തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ വക്കിലും സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള കലഹപ്പേടിയിൽ മുന്നണികൾ.
എൽ.ഡി.എഫ് പട്ടികയ്ക്ക് രൂപമായപ്പോൾ, നാട്ടികയാണ് കല്ലുകടിയായത്.
കോൺഗ്രസിലും ബി.ജെ.പിയിലും ചർച്ചകൾ അവസാനഘട്ടത്തിലാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൊല്ലി നിരവധി പേരുകൾ മാറി മറിയുകയാണ്.
പ്രഖ്യാപനമായാൽ കൂടുതൽ പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയുണ്ട്. സി.പി.എമ്മിൽ വലിയ പൊട്ടിത്തെറികളില്ലാതെയാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്.
എ.സി. മൊയ്തീൻ അഞ്ചാം തവണയും ജനവിധി തേടുന്നതിൽ പാർട്ടിയിൽ ചിലർക്ക് അമർഷമുണ്ട്.
എന്നാൽ ആരും പരസ്യ പ്രതികരണത്തിന് മുതിർന്നിട്ടില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകിയില്ലെന്ന ആക്ഷേപമുണ്ട്.
നാട്ടികയിൽ സി.സി. മുകുന്ദനെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിക്കെതിരെ തിരിഞ്ഞ മുകുന്ദനെ സി.പി.ഐ പുറത്താക്കിയിരുന്നു.
പേരുകൾ മാറി മറിഞ്ഞ്
കോൺഗ്രസിൽ സ്ഥാനാർത്ഥികളുടെ പേരുകൾ മാറി മറിയുന്നു. തൃശൂരിൽ ടി.വി.ചന്ദ്രമോഹൻ, രാജൻ പല്ലൻ, എ.പ്രസാദ്,ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ പേരുകൾ ലിസ്റ്റിലുണ്ട്. ഒല്ലൂരിലും അന്തിമ തീരുമാനമായില്ല. ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻതൂക്കം.
എന്നാൽ തൃശൂരിലെ സ്ഥാനാർത്ഥി നിർണയം ഒല്ലൂരിനെയും സ്വാധീനിച്ചേക്കും. വടക്കാഞ്ചേരിയിൽ ജോസ് വള്ളൂരിനായി ചരടുവലി നടക്കുമ്പോൾ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്ത് കുമാർ എന്നിവരും രംഗത്തുണ്ട്. കുന്നംകുളത്ത് അനിൽ അക്കര മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും അറിയുന്നു. പ്രാദേശിക നേതാക്കളെ തന്നെ ഇക്കുറിയും മത്സരിപ്പിക്കണമെന്നാവശ്യവുമുണ്ട്. വടക്കാഞ്ചേരി, പുതുക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിലും തീരുമാനമായില്ല.
ബി.ജെ.പിയിലും പ്രതിസന്ധി
തൃശൂരിൽ ജേക്കബ് തോമസ് അണിയറ പ്രവർത്തനം ആരംഭിച്ച ശേഷമാണ് പത്മജ രംഗത്തെത്തിയത്. ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് പത്മജയെ ബി.ജെ.പി ദേശീയ നേതൃത്വം നിർദ്ദേശിച്ചത്. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയിലാണ് ജേക്കബ് തോമസ് മത്സരിച്ചത്. ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ ചാലക്കുടിയും കൈപ്പമംഗലത്തും മത്സരിച്ചിരുന്നു. ഇത്തവണത്തെ സീറ്റിൽ തീരുമാനമായിട്ടില്ല. വടക്കാഞ്ചേരി, ഒല്ലൂർ, കുന്നംകുളം എന്നിവിടങ്ങളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ പേരുകൾ ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |