SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.19 AM IST

ഭക്ഷണക്കൂട്ടിലെ ഇന്ത്യൻ സംസ്കാര വൈവിദ്ധ്യങ്ങൾ

Increase Font Size Decrease Font Size Print Page
s

ഓൾഡ് ഡൽഹിയിലെ ജുമാ മസ്ജിദിന്റെ മിനാരങ്ങളിൽ സൂര്യന്റെ കിരണങ്ങൾ മായുന്ന ഒരു സായാഹ്നത്തിൽ അവിടേക്കുള്ള വിവിധ പാതകളിൽ നിന്നും ജനം ഒഴുകിത്തുടങ്ങി.ആ തെരുവ് പെട്ടെന്നു തന്നെ വൈവിദ്ധ്യമാർന്ന ഇന്ത്യൻ സംസ്ക്കാരത്തിന്റെയും അതോട് ഇഴുകിച്ചേർന്ന റംസാൻ സീസണിന്റെയും ശബ്ദവും സുഗന്ധവും പരത്തുന്നതായി. വിവിധ സമൂഹങ്ങളെയും മതങ്ങളെയും ചേർത്തു പിടിക്കുന്ന ഇന്ത്യൻ സാംസ്ക്കാരിക വൈവിദ്ധ്യങ്ങളുടെ ഒരു ഒത്തു ചേരലിടമായി അവിടം മാറി. മസ്ജിദിലെ പ്രാർത്ഥനാ സമയം കഴിഞ്ഞതോടെ ആ തെരുവ് ആഘോഷങ്ങളിലേക്ക് വഴുതിമാറി. ഒരു സിഖ് കുടുംബം കബാബ് വാങ്ങാനുള്ള ക്യൂവിൽ അണിനിരന്നപ്പോൾ അവിടെയെത്തിയ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികളുടെ സംഘം ആകട്ടെ ഏറ്റവും രുചികരമായ ഹലീം ലഭിക്കുന്ന സ്റ്റാൾ തിരയാൻ തുടങ്ങി. ഒരു ഹിന്ദു ദമ്പതികൾ സ്റ്റാൾ നടത്തുന്ന ഇസ്ലാം വ്യാപാരിക്ക് ഈന്തപ്പഴം നൽകിയപ്പോൾ തന്റെ കടയിൽ അപ്പോഴുണ്ടാക്കിയ സമോസകൾ അവർക്കായി നൽകി. ഇന്ത്യയുടെ വ്യത്യസ്ഥമായ സാംസ്ക്കാരിക ഭാവങ്ങളെ ഒത്തു ചേർക്കുന്ന ഒന്നായി ഭക്ഷണം മാറുകയായിരുന്നു.

ഇസ്ലാം വിശ്വാസികൾക്ക് റംസാൻ നിരാഹാര വൃതത്തിന്റെയും പ്രാർത്ഥനയുടെയും പുണ്യ ദിനങ്ങളാണ്. നിരാഹര വൃതം പൂർത്തിയാകുന്ന ദിനാന്ത്യത്തിൽ സംയോജനത്തിന്റെ ഭാഷയായി ഭക്ഷണം മാറുകയാണ്. അയൽക്കാരടക്കം ജാതി മത ഭേദമന്യെ ആ തീൻമേശയിൽ ഒത്തു ചേരുമ്പോൾ ഡൽഹിയിലെ ഭക്ഷണശാലകൾ മുതൽ കേരളത്തിലെ അടുക്കളകൾ വരെയുള്ള ഇടങ്ങളിൽ രുചി വൈവിദ്ധ്യത്തിന്റെ പാചക കലകൾ സമ്മേളിക്കുകയായി. റംസാൻ സഹവർത്തിത്വത്തിന്റെ സന്ദേശം കൂടി പകരുന്നു.

ഡൽഹിയിൽ ജുമാ മസ്ജിദിനു സമീപം റംസാൻ ഭക്ഷണത്തിന്റെ ആസ്ഥാന കേന്ദ്രമായി മാറുന്നു. വൈകിട്ടത്തെ പ്രാർത്ഥനകൾക്കു ശേഷം പോക്കുവെയിൽ മായുമ്പോൾ നേരത്തെ സൂചിപ്പിച്ചതുപോലെ ഗ്രില്ലുകളിൽ നിന്നും അടുപ്പുകളിൽ നിന്നും ഉയരുന്ന നേർത്ത പുകയും മണവും വിനാഗിരിയുടെ പുളിപ്പും കബാബിന്റെ ഗന്ധവുമെല്ലാം ആഘോഷത്തിന്റെയും സൗഹാർദ്ദതയുടെയും അന്തരീക്ഷമൊരുക്കുന്നു. സുഗന്ധ പൂരിതമായ ഭക്ഷണത്തിന്റെ എത്രയെത്ര വകഭേദങ്ങളാണ് ഇവിടങ്ങളിലെല്ലാം ആസ്വദിക്കാനാവുക. മാംസാഹാരങ്ങളുടെ വിവിധ നാമങ്ങളിലുള്ള ഭക്ഷണങ്ങൾ. യുവ തലമുറ കബാബും നിഹാരിയും പൊറാത്തയും ഉള്ളിയും ചട്നിയും ചാറ്റ് മസാലയുമെല്ലാം കൂട്ടമായി വന്നു കഴിക്കുന്നു. ഓരോരുത്തരുടെയും മതമേതെന്ന് ആരും ചിന്തിക്കുന്നില്ല. കൊണാട്ട് പ്ലേസിൽ നിന്നുമുള്ള ഓഫീസുകളിലെ ജീവനക്കാർ, ക്യാമറയുമായി ദൃശ്യഭംഗി പകർത്തുന്ന വിനോദ സഞ്ചാരികൾ, ക്രൈസ്തവ, സിഖ്, ഹിന്ദു കുടുംബങ്ങളൊക്കെ ഈ സായാഹ്നത്തിന്റെ ഊർജ്ജവും ആവേശവും ഏറ്റുവാങ്ങാൻ ഇവിടെയെത്തുന്നു. റംസാൻ എന്നാൽ ഇവിടെയെല്ലാം ഒരു മതത്തിന്റെ മാത്രം ആചാര, ആഘോഷങ്ങളല്ല. അതൊരു വിപുലമായ പങ്കാളിത്തത്തിന്റെ സമാഗമമാണ്.

കൊൽക്കത്തയിലേക്ക് പോയാൽ അവിടുത്തെ പ്രശസ്തമായ സഖാരിയ സ്ട്രീറ്റ് റംസാൻ കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നൈറ്റ് ഫുഡ് സെന്ററായി മാറുന്നു. പല വിശ്വാസങ്ങളിൽപ്പെട്ടവർ സമ്മേളിക്കുകയും രുചി വൈവിദ്ധ്യങ്ങളുടെ സ്റ്റാളുകൾ സന്ദർശിക്കുകയും ചെയ്യുന്നു. മുഖ്യാകർഷണം ഹലീമാണ്. ധാന്യവും, പയറും മാംസവും,സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം ചേർത്ത് മണിക്കൂറുകളോളം പാചകം ചെയ്ത് തയ്യാറാക്കുന്ന സ്റ്റൂവാണിത്. അസാധാരണമായ രുചിയാണ് ഹലീമിന്. നല്ല ബിരിയാണികൾ, വിവിധതരം ടിക്കകൾ, ഡെസർട്ട്, കുറുമ അങ്ങനെ മൺ കുടങ്ങളിൽ തയ്യാറാക്കിയവ വരെ ഇവിടെ കിട്ടും. സ്ത്രീകളുടെ കലപില ശബ്ദങ്ങൾ... ബംഗാളിയും ഉറുദുവും ഇംഗ്ളീഷുമൊക്കെ ഇവിടെ മുഴങ്ങി കേൾക്കാം. സഖാരിയ സ്ട്രീറ്റിനെ വ്യത്യസ്ഥമാക്കുന്നത് ഇവിടെ ഒത്തു ചേരുന്ന ജനക്കൂട്ടമാണ്. അവർ അതാഘോഷിക്കുകയാണ്. മുസ്ലിം ഇതര മതസ്ഥരെ സംബന്ധിച്ചിടത്തോളം സഖാരിയ സ്ട്രീറ്റിൽ റംസാൻ കാലത്ത് വരുന്നത് ഒരു വാർഷിക അനുഷ്ഠാനം പോലെയാണ്.

ദക്ഷിണേന്ത്യയിലേക്കു വന്നാൽ ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം റംസാൻ കാലം ഒരു സിനിമാനുഭവം പോലെയാണ്. ചരിത്ര മന്ദിരമായ ചാർമിനാർ ദീപങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കും. രാത്രി വൈകുവോളം വ്യാപാരികൾ കടകൾ തുറന്നു വയ്ക്കും. ഒരു കാർണിവൽ അന്തരീക്ഷത്തിലാണ് ഇവിടെ ജനങ്ങൾ ഒത്തു ചേരുന്നത്. ഇവിടെയും ഭക്ഷണമാണ് സെന്റർ സ്റ്റേജ് കവരുന്നത്. കുടങ്ങളിൽ വിളമ്പുന്ന ഹൈദരബാദി ബിരിയാണിയും, ഹലീമും, കബാബും, കുട്ടികൾക്കായുള്ള ഫലൂദയും എല്ലാം രാത്രി വൈകുവോളം ആസ്വദിക്കാനാകുന്നു.

കേരളത്തിലേക്കു വന്നാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ റംസാൻ നിരാഹാര വൃതവും, വൈകീട്ടത്തെ പ്രാർത്ഥനയ്ക്കു ശേഷമുള്ള ഭക്ഷണത്തിന്റെ രുചിക്കൂട്ടുകളും നിറഞ്ഞതാണ്. മലബാറിൽ പ്രത്യേകിച്ചും. ഇഫ്താർ വിരുന്നുകൾ ഇവിടെ സജീവമാണ്. പത്തിരി, അറേബ്യൻ വിഭവങ്ങൾ, ഉന്നയ്ക്കായ, മസാല ചേർത്ത മാംസാഹാരങ്ങൾ, പുഴുങ്ങിയ നേന്ത്രക്കായയിൽ തേങ്ങയും മധുരവും നിറച്ച പലഹാരങ്ങൾ, അണ്ടിപ്പരിപ്പ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങൾ. മലബാറിലൊട്ടാകെ ഇഫ്ത്താർ വിരുന്നുകളിൽ അയൽവാസികൾ ജാതിമത ഭേദമന്യെ പങ്കെടുക്കുന്നു. ഓണത്തിനും, ക്രിസ്മസിനും എന്ന പോലെ റംസാന്റെ ഭാഗമായ ഇഫ്താറുകൾ മത സൗഹാർദ്ദത്തിന്റെ വേദികളായി മാറുന്നു.

ഇന്ത്യയുടെ ഒരുമയുടെ മുഖമുദ്ര പോലെ റംസാനടക്കമുള്ള ആഘോഷങ്ങൾ മാറുകയാണ്. മത സൗഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇന്ത്യൻ ഭരണ നേതൃത്വം എപ്പോഴും കൈക്കൊള്ളുന്നത്. ഐക്യത്തിന്റെ വിശാലമായ രുചിക്കൂട്ടുകളാണ് റംസാൻ വേളയിൽ ഇന്ത്യയെമ്പാടും പ്രകടമാകുന്നത്. അതിൽ ഒരു രാജ്യം കാത്തു സൂക്ഷിക്കുന്ന അഖണ്ഡതയുടെയും സ്നേഹത്തിന്റെയുമെല്ലാം പ്രതീകങ്ങളുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.