SignIn
Kerala Kaumudi Online
Tuesday, 10 March 2026 5.14 AM IST

നയതന്ത്ര തലത്തിലെ നല്ല സമീപനം

Increase Font Size Decrease Font Size Print Page

s

സമ്പത്തും പ്രതാപവുമൊക്കെയുള്ള കാലത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒരു കുറവും കാണില്ല. അതൊക്കെ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാവുന്ന ഘട്ടത്തിൽ അതുവരെ മിത്രങ്ങളായിരുന്നവർ പോലും അപരിചിത ഭാവം നടിക്കും. യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയുന്നത് പ്രതിസന്ധിയിലാണെന്ന് പഴമക്കാർ പറയാറുള്ളത് വ്യക്തികൾക്കു മാത്രമല്ല, രാജ്യങ്ങൾക്കും ബാധകമാണ്. കാരണങ്ങൾ എന്തായാലും ഇസ്രയേലും അമേരിക്കയും തുടങ്ങിയ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സഹായിക്കാൻ താനും തന്റെ നിഴലും മാത്രം എന്ന അവസ്ഥയിലാണ് ഇറാൻ. ഈ ഘട്ടത്തിൽ ചോദിച്ച ഒരു സഹായം അനുവദിച്ചുകൊണ്ട് ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ അതിന്റെ സഹാനുഭൂതിയിൽ അധിഷ്ഠിതമായ വ്യക്തിത്വം പ്രകടിപ്പിച്ചിരിക്കുകയാണ്.

മൂന്ന് ഇറാനിയൻ കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്ര‌ത്തിൽ ഉണ്ടായിരുന്നത്. മാർച്ച് ആദ്യത്തെ ആഴ്ച അമേരിക്കയും ഇസ്രയേലും ഇറാനുമേൽ ആക്രമണം ആരംഭിച്ചതോടെ ഈ മൂന്ന് കപ്പലും പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ മഹാസമുദ്ര‌ത്തിലെ ഇന്റർനാഷണൽ ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുത്ത ഈ കപ്പലുകൾ ഇന്ത്യൻ നാവികസേന വിശാഖപട്ടണത്ത് സംഘടിപ്പിച്ച മിലാൻ 2026 എന്ന നാവികാഭ്യാസത്തിലും പങ്കെടുത്താണ് മടങ്ങിയത്.

ഇതിൽ ഒരു കപ്പലായ ഐ.ആർ.എസ് ദേനയാണ് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന് മുങ്ങിയത്. ശ്രീലങ്കൻ നാവികസേനയാണ് കപ്പലിലുണ്ടായിരുന്ന 87 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 32 പേരെ രക്ഷപ്പെടുത്തി. മറ്റൊരു ഇറാനിയൻ കപ്പലിന് ശ്രീലങ്ക സഹായം നൽകുകയും അവരുടെ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്ര‌ത്തിൽ ഏതു നിമിഷവും ആക്രമണത്തിന് വിധേയമാകാം എന്ന അവസ്ഥയിലായപ്പോഴാണ് മൂന്നാമത്തെ കപ്പലായ ഐ.ആർ.എസ് ലവാന് അഭയം നൽകണമെന്ന അഭ്യർത്ഥനയുണ്ടായത്. മാർച്ച് ആദ്യ ആഴ്ച തന്നെ നമ്മൾ അനുമതി നൽകി.

അനുമതി ലഭിച്ച് ഏതാനും ദിവസം കഴിഞ്ഞാണ് ആ കപ്പൽ കൊച്ചി തീരത്ത് എത്തിയത്. കൊച്ചിയിലേക്കു വരാൻ കപ്പലിന് അനുമതി നൽകിയത് മാനുഷിക പരിഗണന മുൻനിറുത്തിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ മഹാസമുദ്ര‌ത്തിൽവച്ച് ഇറാന്റെ കപ്പൽ തകർത്തത് ഇന്ത്യയ്ക്കു കൂടി ലഭിച്ച അടിയാണെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. യഥാർത്ഥ വസ്തുതകളല്ല,​ ഊഹാപോഹങ്ങളാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. അതിനാൽ ഇന്ത്യൻ മഹാസമുദ്ര‌‌ത്തിൽ വിദേശ സൈനിക സാന്നിദ്ധ്യം ദീർഘനാളായി ഉണ്ടെന്ന വസ്തുത വിസ്‌മരിക്കരുതെന്ന് ഓർമ്മിപ്പിച്ചാണ് വിമർശനങ്ങൾക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രി രംഗത്തുവന്നത്. കപ്പലിന് അഭയം നൽകിയതിനു പുറമേ,​ ഇന്ത്യ ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

എതിർപക്ഷത്ത് ആര് എന്നു നോക്കാതെ ഇത്തരം മാനുഷികമായ സമീപനങ്ങൾ എക്കാലത്തും പിന്തുടരുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും സത്യസന്ധവും ധീരവും അതേസമയം കാരുണ്യപരവുമായ സമീപനങ്ങളാണ്. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് മൂവായിരം വർഷങ്ങൾ പഴക്കമുണ്ടെന്നും അതിനിയും തുടരുമെന്നുമാണ് ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഇതിനൊക്കെ മറുപടിയായി പ്രതികരിച്ചത്. യുദ്ധം ഇന്നല്ലെങ്കിൽ നാളെ സമാപിക്കും. സൗഹൃദം ഒരു ദിവസം അവസാനിപ്പിക്കാനും മറ്റൊരു ദിവസം തുടങ്ങാനുമുള്ളതല്ല. അതൊരു തുടർച്ചയാണ്. ഇത് തെളിയിക്കുന്നതായി, നയതന്ത്രതലത്തിലെ ഇന്ത്യയുടെ സമീപനം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.