SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.03 AM IST

കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ പുന:പരിശോധനയ്ക്ക് നേരമായി

Increase Font Size Decrease Font Size Print Page

s

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് സുദീർഘമായ 76 സംവത്സരങ്ങൾ പിന്നിട്ടു. ഈ ഭരണഘടന എത്രയോ തവണ പല ഭേദഗതികൾക്കും വിധേയമാവുകയും ചെയ്തു. എന്നാൽ,​ ഒരിക്കലും രാജ്യത്തിന്റെ മതേതര- ജനാധിപത്യ പരമാധികാരത്തിന്റെ മൗലികത ചോദ്യം ചെയ്യാൻ ഭരണാധികാരം കൈകാര്യം ചെയ്ത ഒരു പാർട്ടിയും ധൈര്യപ്പെട്ടിരുന്നില്ല.


ഈ അടുത്ത കാലത്ത് വെനസ്വേലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ പട്ടാളം വെനസ്വേലയിൽ കടന്നുകയറി, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ഭാര്യയെയും ഔദ്യോഗിക വസതിയിൽനിന്ന് അറസ്റ്റു ചെയ്തു. പ്രസിഡന്റ് മഡുറോയെ വിലങ്ങുവച്ച് അമേരിക്കയിലേക്ക് കൊണ്ടുപോയി, സൈനിക തടവറയിൽ പാർപ്പിച്ചിരിക്കുന്നു. അത്യന്തം ഗുരുതരമായ ഈ നടപടിയെ അപലപിക്കാൻ ഐക്യരാഷ്ട്ര സഭ പോലും സന്നദ്ധരാകാതെ നിസഹായരായി നോക്കിനില്ക്കുന്നു. അമേരിക്കയുടെ ഈ അപരിഷ്കൃത നടപടി ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിച്ചുകഴിഞ്ഞു.


ഇന്ത്യൻ ഭരണഘടനയിലും സമാനമായ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനു നല്കുന്നതാണ്, ഭരണഘടനയിലെ 356-ാം വകുപ്പ്. ഈ വകുപ്പ് ഉപയോഗിച്ചാണ് കേരളത്തിൽ, ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിട്ടത്. ഭരണഘടനയുടെ 370-ാം വകുപ്പ് അനുസരിച്ചുള്ള കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനും മോദി സർക്കാർ നടപടികൾ സ്വീകരിച്ചു. ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി കാര്യമായ ചർച്ചകളോ കൂടിയാലോചനകളോ കൂടാതെയും പാർലമെന്റിൽ വിശദമായ ചർച്ചകൾ പോലും ഒഴിവാക്കിയും റദ്ദാക്കി. ജനാധിപത്യ പരമാധികാരമെന്ന ഭരണഘടനാ വാഗ്ദാനം തന്നെയാണ് അതോടെ കശാപ്പു ചെയ്യപ്പെട്ടത്.

ഫെഡറലിസം

എന്ന തത്വം

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വം ഫെഡറലിസമാണ്. കേന്ദ്രത്തിനെന്ന പോലെ സംസ്ഥാനത്തിനും വ്യക്തമായ അധികാരങ്ങൾ ഭരണഘടനയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണഘടനാശില്പി ഡോ. അംബേദ്ക്കർ നടത്തിയ സുദീർഘ ചർച്ചകളുടെയും സംവാദങ്ങളുടെയും ഫലമായാണ് നമ്മുടെ ഭരണഘടന രൂപം പ്രാപിച്ചത്.
പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി- പട്ടികവർഗം, ആദിവാസികൾ, മത ന്യൂനപക്ഷങ്ങൾ തുടങ്ങി, സമൂഹത്തിലെ എല്ലാ മണ്ഡലങ്ങളിലും പെടുന്ന ഒരു വലിയ ജനവിഭാഗത്തിന്റെ അവകാശങ്ങൾ മാത്രമല്ല, ഇന്ത്യൻ പൗരന് തുല്യ അവകാശവും ഉറപ്പുനല്കുന്ന ഭരണഘടന രൂപമെടുക്കുമ്പോൾ ഇന്നത്തെ കേന്ദ്ര ഭരണാധികാരികൾ മനുവിന്റെ സിദ്ധാന്തം പിന്തുടർന്ന് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്ന പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു.


ഇന്ത്യയിലെ ജനങ്ങളാകെ ഒഴുകിയെത്തി സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി പടർന്ന നാളുകളിൽ ജീവത്യാഗം ചെയ്തവരുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും കിരാതമായ നരനായാട്ടിനെ ചെറുത്തുനിന്നവരുടെയും സ്മരണകൾ ഇരമ്പുന്ന ജാലിയൻവാലാ ബാഗിലും, ചൗരിചൗരാ സംഭവത്തിലും, ചമ്പാരൻ സമരത്തിലും ജീവൻ ബലിയർപ്പിച്ചവരുടെയും നിരകളിലൊന്നും കാണാത്തവരുടെ കൈകളിലാണ് നമ്മുടെ രാജ്യവും ഭരണഘടനയും അകപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാൻ കഴിയാത്തവർക്ക് സ്വാതന്ത്ര്യവും ഭരണഘടനയും സംരക്ഷിക്കേണ്ട ബാദ്ധ്യതയില്ല. അവർക്ക് അധികാരം മാത്രമാണ് ലക്ഷ്യം. അതിന്റെ ദുരന്തഫലങ്ങളുടെ തിരനോട്ടമാണ് ഇന്ന് രാജ്യം കാണുന്നത്.


ഈ പശ്ചാത്തലത്തിൽ വേണം, കേന്ദ്ര- സംസ്ഥാനങ്ങളുടെ ബന്ധം പരിശോധിക്കാൻ. നമ്മുടെ ഭരണഘടന രൂപം കൊള്ളുമ്പോൾ വിഭജനത്തിന്റെ കെടുതികളിൽപ്പെട്ട് രാജ്യം നട്ടംതിരിയുകയായിരുന്നു. 1935-ലെ ഇന്ത്യൻ ആക്ടിന്റെ ഭാഗമായിട്ടായിരുന്നു നിയന്ത്രണാതീതമായ അധികാരങ്ങൾ കേന്ദ്രത്തിന് അനുവദിച്ചുകൊണ്ടുള്ള ഭരണഘടനയ്ക്ക് രൂപം നല്കിയത്. കഴിഞ്ഞ 76 സംവത്സരങ്ങളുടെ അനുഭവങ്ങൾ പരിശോധിച്ചാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന ഭരണാധികാരികൾ സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ പോലും ചവിട്ടിമെതിക്കുന്ന സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത്.

മാറിയ ലോകവും

മാറേണ്ട നയവും


14 പ്രവിശ്യകളും 500 നാട്ടുരാജ്യങ്ങളും നിലവിലുണ്ടായിരുന്ന കാലത്ത് ശക്തമായ ഒരു കേന്ദ്രം ആവശ്യമായിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇന്ന് ജനങ്ങൾ കൂടുതൽ

ജനാധിപത്യബോധമുള്ളവരാണ്. കോളനി വാഴ്ചകൾ മാത്രമല്ല രാജവാഴ്ചയും അസ്തമിച്ചു. ഈ പുതിയ ലോക സാഹചര്യങ്ങളിൽ നമ്മുടെ ഭരണഘടന വിഭാനം ചെയ്യുന്ന ഫെഡറൽ സമ്പ്രദായം മുതൽ കരുത്താർജ്ജിക്കാനും ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണകൂടങ്ങൾക്ക് അർഹമായ അധികാരങ്ങൾ കൈമാറാനും കേന്ദ്രം സന്നദ്ധമാകണം.


കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് കെ. സന്താനം കമ്മിഷൻ സുപ്രധാനമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അനിയന്ത്രിതമായി കേന്ദ്രം അധികാരം കൈക്കലാക്കിവച്ചാൽ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥ ദുർബലപ്പെടുമെന്നാണ് സന്താനം കമ്മിഷന്റെ സമീപനം. ശൂന്യാകാശ ഗവേഷണം മുതൽ ഗ്രാമങ്ങളിലെ ശുചീകരണം വരെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലുമൊരു ഒറ്റ കേന്ദ്രത്തിൽ കുടുങ്ങിക്കിടന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് ഗുണമുണ്ടാകാനിടയില്ല. നമ്മുടെ രാജ്യത്ത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ വരാറുണ്ട്. തൽഫലമായി ജനങ്ങൾക്ക് കൂടുതൽ അനുഭവങ്ങളുണ്ടാവും. അവരുടെ ജനാധിപത്യ അവകാശങ്ങൾ വിവേചനപൂർവം വിനിയോഗിക്കാനും കഴിയും.

കേന്ദ്രം അനുക്രമമായി സ്വീകരിച്ചുവരുന്ന ചില ഭരണ പരിഷ്‌ക്കാരങ്ങൾ പ്രകാരം കൺകന്റ് ലിസ്റ്റിൽപ്പെടുന്ന കാര്യങ്ങൾ; പ്രത്യേകിച്ച്,​ ഫിനാൻസ് കമ്മിഷന്റെ രൂപീകരണവും വിതരണവും,​ കർക്കശമായ നിബന്ധനകളോടെ സംസ്ഥാനത്തെ അടിച്ചേല്പിക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ,​ കേന്ദ്രത്തിന്റെ അധികാരത്തിൽപ്പെടുന്ന ക്യാബിനറ്റ് രൂപീകരണത്തിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ... ഇതൊക്കെ എന്താണെന്നോ എങ്ങനെയാണെന്നോ ആർക്കും വ്യക്തമല്ല. അപ്രകാരം നിയോഗിക്കപ്പെടുന്ന കേന്ദ്ര മന്ത്രിമാർ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനു പകരം ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതും ഇന്ന് സാധാരണമാണ്.

സംസ്ഥാനങ്ങൾ

അടിമകളല്ല

സംസ്ഥാനങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള നിയമനിർമ്മാണത്തിനു പോലും കേന്ദ്രം സന്നദ്ധമാകുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലനില്ക്കുന്നത്. ഇത്തരം സമീപനങ്ങൾ നമ്മുടെ ഫെഡറൽ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുകയാണ് ഫലം. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് 1994- ൽ 'എസ്.ആർ.ബൊമ്മെ വെഴ്സസ്സ് യൂണിയൻ ഒഫ് ഇന്ത്യ" കേസിൽ സുപ്രീം കോടതിയുടെ വിധി ശ്രദ്ധേയമാണ്. 'ഫെഡറലിസം ഭരണഘടനയുടെ അഭിവാജ്യ ഘടകമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തികളല്ല; മറിച്ച് അവൻ സംസ്ഥാനത്തിന്റെ പരമാധികാരികളാണ്" എന്നതാണ് ഈ വിധി.


ഭരണഘടനയുടെ പരിമിതികൾ പുനരാലോചന നടത്താൻ സമയമായിരിക്കുന്നു. കേന്ദ്ര - സംസ്ഥാനങ്ങളുടെ ബന്ധം കൂടുതൽ ആരോഗ്യകരമാക്കാനും ഫെഡറൽ സമ്പ്രദായത്തെ ഫലവത്താക്കാനുമുള്ള ശ്രമങ്ങൾ നമ്മുടെ ഭരണഘടനയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റും. ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തി ശുപാർശകൾ സമർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ഫെഡറലിസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് തമിഴ്നാട് സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു.

സംസ്ഥാന ഗവർണർമാരുടെ ചുമതലകൾ,​ ഭാഷാപ്രശ്നങ്ങൾ,​ തിരഞ്ഞെടുപ്പ്, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, നികുതി നിരക്ക് തുടങ്ങിയ പ്രശ്നങ്ങളും സംസ്ഥാന സർക്കാരുകളുടെ നേർക്കുള്ള കേന്ദ്ര സമീപനവും പ്രസ്തുത റിപ്പോർട്ടിന്റെ പഠന വിഷയങ്ങളായിട്ടുണ്ട്. തമിഴ്നാട് സർക്കാർ തുടങ്ങിവച്ച പ്രസ്തുത വിഷയം അതീവ ഗുരുതരമായ ഒരു ദേശീയ പ്രശ്നമായി ഉയർന്നു വരേണ്ടതുണ്ട്. കേന്ദ്ര അവഗണന എന്ന നിലവിളികളല്ല നമുക്ക് ആവശ്യം. സൃഷ്ടിപരമായ നിർദ്ദേശങ്ങളും സമീപനങ്ങളുമായി ജനങ്ങളെ ബോധവൽക്കരിക്കാൻ സംസ്ഥാന ഭരണകൂടങ്ങൾ മുന്നോട്ടുവരണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.