SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.30 AM IST

തിരകളോട് പൊരുതാൻ ഈ കൈക്കരുത്ത്

Increase Font Size Decrease Font Size Print Page
s

തീരദേശത്തിന്റെ ചരിത്രവും വർത്തമാനവും പുതിയൊരു വികസന അദ്ധ്യായത്തിലേക്ക് ചുവടുവയ്ക്കുകയാണ്. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം നയിച്ച ധീവര സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് കൊച്ചിയിൽ നടക്കുന്ന അഖില കേരള ധീവരസഭാ സമ്മേളനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഉദ്ഘാടനം ചെയ്യുമ്പോൾ, അതൊരു ജനതയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരമായി മാറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിച്ചമർത്തപ്പെട്ടും വിസ്മരിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഒരു ജനതയെ ആധുനികതയുടെ വെളിച്ചത്തിലേക്കു നയിച്ച ആത്മീയവും സാമൂഹികവുമായ ഉണർവിന്റെ കഥയാണ് ധീവരസഭയുടേത്.

ധീവര സഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ ആദ്യം സ്മരിക്കേണ്ട പേര് പണ്ഡിറ്റ് കെ.പി. കറുപ്പന്റേതാണ്. 'കേരളത്തിലെ ലിങ്കൺ" എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, സവർണ മേധാവിത്വത്തിനും അയിത്തത്തിനുമെതിരെ അറിവിനെ ആയുധമാക്കിയ ധീരനായിരുന്നു. 1912-ൽ അദ്ദേഹം സ്ഥാപിച്ച 'അരയ വംശോദ്ധാരിണി സഭ"യാണ് പിൽക്കാലത്ത് ധീവരസഭയായി വളർന്നത്. കടലോരങ്ങളിൽ അക്ഷരവെളിച്ചം എത്തിക്കാനും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

അക്കാലത്ത് സാമൂഹികമായി ഏറ്റവും താഴേക്കിടയിലായിരുന്ന ധീവര വിഭാഗത്തിന് ആത്മാഭിമാനത്തോടെ ജീവിക്കാൻ കരുത്ത് നല്‍കിയത് പണ്ഡിറ്റ് കെ. പി. കറുപ്പന്റെ 'ജാതിക്കുമ്മി" പോലുള്ള കൃതികളായിരുന്നു.

കൊച്ചി നിയമസഭയിൽ അംഗമായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ തീരദേശ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ പീഠികയായിരുന്നു. പണ്ഡിറ്റ് കറുപ്പനിൽ ആരംഭിച്ച്,​ ഇന്ന് ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകുന്ന മാതാ അമൃതാനന്ദമയി അമ്മ വരെ എത്തിനിൽക്കുന്ന മഹത്തായ വ്യക്തിത്വങ്ങളുടെ നിരതന്നെ ഈ സമൂഹത്തിനുണ്ട്.

കരുനാഗപ്പള്ളിയിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് ലോകം ആദരിക്കുന്ന ആത്മീയ ഗുരുവായി മാറിയ അമ്മ, ഈ ജനതയുടെ ആത്മബലത്തിന്റെ പ്രതീകമാണ്. അഖില കേരള ധീവരസഭ രൂപം കൊള്ളുന്നതിന് മുമ്പുതന്നെ കേരളത്തിൽ ധീവരസമൂഹം സാമൂഹിക പരിഷ്‌കരണ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അതിന് മുൻനിരയിൽ നിന്ന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കെ. പി. കറുപ്പനും ഡോ. വേലുക്കുട്ടി അരയനുമാണ്.

വൈദേശിക ആക്രമണങ്ങൾക്കെതിരെ പൊരുതാനും ജാതി- വർണ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യാനും അതിന്റെ തുടക്കം മുതൽക്ക് ധീവരസഭ നേതാക്കന്മാർ മുൻനിരയിലുണ്ടായിരുന്നു. ധീരന്മാരും അയോധന വീരന്മാരുമായ ധീവര യുവത,​ ആക്രമണോത്സുകരായി കടന്നുവന്ന പരദേശികളോട് സന്ധിയില്ലാതെ സമരം ചെയ്തു. കൊച്ചി രാജവംശത്തിന്റെയും തിരുവിതാകൂർ രാജാവിന്റെയും നാവികസേനാ നായകരായിരുന്നത് ധീവരന്മാരായിരുന്നു. അമ്പലപ്പുഴ കേന്ദ്രമാക്കി ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ നാവികസേനയെ നയിച്ചിരുന്നത് വിക്രമശാലിയായ പുറക്കാട് അരയനായിരുന്നു.

തീരദേശത്തിന്റെ

രക്ഷാകവചം

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഓരോ പദ്ധതിയും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധീവര സഭയുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി എത്തുന്നത് ആ ജനതയോടുള്ള കേന്ദ്രത്തിന്റെ കരുതലിന്റെ തെളിവാണ്. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് നരേന്ദ്ര മോദി സർക്കാരാണ്. 2019-ൽ രൂപീകരിച്ച ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി മന്ത്രാലയം ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു.

പി.എം. മത്സ്യ സമ്പദ് യോജന: ഇന്ത്യയിലെ മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കാൻ 20,050 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. ഇതിലൂടെ ബോട്ടുകളുടെ നവീകരണം, ഐസ് പ്ലാന്റുകൾ, ആഴക്കടൽ മത്സ്യബന്ധന സാങ്കേതിക വിദ്യകൾ എന്നിവ ലഭ്യമാക്കി.

കിസാൻ ക്രെഡിറ്റ് കാർഡ് : മുമ്പ് കർഷകർക്കു മാത്രമായിരുന്ന ഈ സൗകര്യം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കി. ഇത് ബ്ലേഡ് പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിച്ചു.

സാഗർ പരിക്രമ: തീരദേശ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ കേന്ദ്ര മന്ത്രിമാർ നേരിട്ട് തീരങ്ങളിലെത്തുന്ന ഈ പരിപാടി സർക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചു.

പിന്നാക്കങ്ങളുടെ

ശക്തീകരണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'സബ്കാ സാത്ത്,​ സബ്കാ വികാസ്" എന്ന മുദ്രാവാക്യം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗിക പ്രവർത്തനമാണ്. സമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാൻ അദേഹം നടത്തുന്ന ശ്രമങ്ങൾ നിരവധിയാണ്.

പി.എം. വിശ്വകർമ പദ്ധതി: പാരമ്പര്യമായി കൈത്തൊഴിൽ ചെയ്യുന്ന പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തികമായും സാങ്കേതികമായും ഉയർത്തുന്നതിനായുള്ള,​ 13,000 കോടി രൂപയുടെ പദ്ധതിയാണ്.

ഒ.ബി.സി കമ്മിഷന് ഭരണഘടനാ പദവി: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത് മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്.

സാമൂഹിക നീതി: കേന്ദ്ര മന്ത്രിസഭയിൽ പിന്നാക്ക വിഭാഗങ്ങൾക്കു ലഭിച്ച റെക്കാർഡ് പ്രാതിനിധ്യം, ഈ ജനതയുടെ രാഷ്ട്രീയമായ ശക്തീകരണത്തിന് തെളിവാണ്. മുൻകാലങ്ങളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായിരുന്നെങ്കിൽ ഇന്ന് വികസനം ഒരോ വീട്ടിലേക്കും എത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ശുചിമുറി നിർമ്മാണം, ഉജ്ജ്വല യോജന വഴിയുള്ള പാചക വാതക കണക്ഷൻ, ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് എന്നിവയെല്ലാം ധീവര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

വികസനത്തിന്റെ

നീല വിപ്ലവം

കടലിൽ പണിയെടുക്കുന്നവർക്ക് കടലിൽത്തന്നെ അധികാരം ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്ര പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക മത്സ്യ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവ വഴി,​ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ സാധിക്കുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികൾ യാഥാർത്ഥ്യമായതിന്റെ ഗുണഫലങ്ങൾ ഏറ്റവും കൂടുതൽ ലഭിക്കുക തീരദേശ സമൂഹത്തിനായിരിക്കും.

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാകാൻ ഒരു ഭരണകൂടം കൂടെയുണ്ടെന്ന ബോദ്ധ്യം ധീവര സമൂഹത്തിന് പുതിയ ആത്മവിശ്വാസം നൽകുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ആരും മാറ്റിനിർത്തപ്പെടരുത് എന്ന നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം ധീവരസഭാ സമ്മേളനത്തിന് പുതിയ ഊർജ്ജം പകരുന്നു. ഇത് ഒരു സമ്മേളനം മാത്രമല്ല; നവഭാരത നിർമ്മിതിയിൽ തോളോടു തോൾ ചേർന്നുനിൽക്കാൻ തയ്യാറെടുക്കുന്ന ഒരു സമൂഹത്തിന്റെ പ്രഖ്യാപനമാണ്.

(അഖില കേരള ധീവര സഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകൻ)​

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.