
കൊച്ചി: കഴകക്കാരനായി ഈഴവനെ നിയമിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ചടങ്ങുകൾ ബഹിഷ്കരിച്ച അഞ്ചു തന്ത്രിമാരെ മാറ്റി നിറുത്താൻ ദേവസ്വം തീരുമാനിച്ചു. ആദ്യപടിയായി, ഏപ്രിൽ 28ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിന്റെ എല്ലാ താന്ത്രിക ചടങ്ങുകളിൽ നിന്നും ഇവരെ നീക്കി. ആറു തന്ത്രികുടുംബങ്ങളിൽ പ്രധാനപ്പെട്ട വെളുത്തേടത്ത് തരണനല്ലൂർ കുടുംബത്തിന് ഉത്സവത്തിന്റെ പൂർണമായ ചുമതല നൽകി.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിതനായ ഈഴവ സമുദായക്കാരൻ കഴകം പ്രവൃത്തി ചെയ്താൽ പ്രതിഷ്ഠാദിനമുൾപ്പെടെയുള്ള ക്ഷേത്രചടങ്ങുകൾ നിരർത്ഥകമാകുമെന്നും അവ നിർവഹിക്കാൻ തയ്യാറല്ലെന്നും കാണിച്ച് കഴിഞ്ഞ വർഷം മാർച്ചിൽ, ഇവർ ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. വെളുത്തേടത്ത് തരണനല്ലൂർ തന്ത്രികുടുംബത്തിന്റെ കാരണവരായ പത്മനാഭൻ നമ്പൂതിരി ഇതിൽ ഒപ്പുവയ്‌ക്കാൻ തയ്യാറായില്ല. മറ്റുള്ളവർ അന്നു മുതൽ ക്ഷേത്രബഹിഷ്കരണ സമരത്തിലാണ്. വെളുത്തേടത്ത് തരണനല്ലൂർ കുടുംബത്തിലെ അനിപ്രകാശാണ് ഒരു വർഷമായി താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്നത്.
6 തന്ത്രിമാർ തലവേദന
പുരാതനമായ കൂടൽ മാണിക്യം ഭരതക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം വെളുത്തേടത്ത് തരണനല്ലൂർ മനയ്‌ക്കായിരുന്നു. തായ്വഴികൾ പിരിഞ്ഞപ്പോൾ നെടുമ്പിള്ളി, കിടങ്ങശേരി, ചെമ്പാപ്പള്ളി കുടുംബങ്ങൾക്കും തന്ത്രിപദവി നൽകി. അണിമംഗലം, നഗരമണ്ണ് മനക്കാരെ രാജഭരണകാലത്ത് നിയമിച്ചു. വർഷം രണ്ട് മാസം വീതമാണ് ഇവർക്ക് ചുമതല. വിശേഷചടങ്ങുകളും ഇതുപ്രകാരം വീതം വച്ചിട്ടുണ്ട്. ഇവരിലെ മൂപ്പിളമ തർക്കം ദേവസ്വത്തിന് സ്ഥിരം തലവേദനയാണ്.
മാറ്റിനിറുത്തപ്പെട്ട തന്ത്രിമാർ
1. നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്
2. കിടങ്ങശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാട്
3. ചെമ്പാപ്പള്ളി തരണനല്ലൂർ നാരായണൻ നമ്പൂതിരിപ്പാട്
4. അണിമംഗലം വാസുദേവൻ നമ്പൂതിരി
5. നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി
ഉത്സവത്തെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലും അഞ്ചു തന്ത്രിമാരോ പ്രതിനിധികളോ എത്തിയില്ല. ഉത്സവചടങ്ങുകൾക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വന്നാൽ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കും.
അഡ്വ. സി.കെ.ഗോപി
പ്രസിഡന്റ്
കൂടൽമാണിക്യം ദേവസ്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |