
യു.ഡി.എഫ് പിന്തുണച്ചേക്കും
എൽ.ഡി.എഫിന് തിരിച്ചടി
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻമന്ത്രിയും ജനകീയ കമ്മ്യൂണിസ്റ്റുമായ ജി.സുധാകരൻ. പാർട്ടി ബന്ധം ഉപേക്ഷിച്ചത് സി.പി.എമ്മിനു ക്ഷീണവും കടുത്ത വെല്ലുവിളിയുമായി. ആരുടെയും സഹായം തേടിയിട്ടില്ലെന്ന് സുധാകരൻ പറയുന്നെങ്കിലും യു.ഡി.എഫ് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണറിയുന്നത്.
നിലവിലെ എം.എൽ.എ എച്ച്.സലാമാണ് അമ്പലപ്പുഴയിൽ ഇത്തവണയും പാർട്ടി സ്ഥാനാർത്ഥി. ആലപ്പുഴയുടെ ഒരോസ്പന്ദനവും അറിയാവുന്ന, രാഷ്ട്രീയത്തിന് ആതീതമായി വ്യക്തിബന്ധമുള്ള സുധാകരൻ ഉയർത്തുന്ന ഭീഷണി ജില്ലയിലാകെ പാർട്ടിക്കെതിരെ അലയടിച്ചേക്കും. ഇതെങ്ങനെ നേരിടണമെന്ന ചർച്ച സി.പി.എമ്മും ആരംഭിച്ചുകഴിഞ്ഞു. അതിനിടെ, വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല എന്ന പോസ്റ്റർ സുധാകരന്റെ വീടിനു സമീപത്തുൾപ്പെടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
പാർട്ടിയുമായുള്ള 63 വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. ബ്രാഞ്ചിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷത്തിലാണ് അംഗത്വത്തിൽ നിന്ന് ഒഴിവായതെന്ന് പുന്നപ്ര പറവൂരിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടുതവണ മന്ത്രിയായത് മത്സരിക്കാനുള്ള അയോഗ്യതയായി കാണുന്ന പാർട്ടി നിലപാടിനോട് യോജിപ്പില്ല. സ്ഥാനാർത്ഥിയാക്കാത്തതല്ല പ്രശ്നമെന്നും പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എച്ച്.സലാമിന് ഭൂരിപക്ഷം കുറഞ്ഞെന്ന കുറ്രത്തിന് താൻ 'പ്രതിയായി". എളമരം കരീം കള്ള റിപ്പോർട്ട് തയ്യാറാക്കി.
എത്രതവണ മന്ത്രിയായി എന്നതല്ല, നാട്ടുകാർക്ക് എന്തുചെയ്തുവെന്നതാണ് പ്രധാനം. നിയമസഭയിൽ പാർട്ടി നിലപാട് സംസാരിക്കണം. ആശയപരമായി നേരിടാൻ കഴിയുന്ന തലമുറയിലെ അവസാനകണ്ണിയാണ് താൻ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നൂറുശതമാനം നീതി പുലർത്തി.
പിണറായി വീണ്ടും
വന്നാൽ സന്തോഷം
പൊളിക്കറ്റൽ ക്രിമിനലുകളെ ആയുധമാക്കിയാണ് വ്യക്തിഹത്യ നടത്തിയത്. പേരുമാറ്റി ഒരാൾ ‘സുധാകുരൻ’ എന്നുപോലും വിളിച്ചു. അയാൾക്ക് ജില്ലാകമ്മിറ്റിയംഗം അമ്പലപ്പുഴ ക്ഷേത്രത്തിൽ ജോലിയും വാങ്ങിക്കൊടുത്തു. കേഡർമാർക്ക് നേതാക്കളുടെ അച്ഛനുവരെ വിളിക്കാമെന്ന അവസ്ഥയാണ്. അനാശാസ്യമായ കാര്യം പറഞ്ഞാൽ മാന്യമായഭാഷയിൽ തിരിച്ചടിക്കും. കമ്മ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. 18 അംഗങ്ങളുള്ള ആലപ്പുഴ ഡി.സി ബ്രാഞ്ച് ഓഫീസിൽനിന്നാണ് തന്റെ അംഗത്വം പുതുക്കിയില്ലെന്ന വിവരം പുറത്തായത്. അതു ചോർത്തിയത് ജില്ലാ കമ്മിറ്റിയംഗമാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും സുധാകരൻ പറഞ്ഞു.
മുറിവേറ്റ സഖാവ്
എല്ലാം ഉറപ്പിച്ചു
1. കടുത്ത നിലപാടിലേക്ക് പോകുമെന്ന് സുധാകരൻ ദിവസങ്ങളായി സൂചന നൽകിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല. സംസ്ഥാന, ജില്ലാ സെക്രട്ടറിമാർ അപമാനിച്ചതിലെ വേദനയും തുറന്നുപറഞ്ഞു
2. അനുനയ നീക്കവുമായി നേതാക്കൾ വീട്ടിൽ പലതവണ നേരിട്ടെത്തിയിട്ടും വഴങ്ങിയില്ല. ജനറൽ സെക്രട്ടറി എം.എ.ബേബിയടക്കം ബന്ധപ്പെട്ടിരുന്നു
3. വാർത്താസമ്മേളനം അറിയിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രിയും നേതാക്കൾ അവസാന ശ്രമം നടത്തി. പക്ഷേ, പാർട്ടയിൽ നിന്ന് മുറിവേറ്റ സുധാകരൻ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു
സുധാകരനോട് ഒരു അവഗണനയും കാണിച്ചിട്ടില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റായി ചിന്തിച്ചാൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിക്കും.
- ആർ.നാസർ, സി.പി.എം
ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |