന വാട്ടർഷെഡ്, മഴവെള്ള സംഭരണി ഉൾപ്പെടെ വിവിധ പദ്ധതികൾ ത്രിതല പഞ്ചായത്ത് നിറുത്തലാക്കിയതോടെ വേനൽക്കാലത്ത് വിളകൾ സംരക്ഷിക്കാൻ വെള്ളം ഇല്ലാതെ നട്ടം തിരിയുകയാണ് കർഷകർ. കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകൾക്കാണ് പെട്ടന്നുണ്ടായ കാലാവസ്ഥാ മാറ്റം കൂടുതൽ ദോഷം ചെയ്യുന്നത്. മറ്റ് കൃഷികളും കാലിവളർത്തലും പ്രതിസന്ധിയിലാണ്. നദികളിൽ നിന്ന് വൻകിട തോട്ടങ്ങളിലെ കുളങ്ങളിലേക്ക് വൻതോതിൽ ജലം വലിച്ചെടുക്കുന്നതും നീരൊഴുക്കിനെ ബാധിക്കുന്നതായി പറയപ്പെടുന്നു. അനിയന്ത്രിതമായി കുഴൽകിണർ കുഴിക്കുന്നതും ഭൂഗർഭ ജലത്തിന്റെ അളവ് കുറയാൻ കാരണമാകുന്നുണ്ട്. അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം വെള്ളം പാഴാകുന്നതും ഉയർന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളവിതരണം മുടങ്ങുന്നതും സ്ഥിരം സംഭവമായിട്ടുണ്ട്. കരാറുകാർക്ക് കുടിശിഖയുള്ളതിനാൽ പണികൾ യഥാസമയം നടത്താനും ആളില്ലാത്ത സ്ഥിതിയാണ്. പൈപ്പ് നന്നാക്കാൻ ആളില്ലാത്തതിനാൽ ഉപഭോക്താവ് തന്നെ പണിക്കാരെ വിളിച്ച് പ്രധാന പൈപ്പ് ഉൾപ്പെടെ നന്നാക്കണമെന്ന് പറഞ്ഞ സംഭവങ്ങളുമുണ്ട്.
ഹൈറേഞ്ചിൽ സ്ഥിതി രൂക്ഷം
വേനൽ ചൂട് കനത്തതോടെ ഹൈറേഞ്ച് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി. കട്ടപ്പന നഗരസഭാ പ്രദേശങ്ങളിലടക്കം കുടിവെള്ളം കിട്ടാക്കനിയാകുന്നുണ്ട്. ഉയരം കൂടിയ പ്രദേശങ്ങളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്. കിണറുകളിൽ വെള്ളം കുറഞ്ഞു തുടങ്ങിയതും കുഴൽ കിണറുകൾ വറ്റി തുടങ്ങിയതുമാണ് പ്രതിസന്ധിക്ക് കാരണം. പതിവിൽ നിന്ന് വിരുദ്ധമായി ഇത്തവണ ജനുവരി മുതൽ കനത്ത വെയിലാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് പൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതിനാൽ ജലസ്രോതസുകളിൽ വെള്ളം വറ്റിത്തുടങ്ങുകയായിരുന്നു. ഹൈറേഞ്ച് മേഖലയിലെ പ്രധാന നദിയായ പെരിയാറിലും കൈത്തോടുകളിലും നീരൊഴുക്ക് കുറഞ്ഞതും ജലദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്. പെരിയാറ്റിൽ അതിവേഗം ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. ഏലപ്പാറ തോട്, കട്ടപ്പനയാർ എന്നിവയിൽ നീരൊഴുക്ക് പേരിന് മാത്രമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിൽ ജലനിരപ്പ് വേഗത്തിൽ താഴുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നദികളിലും തോടുകളിലും നീരൊഴുക്ക് കുറയുന്നത് ഇതുമായി ബന്ധപ്പെട്ട കുടിവെള്ള പദ്ധതികളെയും സമീപ പ്രദേശങ്ങളിലെ കിണറുകളെയും കുഴൽകിണറുകളെയും ദോഷമായി ബാധിക്കും. നീരൊഴുക്ക് കുറയുന്നത് കാർഷിക മേഖലയ്ക്കും തിരിച്ചടിയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ മാർച്ചാകുന്നതോടെ കുടിവെള്ളം ഹൈറേഞ്ച് മേഖലയിൽ കിട്ടാക്കനിയാകും. ഇങ്ങനെ വന്നാൽ വലിയ വില കൊടുത്ത് ടാങ്കറുകളിൽ കുടിവെള്ളം വാങ്ങേണ്ട സ്ഥിതി വരും. അവസരം മുതലെടുത്ത് ടാങ്കറുകൾ അമിത വില ഈടാക്കാനും സാദ്ധ്യതയുണ്ട്. ജലനിധി പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പോലും ജലക്ഷാമം അതിരൂക്ഷമാണ്.
ഒന്നും ചെയ്യാതെ അധികാരികൾ
ആദിവാസിമേഖലകളിൽ നിരവധി കുടിവെള്ളപദ്ധതികളാണ് നിർമാണം നിലച്ചോ പ്രവർത്തനം തടസ്സപ്പെട്ടോ കിടക്കുന്നത്. ഇതൊന്നും പൂർത്തീകരിക്കാനോ പ്രവർത്തന സജ്ജമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിൽ കുടിവെള്ളക്ഷാമത്തിന്റെ കാരണങ്ങൾ പലതാണ്. സ്വാഭാവിക ജലസ്രോതസ്സുകളുടെ അഭാവത്തിന് പുറമെ ശാസ്ത്രീ യമായ ജലവിതരണ പദ്ധതികൾ ഇല്ലാത്തത് ഒന്ന്. ഉള്ള പദ്ധതികൾ ശാസ്ത്രീയമായി ഉപയോഗിക്കാൻ കഴിയാത്തത് മറ്റൊന്ന്. ലക്ഷങ്ങൾ ചിലവിട്ട ചില പദ്ധതികൾ ദീർഘവീക്ഷണവും ആസൂത്രണവും ഇല്ലായ്മയും നിർമാണത്തിലെ അപാകതകളും മൂലം ഗുണഭോക്താക്കൾക്ക് ഒരു തുള്ളിവെള്ളം പോലും നൽകാൻ കഴിയാതെ പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും സ്മാരകങ്ങളായി തുടരുന്നു.
കരാറുകാർക്ക് കോടികൾ കുടിശ്ശിക
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് മൂലം വരുംനാളുകളിൽ ക്ഷാമം രൂക്ഷമാകും. ചെറുതും വലുതുമായ നിരവധി ചോർച്ചകളാണ് കുടിവെള്ള പദ്ധതികളിലുള്ളത്. ഇത് യഥാസമയം പരിഹരിക്കുന്നില്ല. കുടിവെള്ള കണക്ഷനുകൾ അധികവും കടന്നുപോകുന്നത് പൊതുറോഡിലൂടെയാണ്. ചെറിയ ചോർച്ചകൾ ഉണ്ടാകുമ്പോൾ തന്നെ ഇവ കണ്ടെത്തിയാൽ മണിക്കൂറുകൾക്കകം പരിഹരിക്കാം. കാലതാമസം വരും തോറും ചോർച്ച വലുതാവുകയും റോഡ് വിണ്ടുകീറുകയും ചെയ്യും. പിന്നീട് ഇത് പരിഹരിക്കാൻ ഗതാഗതം പോലും തടസപ്പെടുത്തേണ്ടിവരുന്ന അവസ്ഥയാണ്. പൈപ്പും മോട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർക്ക് കോടികളാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. കരാറുകാർക്ക് കുടിശിക നൽകാനും ജലവിതരണ പദ്ധതികൾ പൂർത്തിയാക്കാനും ആവശ്യമായ ഫണ്ട് വാട്ടർ അതോറിട്ടിക്ക് ഇല്ലാത്തതും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡു സാമ്പത്തിക വർഷാവസാനത്തിലും ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. വേനൽക്കാല കുടിവെള്ള വിതരണ പദ്ധതികൾക്കുൾപ്പെടെ 5,000 കോടി ആവശ്യപ്പെട്ട വാട്ടർ അതോറിട്ടിക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 200 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതോടെ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികളും പമ്പ് ഹൗസുകൾ, മോട്ടോറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ തകരാറുകളും പരിഹരിക്കാനാകാത്ത സ്ഥിതിയാണ്. ജൽജീവൻ പദ്ധതികളുടെ പൂർത്തീകരണത്തിനും പണമില്ലാതായി. തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ടാങ്കുകളിൽ വെള്ളം എത്തിച്ചായിരുന്നു മുമ്പ് ജലക്ഷാമം പരിഹരിച്ചിരുന്നത്. എന്നാൽ, പ്ലാൻ ഫണ്ടിന്റെ മൂന്നാംഗഡുവായ 3000 കോടിയിലധികം രൂപ കിട്ടാതെ വന്നതോടെ ഇത്തവണ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |