
തിരുവനന്തപുരം: കേരളത്തിൽ ഡിഗ്രിതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയെന്നും അടുത്ത വർഷം മുതൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി ഡോ.ആർ.ബിന്ദു. വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഇത്രയും ഉയർന്ന തുക നൽകുന്ന മറ്റൊരു സ്‌കോളർഷിപ്പ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ല. സിവിൽ സർവീസ് പരീക്ഷയിൽ കേരള ടോപ്പറായ ശ്രീജ വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീർ അദ്ധ്യക്ഷനായി.
ഉന്നതവിദ്യാഭ്യാസം: കുട്ടികളുടെ എണ്ണം കൂടി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. എൻജിനിയറിംഗ് മേഖലയിൽ 2021ൽ 30,907 (55%) വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരുന്നത്. കഴിഞ്ഞ വർഷം അത് 49,110 (72%) ആയി വർദ്ധിച്ചു. ഈ വർഷം നാലുവർഷ ബിരുദ കോഴ്സിന് 1,59,550 വിദ്യാർത്ഥികൾ പ്രവേശനം നേടി. 2024ൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളിൽ മാത്രം 2,37,986 വിദ്യാർത്ഥികൾ ആദ്യവർഷ പ്രവേശനം നേടിയിരുന്നു. ഈ വർഷം അത് 241638 ആയി വർദ്ധിച്ചു. കഴിഞ്ഞ 5 വർഷം 837 പുതിയ പ്രോഗ്രാമുകൾ ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിൽ മാത്രം പുതുതായി ആരംഭിച്ചു. കഴിഞ്ഞ 10 വർഷം ആർട്സ് ആൻഡ് സയൻസ്, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം സീറ്റ് വർദ്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |