
വടക്കഞ്ചേരി: കാര്‍ഷിക മേഖലയിലെ പുതുമകളിലൂടെ ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തന്‍പുരയില്‍ സാജു തോമസിന്റെ തോട്ടത്തില്‍ ഈ വര്‍ഷവും കൗതുകമായി വീണ്ടും വിരിഞ്ഞു നില്‍ക്കുകയാണ് 'താമരച്ചക്ക'. ഒരൊറ്റ പ്ലാവില്‍ തന്നെ ആയിരത്തിലധികം കുഞ്ഞന്‍ ചക്കകള്‍ കായ്ച്ചുനില്‍ക്കുന്ന അപൂര്‍വ കാഴ്ച എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്.
സാധാരണ പ്ലാവുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ പ്ലാവില്‍ ചക്കകള്‍ കുലകളായാണ് വിരിയുന്നത്. അടക്കക്കുല പോലെ തിങ്ങിനിറഞ്ഞ കുലകളില്‍ 20ഓളം ചക്കകള്‍ വരെ കാണാം. ഓരോ കുലയിലും പല വലിപ്പത്തിലുള്ള ചക്കകളുണ്ട്. അടക്കയുടെ വലിപ്പമുള്ള കുഞ്ഞന്‍ ചക്ക മുതല്‍ ചെറിയ തേങ്ങയുടെ വലിപ്പം വരെ ഉള്ളവയാണ് ഇവ. പെരുമ്പാവൂരില്‍ നിന്ന് കൊണ്ടുവന്ന ഉണ്ടച്ചക്കയുടെ കൊമ്പ്, നാട്ടില്‍ വളര്‍ന്ന നാടന്‍ ചക്കക്കുരുവില്‍ മുളപ്പിച്ച തൈയില്‍ ബഡ് ചെയ്താണ് സാജു ഈ 'താമര പ്ലാവ്' വളര്‍ത്തിയെടുത്തത്.
പ്രത്യേകതകള്‍ ഏറെ
ചെറിയ ചക്കകളില്‍ ഒരു ചുള മാത്രമേ ഉണ്ടാകൂ
വലിയവയില്‍ 20 മുതല്‍ 30 വരെ ചുളകള്‍ ലഭിക്കും
സാധാരണയായി ഒരു ചക്കയ്ക്ക് ഏകദേശം ഒരു കിലോ വരെ തൂക്കം വരും
സാധാരണ ചക്കയെക്കാള്‍ രുചിയും മണവും കൂടുതലാണ്.
മുളപ്പിച്ച് അഞ്ചാം വര്‍ഷം മുതലാണ് പ്ലാവില്‍ ചക്ക കായ്ച്ചുതുടങ്ങിയത്. ഇപ്പോള്‍ വിളഞ്ഞുനില്‍ക്കുന്ന ഈ പ്ലാവില്‍ ആയിരത്തിലധികം ചക്കകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. 'നാനോ' വലിപ്പത്തിലുള്ള ഈ ചക്കകള്‍ വിഷു കണിയൊരുക്കാനും ഏറെ സൗകര്യപ്രദമാണ്. - സാജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |