
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകൾക്ക് സർക്കാർ ജോലികളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല. സംവരണ വ്യവസ്ഥ സർക്കാർ തയ്യാറാക്കുന്നതിൽ നിയമ പ്രശ്നമുണ്ടെന്നും പി.എസ്.സിയാണ് ഇക്കാര്യം ചെയ്യേണ്ടതെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ
അറിയിച്ചു.
സംവരണത്തിന് നിശ്ചിത ശതമാനം സുപ്രീം കോടതി നിർണയിച്ചിട്ടുള്ളതിനാൽ ആ പരിധി മറി കടക്കാനാവില്ല. എസ്.സി., എസ്.ടി., ഒ.ബി.സി., ജനറൽ വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് ഒരു ശതമാനം സീറ്റ് കണ്ടെത്തേണ്ടി വരും. ഭിന്നശേഷിക്കാർക്ക് നിലവിൽ നാലുശതമാനം സംവരണമുണ്ട്. ഇവരിൽ ഏതു വിഭാഗത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സംവരണം ഉറപ്പാക്കാനാവുമെന്നതാണ് പ്രശ്നം. ഇതിനായി പി.എസ്.സി പ്രത്യേക വ്യവസ്ഥ നിശ്ചയിക്കേണ്ടി വരും. വിശദമായ പഠനത്തിന് ഫയൽ മാറ്റിവച്ചു.
പി.എസ്.സി. റാങ്കിലുള്ള മൂന്നു ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ നൽകാൻ സാമൂഹികനീതി വകുപ്പ് അധിക തസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്ന് ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതേത്തുടർന്നാണ് സംവരണത്തിന് ശുപാർശ ചെയ്തത്. മാനുഷിക പരിഗണന കൂടി കണക്കിലെടുത്തായിരുന്നു ശുപാർശ. സംസ്ഥാനത്ത് 7500-ലേറെ ട്രാൻസ്ജെൻഡറുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 1500 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |