
തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയുമായിരുന്ന അഡ്വ. ഹരിലാലിനെ വിവരാവകാശ കമ്മിഷണറാക്കാൻ, വിജ്ഞാപന തീയതി കാലാവധി തീർന്നശേഷം നീട്ടി നൽകിയെന്ന് പരാതി. 2025 ഓഗസ്റ്റ് 16നാണ് വിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ചീഫ് സെക്രട്ടറി എ.ജയതിലക് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു ഇതിൽ. 45 അപേക്ഷകൾ നിശ്ചിതസമയത്തിനകം ലഭിച്ചിരുന്നു.
എന്നാൽ, അവസാന തീയതി കഴിഞ്ഞ് സെപ്റ്റംബർ 18ന് സെക്രട്ടറി കെ.ബിജു ഒപ്പിട്ട മറ്റൊരു വിജ്ഞാപനത്തിലൂടെ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. ചീഫ് സെക്രട്ടറി പുനർവിജ്ഞാപനമിറക്കുന്നതിൽ നിന്ന് വിട്ടുനിന്നു.
മുഖ്യമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെട്ട മൂന്നംഗ കമ്മിറ്റിയാണ് നിയമനത്തിന് ശുപാർശ നൽകേണ്ടതെങ്കിലും പ്രതിപക്ഷനേതാവിനെ ഒഴിവാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നിയമനം നടത്തുന്നതിനാണ് തിരക്കിട്ട് കമ്മിറ്റി വിളിച്ചു ചേർത്തത്. ചട്ടവിരുദ്ധമായ നിയമനമാണെന്നും ശുപാർശ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |