
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ലൈംഗികാരോപണ കേസിലെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവിലെ ഹൈക്കോടതി നിരീക്ഷണങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്.
ഹൈക്കോടതി നടപടി മിനി വിചാരണ പോലെയായെന്നും, തനിക്കെതിരെ നടത്തിയ പ്രതികൂലവും അനാവശ്യവുമായ പരാമർശങ്ങൾ കേസിനെ സ്വാധീനിച്ചേക്കാമെന്നും
ഹർജിയിൽ പറയുന്നു.. ഇര സ്വമേധയാ പ്രതിയുടെ മുറിയിലേക്ക് വന്നതിനാൽ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്ന വിലയിരുത്തൽ തെറ്റാണ്. പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി അടക്കം പത്തോളം പേരെ പീഡിപ്പിച്ച കേസുകളുള്ളത് പരിഗണിച്ചില്ല. വിവാഹബന്ധത്തിൽ പ്രശ്‌നമുള്ളവരെയും പങ്കാളികളിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്നവരെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. കേസുകളിലെ നിർബന്ധിത ഗർഭഛിദ്രം, പീഡനം, ബലപ്രയോഗം തുടങ്ങിയ ആരോപണങ്ങൾ പ്രതിയുടെ ഗുരുതര ക്രിമിനൽ സ്വഭാവം തെളിയിക്കുന്നു.നിരവധി സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള പ്രതിക്ക് സൈബർ വിഭാഗത്തിന്റെ പിന്തുണയോടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകുന്നുവെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ മാനഭംഗപ്പെടുത്തിയെന്നും നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നും ആരോപിച്ച് നേമം പൊലീസ് സ്റ്റേഷനിൽ 2025 നവംബർ 28-ന് രജിസ്റ്റർ ചെയ്‌ത കേസിൽ ഫെബ്രുവരി 12-നാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |