SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.06 AM IST

മാറുന്ന പ്രവാസ ജീവിതം മാറ്രത്തിനൊപ്പം നോർക്ക

Increase Font Size Decrease Font Size Print Page

s

? പ്രവാസ മേഖലയിൽ അടുത്ത അഞ്ചു വർഷത്തേക്ക് നോർക്ക ലക്ഷ്യമിടുന്നത്.

വിവിധ രാജ്യങ്ങളിലെ സാദ്ധ്യത അനുസരിച്ച് പരിശീലനവും നൈപുണ്യവും ഉണ്ടെങ്കിൽ ജോലി ലഭിക്കും. അതിനു വേണ്ടുന്ന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. യൂറോപ്പിലെ തിരഞ്ഞടുക്കപ്പെടുന്ന മേഖലകളിൽ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. അതിന് അതത് രാജ്യത്തെ ഭാഷാ പരിജ്ഞാനം അത്യാവശ്യമാണ്. അതിനുള്ള പരിശീലനം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസ് വഴി നൽകുന്നു. നിലവിൽ ഇംഗ്ലീഷ്, ജർമൻ ഭാഷകളാണ് പഠിപ്പിക്കുന്നത്. ജാപ്പനീസും ഡാനിഷും പഠിപ്പിക്കാൻ ഉടൻ നടപടിയുണ്ടാകും. അടുത്ത രണ്ടുവർഷത്തേക്ക് ഡെന്മാർക്കിൽ നഴ്സിംഗ് മേഖലയിൽ ഉദ്യോഗാർത്ഥികളെ അയയ്ക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ഇതിനു പുറമെ,​ ജപ്പാനിൽ കൃഷി അടക്കം വിവിധ മേഖലകളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുണ്ട്.


? ഗൾഫിൽ അവിദഗ്ദ്ധ മേഖലയിൽ തൊഴിൽ സാദ്ധ്യത കുറയുകയാണോ.

ഗൾഫ് രാജ്യങ്ങളിൽ മുൻപ് അവിദഗ്ദ്ധ തൊഴിൽ സാദ്ധ്യത ഉണ്ടായിരുന്നത് ഇപ്പോൾ വിദഗ്ദ്ധ തൊഴിൽ മേഖലയിലേക്കു മാറി എന്നതാണ് പ്രത്യേകത. അവിടുത്തെ അവിദഗ്ദ്ധ തൊഴിൽ മേഖലയിൽ കടുത്ത മത്സരമാണ് ഇപ്പോൾ. ബംഗ്ലാദേശ്, സൊമാലിയ, എത്യോപിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവിദഗ്ദ്ധ തൊഴിലാളികളെ ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന സംസ്ഥാനം ഇപ്പോൾ കേരളമല്ല; ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളാണ്. കേരളത്തിൽ നിന്ന് കൂടുതലും പോകുന്നത് വിദഗ്ദ്ധ തൊഴിൽ മേഖലയിലേക്കാണ്.

? വിദേശ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം.

സ്റ്റുഡന്റ്സ് മൈഗ്രേഷൻ സംബന്ധിച്ച് ആധികാരികമായ കണക്ക് ലഭ്യമല്ല, വിദേശത്തു പോകുന്ന കുട്ടികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഇവിടെയില്ല. മൈഗ്രേഷൻ സർവേയിലാണ് ഏകദേശ സൂചനയുള്ളത്. 2022-23ലെ സർവെ അനുസരിച്ച് ഓരോ വർഷവും വിദേശത്തു പോകുന്നവരിൽ 20 ശതമാനവും സ്റ്റുഡന്റ്സ് മൈഗ്രേഷനാണ് എന്നാണ് കരുതുന്നത്. ശരാശരി 40,000 കുട്ടികൾ പ്രതിവർഷം വിദേശത്തേക്കു പോകുന്നുണ്ട്.

? സ്റ്റുഡന്റ്സ് മൈഗ്രേഷൻ കൂടുകയാണോ.

നിലവിൽ സ്റ്റുഡന്റ്സ് മൈഗ്രേഷൻ ഓരോ വർഷവും കുറയുകയാണ്. 2010-ലാണ് സ്റ്റുഡന്റ്സ് മൈഗ്രേഷൻ ആരംഭിച്ചത്. ഇപ്പോൾ കാനഡയിൽ നിന്നൊക്കെ തിരിച്ചുവരുന്ന കുട്ടികൾ 20- 30ശതമാനമാണ്. പഠിച്ചുകഴിഞ്ഞാൽ അവിടെ തൊഴിലില്ല എന്നതാണ് പ്രശ്നം. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർ അവിടെ ഏറ്റവുമധികം റാങ്കിംഗ് ഉള്ള സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ആ രാജ്യത്തെ തൊഴിൽ സാദ്ധ്യത, മൈഗ്രേഷൻ നിയമങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. ഇതെല്ലാം നോർക്കയുടെ സ്റ്റുഡന്റ്സ് മൈഗ്രേഷൻ പോർട്ടലിലൂടെ അറിയാം.

? വിദേശ വിദ്യാഭ്യാസത്തിനായി കേരളം ഏറെ പണം ചെലവഴിക്കുന്നുണ്ടോ.

ഏകദേശം 2,10,000 കോടി രൂപയാണ് പ്രവാസി പണമായി കേരളത്തിലേക്കു വരുന്നത്. അതിന്റെ അഞ്ചിലൊന്ന് ഭാഗം വിദേശത്തേക്കുതന്നെ തിരികെ പോകുകയാണ്. കേരളത്തിലെ ബാങ്കുകളിൽ നിന്ന് പ്രതിവർഷം 42,000- 43,000 കോടി രൂപ ലോണെടുത്താണ് കുട്ടികൾ വിദേശത്തേക്കു പോകുന്നത്. അവിടത്തെ പഠനത്തിനു ശേഷം തൊഴിൽ ലഭിക്കാതെ വന്നാൽ ലോൺ തിരിച്ചടയ്ക്കാനാകില്ല. അതിനാൽ വിദേശത്തേക്ക് കുട്ടികളെ അയയ്ക്കുമ്പോൾ ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വ്യക്തതയുണ്ടാകണം.

? കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകുന്ന ഏജൻസികളുടെ നിയമസാധുത.

ലേബർ റിക്രൂട്ട്മന്റ് ഏജൻസിക്ക് ലൈസൻസ് നിർബന്ധമാണെങ്കിലും സ്റ്റുഡന്റ്സ് മൈഗ്രേഷൻ ഏജൻസികൾക്ക് രജിസ്ട്രേഷൻ നൽകുന്നതു സംബന്ധിച്ച് ഇന്ത്യയിൽ നിയമമില്ല. ഈ കുറവാണ് ഇപ്പോൾ അവർ ഉപയോഗിക്കുന്നത്. കട തുടങ്ങാൻ വേണ്ടുന്ന ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസൻസ് മാത്രമാണ് ഇത്തരം ഏജൻസികൾക്ക് വേണ്ടത്. ഇക്കാര്യത്തിൽ നിയമ നിർമ്മാണം അത്യാവശ്യമാണ്.

? 10 വർഷത്തിനിടെ എത്രപേർക്ക് നോർക്കയുടെ നേതൃത്വത്തിൽ തൊഴിൽ നൽകി.

നോർക്ക എന്നത് മാതൃകാ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായാണ് പ്രവർത്തിക്കുന്നത്. പത്തുവർഷം കൊണ്ട് സ്കിൽ മേഖലയിൽ നാലായിരത്തിലധികം പേർക്ക് വിവിധ രാജ്യങ്ങളിലായി ജോലി നൽകി. ജർമ്മനിയിൽ 1100, ഇംഗ്ളണ്ടിൽ 650, കാനഡയിൽ 130 എന്നിങ്ങനെയാണ് ജോലി നൽകിയത്. ശേഷിക്കുന്നതെല്ലാം ഗൾഫ് രാജ്യങ്ങളിലാണ്. ജർമ്മനിയിൽ ട്രിപ്പിൾ വിൻ പദ്ധതി ആരംഭിച്ചതിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകാനായി.

? ലോക കേരള സഭ കൊണ്ടുള്ള പ്രയോജനം.

പ്രവാസികൾക്ക് ജനാധിപത്യപരമായ പ്രാതിനിധ്യം നൽകുന്ന പ്ലാറ്റ്‌ഫോമാണ് ലോക കേരള സഭ. 125 രാജ്യങ്ങളിലെ അംഗങ്ങൾ ഇപ്പോൾ സഭയിൽ അംഗങ്ങളാണ്. കൊവിഡ് കാലത്ത് മലയാളികൾക്കായി പല രാജ്യങ്ങളിലും ഹെൽപ് ഡെസ്ക് ആരംഭിക്കാൻ കഴിഞ്ഞത് ഈ ബന്ധത്തിലൂടെയാണ്. സ്റ്റുഡന്റ്സ് മൈഗ്രേഷൻ പോർട്ടൽ, നോർക്ക കെയർ ഇൻഷ്വറൻസ്,​ ലോക മലയാളികൾക്കുള്ള ഏകീകൃത ഓൺലൈൻ പോർട്ടൽ, നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്ക് എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ ലോക കേരള സഭയുടെ ആവശ്യപ്രകാരമാണ് നടപ്പാക്കിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.