SignIn
Kerala Kaumudi Online
Saturday, 07 March 2026 10.04 AM IST

തോൽപ്പിക്കണം ഫ്ലക്സ് പ്രചാരണത്തെ!

Increase Font Size Decrease Font Size Print Page
s

പൊതുവിടങ്ങളിൽ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ നിന്ന് ഉത്തരവുകളുടെ പരമ്പര തന്നെയുണ്ടായി. പ്രധാന നഗരങ്ങളിലെങ്കിലും ഇടക്കാലത്ത് ഇതിനൊരു നിയന്ത്രണവുണ്ടായി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതോടെ എല്ലാം വീണ്ടും തകിടം മറിയുന്ന സ്ഥിതിയാണ്.

ഴ പെയ്യുമ്പോൾ വിത്തുകൾ പൊട്ടിമുളയ്ക്കും. തിരഞ്ഞെടുപ്പ് വരുമ്പോൾ ഫ്ലക്സുകളും! അതാണ് നാട്ടിലെ സ്ഥിതി. പൊതുനിരത്തുകളിൽ അനധികൃതമായി ബോർഡുകൾ വയ്ക്കുന്നത് നിയമവിരുദ്ധമാണ്. പ്ലാസ്റ്റിക് പോസ്റ്ററുകളും ഫ്ലക്സുകളും നിരോധിച്ചിട്ടുള്ളതുമാണ്. അതെല്ലാം അറിഞ്ഞുകൊണ്ടുള്ള നിയമലംഘനങ്ങളാണ് തുടരുന്നത്.

അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നിരത്തുകളിൽ നിന്ന് നിർമ്മാർജനം ചെയ്യാനുള്ള യജ്‌ഞത്തിലാണ് കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി ഹൈക്കോടതി. ഇവയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും റോഡപകട സാദ്ധ്യതയുമടക്കം കണക്കിലെടുത്താണ് കോടതി ഇടപെട്ടത്. തുടർച്ചയായി പല നിർദ്ദേശങ്ങളും നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ കോടതി വടിയെടുക്കുകതന്നെ ചെയ്തു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേ കേസെടുക്കണമെന്ന് ഉത്തരവിട്ടു. ഓരോന്നിന്നും 5000 രൂപ വീതം പിഴ ഈടാക്കണമെന്നും നിർദ്ദേശിച്ചു. ബോർഡുകൾ നീക്കിയില്ലെങ്കിൽ തദ്ദേശഭരണ സെക്രട്ടറിമാർ ഈ തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടിവരുമെന്നും വ്യക്തമാക്കി. ഇതോടെ കുറെയേറെ മാറ്റമുണ്ടായി. എന്നാൽ രാഷ്ട്രീയ പാർട്ടികളുടേയും മറ്റ് സംഘടിത ശക്തികളുടേയും ബോർഡുകൾ നീക്കുന്നതിന് കൈവിറയ്ക്കുന്ന സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. അതിന്റെ ഫലമായി ഫ്ലക്സുകൾ വീണ്ടും തലപൊക്കുന്ന സ്ഥിതിയാണ്. ഇത് മനസിലാക്കിയ ഹൈക്കോടതി, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവിന് നിർദ്ദേശിച്ചിരിക്കുകയാണ്.


ശുചിത്വ കേരളം ?

അനധികൃത ബോർഡുകൾ നിരത്തുകളിൽ വയ്ക്കുന്നവർക്കെതിരേയും അത് തടയാൻ മടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും ഹൈക്കോടതി പലതരം താക്കീതുകൾ നൽകിക്കഴിഞ്ഞു. പിഴ ഈടാക്കാൻ ഭയക്കുന്ന സെക്രട്ടറിമാർ രാജിവച്ച് പോകുന്നതാണ് ഉചിതമെന്നുവരെ പറഞ്ഞു.
നടപടിയെടുക്കാൻ വിമുഖതയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ ഓൺലൈനായി ഹാജരായി വിശദീകരണം നൽകേണ്ടിവരുമെന്നും വിഷയം തുടർച്ചയായി നിരീക്ഷിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം പ്രചാരണ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നാൽ ജനം കൂടെനിൽക്കുമെന്നുറപ്പാണെന്നും ഓർമ്മപ്പെടുത്തി.
ഇത് നിയമവാഴ്ചയുടെ വിഷയമാണെന്നും നിശബ്ദതപാലിക്കാനാകില്ലെന്നുമാണ് കോടതിയുടെ നിലപാട്.

ബോർഡിന്റെ വലിപ്പത്തിനനുസരിച്ച് പിഴ വർദ്ധിപ്പിക്കുന്നതു പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ബോർഡുകൾ നീക്കാൻ ജീവനക്കാർ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ കോടതി സംരക്ഷണം നൽകും. കോടതിയലക്ഷ്യമടക്കം സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ മുഖമുള്ള ഫ്ലക്‌സുകൾ നീക്കിയാൽ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

അനധികൃത ബോർഡുകൾ ഏജൻസികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഇത്തരത്തിൽ നഗരത്തിലാകെ ബോർഡുവെച്ചിട്ട് സ്വച്ഛ്ഭാരതെന്നും ശുചിത്വ കേരളമെന്നും നവകേരള എന്നും മേനി പറയരുതെന്നും കോടതി വിർശിച്ചിരുന്നു.
ഇക്കാര്യത്തിൽ ഇനിയും കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നുവരെ മുന്നറിയിപ്പ് നൽകി. തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ പൊലീസ് സഹായം ലഭ്യമാക്കാൻ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഒരു തലയ്ക്കൽ നിർമ്മാർജന നടപടികളും പിഴയീടാക്കലും നടക്കുമ്പോൾ മറുതലയ്ക്കൽ ഫ്ലക്സുകൾ വീണ്ടും തലപൊക്കുന്ന സ്ഥിതിയാണ്.

ജാഥകൾക്കും പരസ്യം

നിയമസഭാ തിരഞ്ഞെടുപ്പിന് ഇക്കുറി പതിവിലും വാശിയേറും. തുടർഭരണത്തിന് ഇടതുപക്ഷം. സ്ഥിരം പ്രതിപക്ഷമെന്ന നാണക്കേട് തീർക്കാൻ യു.ഡി.എഫ്. താമര പരമാവധി വിരിയിക്കാൻ എൻ.ഡി.എ. അതുകൊണ്ട് മത്സംരം മുറുകും. കൊടി തോരണങ്ങളുടേയും ബോർഡുകളുടേയും എണ്ണവും കൂടുമെന്നുറപ്പ്. ഇതിന്റെ സൂചനകൾ കണ്ടു തുടങ്ങി. രാഷ്ട്രീയ മുന്നണികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രാഷ്ട്രീയ ജാഥകൾക്ക് വൻ ഫ്ലക്സ് പ്രചാരണം നടന്നു. നേതാക്കളുടെ ചിരിക്കുന്ന മുഖവുമായുള്ള ബോർഡുകളും ബാനറുകളും നടപ്പാതകൾ തടസപ്പെടുത്തിപ്പോലും സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണത്തിലല്ലേ എന്ന് സംശയിക്കാം. പൊതു ഇടങ്ങളിൽ പ്രചാരണ സാമഗ്രികൾ വയ്ക്കുന്നത് കമ്മിഷൻ തടയുകയില്ലേ എന്നും ചോദ്യമുയരും. പൊതു സ്ഥലങ്ങളിലെ ചുവരെഴുത്തും മറ്റും കരിഓയിൽ ഒഴിച്ചു മറയ്ക്കാനും പോസ്റ്ററുകൾ കീറിക്കളയാനും കമ്മിഷൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഓരോ മുക്കിലും കണ്ണെത്തുകയെന്നത് ദുഷ്കരമാണ്. പ്രചാരണം നടത്തുന്നവർ വിചാരിക്കാതെ ഇതിനൊരു നിയന്ത്രണമുണ്ടാകില്ല. വോട്ടർമാരെ നേരിൽക്കണ്ടുള്ള പ്രചാരണം മാത്രമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ചില സ്ഥാനാർത്ഥികൾ മാതൃകയായെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിലെ വീറും വാശിയും നിരത്തുകളിൽ ഫ്ലക്സുകളും കൊടിതോരണങ്ങളുമായി പ്രതിഫലിക്കാൻ തന്നെയാണ് സാദ്ധ്യത. ഒരിക്കൽ കെട്ടിയാൽ അത് വെയിലും മഴയും കൊണ്ട് അപകടഭീഷണിയായി കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ മണ്ണിൽ ലയിക്കാത്ത വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന കൊടിതോരണങ്ങൾ നീണ്ടുനിൽക്കുന്ന പരിസ്ഥിതി ഭീഷണിയാണ്. അധികൃതർ കൂട്ടത്തോടെ നീക്കം ചെയ്യുന്ന ഇത്തരം മാലിന്യങ്ങൾ എവിടെ സംസ്കരിക്കുമെന്നത് വലിയ വിഷയമാണ്. റീസൈക്കിൾ ചെയ്തെടുക്കാവുന്നത് ഇവയിൽ കുറച്ചുമാത്രമാണ്. ഫ്ലക്സുകൾ കെട്ടിവയ്ക്കുന്ന പ്ലാസ്റ്റിക് വള്ളികൾ നടപ്പാതകളുടെ ഹാൻഡ്റെയിലിൽ തുടരുന്നതും പെയിന്റ് ഇളകുന്നതും കോടതിയുടെ ശ്രദ്ധയിൽ വന്നിരുന്നു. ഇത്തരത്തിൽ പ്രശ്നത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും വിലയിരുത്തിയാണ് ഹൈക്കോടതി നിരോധനം കർശനമാക്കണമെന്നും ഫ്ലക്സുകളെ ജനം വർജിക്കണമെന്നും നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കോടതി പറയുന്നത്. ഇത് പാലിക്കാനുള്ള ബാദ്ധ്യത ഓരോ പൗരനുമുണ്ട്. അതിനാൽ തിരഞ്ഞെടുപ്പു രംഗം ഫ്ലക്സ് മയമാക്കരുതെന്ന് ഓരോ നേതൃത്വവും അണികളെ അറിയിക്കണം. വോട്ടർമാർ പ്രതികരിക്കുകയും വേണം. ഇതിനുള്ള സമയം ഇനിയും വൈകിയിട്ടില്ല.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.