
തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ സീറ്റ് യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പിക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിൽ ജില്ലയിലെ കോൺഗ്രസിനുള്ളിൽ എതിർപ്പ്. സി.എം.പി നേതാവ് സി.പി.ജോണിനെ ഇവിടെയോ ലീഗിൽ നിന്ന് ഏറ്റെടുത്ത തിരുവമ്പാടിയിലോ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് ആലോചന. തിരുവനന്തപുരം സീറ്റിലാണ് സി.പി.ജോൺ കൂടുതൽ ആഭിമുഖ്യം കാണിച്ചിട്ടുള്ളതെന്ന് അറിയുന്നു.
ചില ഡി.സി.സി അംഗങ്ങളും ബ്ളോക്ക്, മണ്ഡലം പ്രസിഡന്റുമാരുമാണ് ഈ നീക്കത്തിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകിയിട്ടുള്ളതെന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന് നല്ല വിജയസാദ്ധ്യതയാണ് മണ്ഡലത്തിലുള്ളതെന്നും വിജയ സാദ്ധ്യതയോ, സ്വാധീനമോ ഇല്ലാത്ത സി.എം.പിക്ക് സീറ്ര് നൽകുന്നതിലൂടെ കോൺഗ്രസിന്റെ സാദ്ധ്യത അടയുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേമം മണ്ഡലം നേരത്തെ ഘടകകക്ഷിക്ക് വിട്ടുകൊടുത്ത അനുഭവവും ചൂണ്ടിക്കാട്ടി. രണ്ട് തവണ വി.എസ്.ശിവകുമാർ ജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഇപ്പോഴത്തെ സ്ഥാനാർത്ഥി പരിഗണനയിലും ശിവകുമാറുൾപ്പെട്ടിട്ടുണ്ട്. ടി.ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ശബരീനാഥൻ എന്നിവരുടെ പേരുകളും പരിഗണനാപട്ടികയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |