SignIn
Kerala Kaumudi Online
Sunday, 08 March 2026 3.14 AM IST

RAJISHAS CINEMA memories രജിഷ വിജയൻ

Increase Font Size Decrease Font Size Print Page
s

സിനിമയിൽ പത്തു വർഷയാത്രയിൽ രജിഷ വിജയൻ

ഇതുവരെ കാണാത്ത ലുക്കിൽ ആണ് പുതുവർഷത്തിൽ രജിഷ വിജയൻ . പരീക്ഷണ സിനിമയുടെ ലോകം തീർക്കുന്ന ക്രിഷാന്ത് രചനയും സംവിധാനവും നിർവഹിച്ച മസ്തിക മരണം സൈമൺസ് മെമ്മറീസ് വിസ്മയ വിരുന്ന് ഒരുക്കുമ്പോൾ സിനിമാ നടിയായും വിർച്വൽ ലോകത്തെ മാസ്മരിക രൂപമായും രജിഷ നിറഞ്ഞാടുന്നു.സിനിമയിലെ പത്തുവർഷം യാത്ര ഗംഭീരമാക്കുമ്പോഴാണ് പുതിയ വേഷപ്പകർച്ച. കോഴിക്കോട് പേരാമ്പ്രയിൽ നിന്നാരംഭിച്ച സിനിമയാത്ര അന്യഭാഷകളിലും വിജയം ചാർത്തിയതിന്റെ സന്തോഷം രജിഷയുടെ മുഖത്ത് പറ്റികിടക്കുന്നു.

ഫ്രീഡ സോമൻ എന്ന കഥാപാത്രം അവതരിപ്പിക്കുമ്പോൾ കഥയുടെ ത്രില്ലിംഗാണോ ആഘർഷിച്ചത് ?

കഥ കേട്ടപ്പോൾ ആദ്യം ആശ്ചര്യമായിരുന്നു. ഇങ്ങനെയൊരു ഐഡിയ ആലോചിച്ച് അതിനെ തിരക്കഥയാക്കി സിനിമയെടുക്കാൻ ധൈര്യം കാണിച്ച സംവിധായകന്റെ കഴിവാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്. ഇത്തരം ഒരു കഥാപാത്രത്തെ ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ല. എനിക്ക് തോന്നുന്നു പ്രേക്ഷകരുടെ ആദ്യത്തെ അനുഭവമായിരിക്കും ഇത്. അതിനാൽതന്നെ ഇത്തരം വ്യത്യസ്തമായ അഭിനയത്തിലൂടെ ആളുകളുടെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒരു കഥാപാത്രം ചെയ്യാൻ ലഭിച്ച അവസരം എനിക്ക് ശരിക്കും അത്ഭുതമായിരുന്നു. അതിനാൽ ആ കഥാപാത്രത്തെ വേണ്ട രീതിയിൽ മാറ്റിയെടുക്കാൻ ഞാൻ നല്ലരീതിയിൽ പരിശ്രമിച്ചു.

കഥാപാത്രത്തിനുവേണ്ടി രൂപം മാറ്രാൻ ശ്രമിക്കുന്നുണ്ടല്ലേ ?

ഓരോ കഥാപാത്രവും ആ കഥാപാത്രം കടന്നുപോകുന്ന സാഹചര്യങ്ങളെ ചുറ്രിപ്പറ്റിയാണ് നിലകൊള്ളുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും സിനിമയ്ക്കനുസരിച്ച് പ്രത്യേകതകൾ ഉണ്ടാകും. അതുക്കൊണ്ടുതന്നെ അതിനനുസരിച്ചാണ് അഭിനയവും കൊണ്ടുപോവുക. മസ്തിഷ്ക മരണത്തിൽ ഫ്രീഡയായി മാറുകയായിരുന്നു. ഫ്രീഡ എങ്ങനെ ചിന്തിക്കും,എങ്ങനെ പ്രവർത്തിക്കും എന്ന് മാത്രമാണ് നോക്കിയിരുന്നത്. അതുക്കൊണ്ടുതന്നെ ഫ്രീഡയെ നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ വേണ്ടുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. അതിൽ എന്റെ ശരീര പ്രകൃതി മാറുന്നതിനെപറ്റി ഓർക്കാറില്ല,​ആ കഥാപാത്രത്തെ നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കണം എന്ന് മാത്രമേ ‍ ചിന്തിക്കാറുള്ളൂ.

ആദ്യ ചിത്രമായ അനുരാഗ കരിക്കിൻവെള്ളത്തിൽ നിന്ന് പിന്നിട്ട വർഷങ്ങളിൽ ഉണ്ടായ മാറ്റം ?​

വലിയ മാറ്റമൊന്നും കാണുന്നില്ല,​അന്ന് സിനിമയോടുള്ള സ്നേഹവും താത്പര്യവും എങ്ങനെയായിരുന്നുവോ അത് ഇപ്പോഴും ഉണ്ട്.

പത്തു വർഷം മുമ്പാണ് ആദ്യ സിനിമയായ അനുരാഗ കരിക്കിൻവെള്ളം ചെയ്യുന്നത്. ഈ പത്തു വർഷവും ഒരേ മേഖലയിൽ നിൽക്കാൻ കഴിയുക എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ് .കൂടാതെ ഈ കാലയളവിൽ ഒരേ സ്ഥലത്തുതന്നെ തുടരുമ്പോൾ അവിടുന്ന് കിട്ടുന്ന അറിവും ബന്ധങ്ങളും ഒന്നും ചെറുതല്ല. ഒരുപാട് നല്ല സൗഹൃദങ്ങളും സിനിമ മേഖലയെപറ്റി നല്ല രീതിയിൽ മനസിലാക്കാനും സാധിച്ചു. അഭിനയത്തിലെ പോരായ്മകൾ മാറ്റി ഓരോ തവണയും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അനുരാഗ കരിക്കിൻവെള്ളം മുതൽ വളരെ ഗൗരവമായി തന്നെയാണ് സിനിമയെ കാണുന്നത്. ആദ്യ സിനിമയേക്കാൾ കുറച്ചുകൂടി നല്ല രീതിയിൽ അഭിനയിക്കാൻ പിന്നീട് കഴിഞ്ഞിട്ടുണ്ട്.

കരിയർ എങ്ങനെ മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം ?

തീർച്ചയായും സിനിമയിൽ തന്നെ തുടരണം . മരണംവരെയും സിനിമയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. സിനിമയിലേക്ക് വരുമ്പോഴും അങ്ങനെയായിരുന്നു.ഇനി അങ്ങോട്ടും അങ്ങനെത്തന്നെയായിരിക്കും. സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കണമെന്നുതന്നെയാണ് ആഗ്രഹം.

കളങ്കാവലിൽ മമ്മൂട്ടിയോടൊപ്പം അഭിനയം എങ്ങനെയായിരുന്നു ?​

ഞാൻ വലിയൊരു മമ്മുക്ക ഫാനാണ്. പിന്നെ മമ്മുക്കയെ വർഷങ്ങളായി പരിചയമുണ്ട്. അതിനാൽ വളരെ നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. അതുക്കൊണ്ടുതന്നെ മമ്മുക്കയുടെ കൂടെ ഒരു ഷോട്ടിലെങ്കിലും നിൽക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഒപ്പം അഭിനയിക്കാൻ ഒരു അവസരത്തിന് കാത്ത് നിൽക്കുകയായിരുന്നു. അത് സാധിച്ചത് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത സന്തോഷംതന്ന ഒന്നാണ്. മമ്മുക്കയോടൊപ്പമുള്ള അഭിനയം വളരെ രസകരമാണ്. എന്തും തുറന്ന് സംസാരിക്കാൻ സാധിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ഒപ്പം അഭിനയിച്ചപ്പോൾ എന്റെ കഥാപാത്രത്തെ നന്നാക്കുന്നതിലുപരി മമ്മുക്കയുടെ അഭിനയം നേരിട്ട് കണ്ട് പല സമയങ്ങളിലും അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു ഞാൻ.

കരിയറിലെ ഏറ്റവും മികച്ച സിനിമയായി ഏതായിരിക്കും തിരഞ്ഞെടുക്കുക ?​

അങ്ങനെ പ്രത്യേകിച്ച് പറയാൻ ഒന്നില്ല. അഭിനയിച്ച എല്ലാ സിനിമയും വളരെ ഇഷ്ടപ്പെട്ടതു തന്നെയാണ്. ഓരോ സിനിമ അഭിനയിക്കുമ്പോഴും കഥാപാത്രം മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്.ഒരു കഥാപാത്രമായി ചുരുങ്ങാൻ താത്പര്യമില്ല. പിന്നെ എപ്പോഴും എല്ലാവർക്കും ആദ്യ സിനിമ ആയിരിക്കും നല്ല അനുഭവം തന്നിട്ടുണ്ടാവുക. ആദ്യത്തെ ഒരു എക്സ്പീരിയൻസ് ആയതുക്കൊണ്ടുതന്നെ അനുരാഗ കരിക്കിൻവെള്ളമാണ് സ്പെഷ്യലെന്ന് പറയാൻ സാധിക്കുന്നത്.

ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടല്ലേ ?​

തീർച്ചയായും. വളരെ കഷ്ടപ്പെട്ടാണ് ശരീരത്തെ സിനിമയ്ക്കുവേണ്ടി മാറ്റിയെടുത്തത്. പിന്നെ മെലിഞ്ഞിരിക്കുക എന്നതിനെക്കാൾ കൂടുതൽ വളരെ സ്ട്രോങ്ങായിരിക്കുക,​എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുക എന്നാണ് ചിന്തിക്കുന്നത്. അത് കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തെ എങ്ങനെ നിർവചിക്കുന്നു.​ കഥാപാത്രങ്ങളെല്ലാം ശക്തമായ ശബ്ദങ്ങളാണല്ലോ ?​

ഏതൊരു മനുഷ്യനും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണല്ലോ,​അത് പുരുഷനായാലും സ്ത്രീയായായലും എല്ലാവരും സ്വാതന്ത്ര്യം അർഹിക്കുന്നു. എനിക്കു കിട്ടുന്ന കഥാപാത്രങ്ങളെ അതിനനുസരിച്ച് അഭിനയിച്ച് വിജയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ സിനിമ ഒരിക്കലും ഒരു ആക്ടിവിസത്തിന്റെ ഭാഗമല്ല,​ സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഒരിക്കലും ശരിക്കുമുള്ള ഞാനല്ലെന്ന് എനിക്കറിയാം. എന്റെ വ്യക്തിപരമായ ചിന്താഗതിയും രാഷ്ട്രീയവുമെല്ലാം കഥാപാത്രങ്ങൾക്കനുസരിച്ച് മാറ്രിവയ്ക്കും. അഭിനയിക്കുമ്പോൾ പൂർണമായി കഥാപാത്രമായി മാറുന്നു. ഓരോരുത്തരുടെ സ്വാതന്ത്ര്യവും എങ്ങനെയാവണമെന്ന് അവരാണ് തീരുമാനിക്കുന്നതാണ്. അതിലാണ് ഞാൻ വിശ്വസിക്കുന്നത്.

TAGS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.