
ശ്രേണീകൃത സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിച്ച്, സാമാന്യജനത്തിന് സമത്വ ബോധത്തിന്റെ വെളിച്ചം പകർന്ന നവോത്ഥാന നായകനാണ് അയ്യാ വൈകുണ്ഠനാഥർ (1809- 1851). സമ്പത്തും അധികാരവും പിടിച്ചെടുത്ത് അടിമകളാക്കി മാറ്റിയശേഷം അതിക്രൂരമായ ശിക്ഷകൾ നൽകി അവരെ കൊല്ലാക്കൊല ചെയ്ത തിരുവിതാംകൂറിലെ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ഇരട്ടപ്രഹരം അനുഭവിച്ചിരുന്ന കാലം. ആ ഇരുണ്ട കാലത്ത് അവർണ ജനതയെ അന്യായ നികുതികൾ ചുമത്തി പൊറുതിമുട്ടിച്ചിരുന്നു. ഏകീകൃത രൂപമോ സ്വഭാവമോ ഇല്ലാത്ത നികുതിയുടെ ചെറിയാെരു അംശം രാജഭണ്ഡാരത്തിലും എത്തിച്ചിരുന്നു. നികുതിയിൽ നിന്നുള്ള വരുമാനം ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടി ധൂർത്തടിക്കുന്നതായിരുന്നു പതിവ്!
സർക്കാരിന്റെയും ജന്മികളുടെയും ക്ഷേത്രങ്ങളുടെയും ജോലികൾ പ്രതിഫലം പറ്റാതെ ചെയ്യുന്ന 'ഊഴിയം വേല" ചെയ്യരുതെന്ന് അയ്യാ ആഹ്വാനം ചെയ്തു. ജോലി ചെയ്താൽ കൂലി ചോദിച്ചുവാങ്ങണമെന്നും ജാതി വ്യവസ്ഥയുടെ ഭാഗമായ കുലത്തൊഴിലിനു പകരം ഇഷ്ടമുള്ള ജോലി ചെയ്യാനും ഉപദേശിച്ചു. അവനവൻ സമ്പാദിക്കുന്ന പണം അവനവൻ തന്നെ ചെലവാക്കണം, ഇനിമേൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ല, ഭൂമിക്കു മാത്രമേ കരം കൊടുക്കാവൂ, മനുഷ്യരിൽ ആരിലും ഉച്ചനീചത്വങ്ങളില്ല തുടങ്ങിയ ഉപദേശങ്ങളിലൂടെ ജനങ്ങളിൽ സമഭാവനയും സ്വാതന്ത്ര്യബോധവും ഉണർത്തി 'വെൺനീചന്മാരു"ടെയും (ബ്രിട്ടീഷുകാർ) 'കരിനീചന്മാരു"ടെയും (ബ്രാഹ്മണർ) അനന്തപുരി നീചന്മാരുടെയും (രാജഭരണം) ഭരണം അവസാനിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.
സംഘടിത ശക്തിയിലൂടെ ആത്മാഭിമാനവും വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശ പോരാട്ടങ്ങൾക്കുള്ള ഊർജ്ജവും നേടിയെടുക്കാൻ കീഴാള ജനതയെ മാനസികമായും ബൗദ്ധികമായും ഒരുക്കി. ആത്മീയത ഉപയോഗിച്ച് ഉച്ചനീചത്വങ്ങളെ തകർക്കാനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു. 1836- ൽ 'സമത്വ സമാജം" എന്ന തിരുവിതാംകൂറിലെ ആദ്യത്തെ സാമൂഹിക സംഘടനയ്ക്ക് രൂപം നൽകി. ആചാര- ആരാധനാ വൈകൃതങ്ങൾ നിറുത്തലാക്കി. പൊതുസ്ഥലങ്ങളും വീടും വിദ്യാഭ്യാസവും നീതിയും നിയമങ്ങളുമെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്കായി പതി, നിഴൽ താങ്കൾ എന്നീ പേരുകളിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു. ജീവിതനിലവാരം ഉയർത്താനും വ്യക്തിത്വ വികാസത്തിനും സഹായകമായ പരിശീലനക്കളരികളായും ജനസേവന കേന്ദ്രങ്ങളായും ഇവ പ്രവർത്തിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. 'ഒന്റെ ജാതി, ഒന്റെ മതം, ഒന്റെ ദൈവം, ഒന്റെ ഉലകം, ഒന്റെ അരശ്, ഒന്റെ നീതി " എന്ന് അരുളിക്കൊണ്ട് വിവേചനത്തിന്റെയും വെറുപ്പിന്റെയും ഹിംസയുടെയും ഇരുളിൽനിന്ന് ജനങ്ങളെ വിശ്വമാനവികതയുടെ വെളിച്ചത്തിലേക്കു നയിച്ചു. അങ്ങനെ ദൈവദ്രോഹവും രാജ്യദ്രോഹവും ആചാരലംഘനവും ആരോപിക്കപ്പെട്ട് മണക്കാടിനടുത്തുള്ള ശിങ്കാരത്തോപ്പ് ജയിലിൽ അദ്ദേഹം അടയ്ക്കപ്പെട്ടു. തന്റെ സമുദായത്തിൽ മാത്രം പ്രവർത്തിച്ചാൽ ശിക്ഷ ഒഴിവാക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 'താഴെക്കിടപ്പോരേ തർക്കാപതേ ധർമ്മം" എന്നതായിരുന്നു നിലപാട്. എല്ലാ വിഭാഗം ജനങ്ങളുടെയും വിമോചനമായിരുന്നു വൈകുണ്ഠനാഥരുടെ ലക്ഷ്യം.
സ്ത്രീകളുടെ സമത്വത്തിനും അന്തസിനും ശാക്തീകരണത്തിനും അദ്ദേഹം മുന്തിയ പരിഗണന നൽകി. മാറുമറയ്ക്കാൻ പാടില്ല എന്ന ആചാരാഭാസത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകി. പഴകി ജീർണിച്ച ആചാരത്തിൽ നിന്ന് മനുഷ്യാവകാശവും അറിവും അന്തസും വ്യക്തിത്വവുമുള്ള ആധുനിക മനുഷ്യനിലേക്ക് വളരാൻ പ്രായോഗിക പരിശീലനങ്ങളിലൂടെ ജനങ്ങളെ പ്രാപ്തരാക്കിയെന്നതാണ് അയ്യായെ വ്യത്യസ്തനാക്കുന്നത്.
കാറൽ മാർക്സ്, രാജാറാം മോഹൻ റോയ്, ഡോ. ബി.ആർ. അംബേദ്കർ എന്നിവർക്കു മുന്നേ തന്നെ ഇന്ത്യയിൽ സമത്വത്തിന്റെ വിവിധതലസ്പർശിയായ ആശയങ്ങളുടെ വിത്തുകൾ പാകി. കേരളത്തിലെ പിൽക്കാല നവോത്ഥാന നായകരായ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയവർക്ക് വഴികാട്ടിയായി. മനുഷ്യനെ വിൽക്കാനും കൊല്ലാനും അധികാരം ഉണ്ടായിരുന്നവർ ദൈവത്തിന്റെ ക്ഷേമത്തിനുവേണ്ടി അദ്ധ്വാനിച്ചപ്പോൾ, അയ്യാ മനുഷ്യന്റെ ക്ഷേമത്തിനായി നിലകൊണ്ടു.
നവോത്ഥാന ഊർജ്ജത്താൽ കുതിച്ച കേരളീയ സമൂഹം സമ്പൂർണ സാക്ഷരത നേടിയിട്ടും ജാതി- മത- വർഗ ചിന്തകളുമായി ഇപ്പോൾ പിറകോട്ടു നോക്കി കിതച്ചു നിൽക്കുകയാണ്. ഈ അവസ്ഥയിൽ നിന്ന് മുന്നോട്ടു നീങ്ങാനുള്ള പ്രേരണയും ഊർജ്ജവും അയ്യായുടെ വാക്കുകളിൽ ഉണ്ടെന്നതാണ് അദ്ദേഹത്തിന്റെ കാലിക പ്രസക്തി. വ്യത്യാസങ്ങളുടെ പേരിൽ വെറുപ്പ് കൂടി ഭിന്നിക്കുന്നതിനു പകരം അൻപോടെ ഒന്നിക്കാനുള്ള മന്ത്രങ്ങളാണ് അയ്യായുടെ ദർശന സാരം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |